മഴക്കാലത്ത് ഇലക്ട്രിക് കാറുകൾക്ക് വേണം കൂടുതൽ ശ്രദ്ധ! ഈ കാര്യങ്ങൾ ഓർത്തു വച്ചോളൂ

Mail This Article
മണ്‍സൂണ്‍ കാലത്ത് കാറുകള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വൈദ്യുതകാറുകളാണെങ്കില് പ്രത്യേകിച്ചും. വെള്ളം കയറാന്‍ പാടില്ലാത്ത നിരവധി ഭാഗങ്ങള്‍ വൈദ്യുത കാറുകളിലുണ്ട്. മഴക്കാലത്ത് ഇലക്ട്രിക്ക് കാറുകളുടെ ദീര്‍ഘായുസിന് എന്തൊക്കെ ചെയ്യണം? എന്തൊക്കെ ചെയ്യരുത്? ഭൂരിഭാഗം ഇവികളും പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്കുന്ന ഐപി67 റേറ്റഡ് സുരക്ഷ ഉള്ളവരാണെങ്കിലും അധിക കരുതല്‍ നല്ലതാണ്.
ബാറ്ററി: വൈദ്യുത വാഹനങ്ങളില്‍ ഏറ്റവും പ്രധാന ഭാഗം ബാറ്ററിയാണ്. ആ ബാറ്ററിയുടെ പ്രവര്‍ത്തനം താറുമാറാക്കാന്‍ വെള്ളത്തിന് സാധിക്കും. നിശ്ചിത ഇടവേളകളില്‍ ബാറ്ററിയില്‍ പരിശോധന നടത്തുന്നത് നല്ലതാണ്. ബാറ്ററി വെച്ചിരിക്കുന്ന ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള ഈര്‍പ്പം ശ്രദ്ധയില്‍ പെട്ടാല്‍ പോലും ശ്രദ്ധിക്കണം. ബാറ്ററി പാക്കിന്റെ പുറം ചട്ട സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പിക്കണം. എന്തെങ്കിലും തരത്തിലുള്ള കേടുപാടുകളോ ദ്രവിക്കലോ ശ്രദ്ധയില്‍പെട്ടാലും വിദഗ്ധ പരിശോധന നടത്താന്‍ മടിക്കരുത്. ബാറ്ററിയുടെ ആരോഗ്യമാണ് ഇവികളുടെ ആരോഗ്യം. അതുകൊണ്ടുതന്നെ പൊതുവിലുള്ള ബാറ്ററിയുടെ പ്രകടനം പരിശോധിക്കണം. അസാധാരണമായി എന്തു കണ്ടാലും സര്‍വീസ് സെന്ററുമായി ബന്ധപ്പെടുക.
ചാര്‍ജിങ്: ഇവികളിലെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് ചാര്‍ജിങാണ്. എത്ര ചാര്‍ജ് വാഹനത്തില്‍ ബാക്കിയുള്ളപ്പോള്‍ ചാര്‍ജ് ചെയ്യുന്നു. എത്ര സമയം, അളവ് ചാര്‍ജ് ചെയ്യുന്നു എന്നതെല്ലാം ബാറ്ററിയുടെ ആരോഗ്യത്തേയും ആയുസിനേയും നിര്‍ണയിക്കും. മഴക്കാലത്ത് ചാര്‍ജ് ചെയ്യുമ്പോള്‍ അധിക ശ്രദ്ധവേണം. ചാര്‍ജിങ് പോട്ടുകളില്‍ വെള്ളം ഇല്ലെന്ന് ഉറപ്പിക്കണം. സാധ്യമെങ്കില്‍ മേല്‍ക്കൂരയുള്ള സ്ഥലത്തു നിന്നും ചാര്‍ജ് ചെയ്യണം. ചാര്‍ജിങ് പ്ലഗിന് വാട്ടര്‍പ്രൂഫ് കവര്‍ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
അടിഭാഗം: മഴക്കാലത്ത് വാഹനത്തിന്റെ അടിഭാഗം തുടര്‍ച്ചയായി വെള്ളത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍ ഇടയുണ്ട്. ഇത് വാഹനത്തിന്റെ അടിഭാഗം ദ്രവിക്കാനുള്ള സാധ്യത കൂടിയാണ് വര്‍ധിപ്പിക്കുന്നത്. അടിഭാഗത്ത് ആന്റി റസ്റ്റ് കോട്ടിങ് അടിച്ചാല്‍ അധിക സുരക്ഷ ലഭിക്കും. വാഹനം കഴുകുമ്പോള്‍ അടിഭാഗം കൂടി കഴുകാന്‍ ശ്രദ്ധിക്കുക. ഇത് ചളിയും മണ്ണും പറ്റിപ്പിടിച്ച് വാഹനത്തിന്റെ ലോഹഭാഗങ്ങള്‍ തുരുമ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ടയറിന്റെ സംരക്ഷണം: മഴക്കാലത്തെ വഴുക്കലുള്ള റോഡുകളില്‍ അപകടം ഒഴിവാക്കാന്‍ മികച്ച ടയറുകള്‍ സഹായിക്കും. കൃത്യമായി ടയര്‍ പ്രഷര്‍ പരിശോധിക്കണം. ഇത് വാഹനത്തിന്റെ ഗ്രിപ്പും നിയന്ത്രണവും വര്‍ധിപ്പിക്കും. ഇവികള്‍ക്ക് ഭാരം കൂടുതലായതിനാല്‍ വേഗം ടയറുകള്‍ക്ക് തേയ്മാനം വരാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇവികള്‍ക്ക് അനുയോജ്യമായ ടയറുകള്‍ വരുന്നുണ്ടെങ്കിലും ടയറിന്റെ ത്രഡ് ആവശ്യത്തിനുണ്ടെന്ന് മഴക്കാലത്തിനു മുന്‍പേ ഉറപ്പുവരുത്തണം. ടയറുകള്‍ റൊട്ടേറ്റ് ചെയ്യാന്‍ സമയമായിട്ടുണ്ടെങ്കില്‍ അതും ചെയ്യണം.
ഇന്റീരിയര്‍: ഇവിയായാലും അല്ലെങ്കിലും കാറുകളുടെ ഉള്‍ഭാഗം വൃത്തിയോടെ വെക്കുകയെന്നത് മഴക്കാലത്ത് പ്രത്യേക വെല്ലുവിളിയാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും വെള്ളവും ചെളിയും വാഹനത്തിന് അകത്തെത്താനിടയുണ്ട്. വാട്ടര്‍പ്രൂഫ് മാറ്റുകള്‍ ഒരു പരിധിവരെ വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കും.
ആധുനിക ഇവികള്‍
പുതിയ കാലത്തെ ഇവികളില്‍ ഭൂരിഭാഗവും മഴക്കാലത്തെ പ്രതിസന്ധികളെ നേരിടാന്‍ തക്ക മികവോടെയാണ് വിപണിയിലെത്തുന്നത്. വില്പനക്കെത്തും മുന്‍പു തന്നെ നിര്‍മാതാക്കള്‍ തന്നെ പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തിയിട്ടുണ്ടാവും. ബാറ്ററി പാക്കുകള്‍ വാട്ടര്‍ പ്രൂഫായാണ് എത്തുന്നത്. അതുകൊണ്ടൊക്കെ എല്ലാ ദിവസവും അരിച്ചു പെറുക്കി വാഹനം പരിശോധിക്കേണ്ട കാര്യമില്ല. ഇനി നിങ്ങളുടെ സര്‍വീസ് സെന്റര്‍ പ്രത്യേക മണ്‍സൂണ്‍ ചെക്ക് അപ്പ് ക്യാമ്പ് വല്ലതും നടത്തുന്നുണ്ടെങ്കില്‍ ഒഴിവാക്കുകയും വേണ്ട.