കഫെ–3 വ്യവസ്ഥ; വാഹന നിർമാതാക്കൾക്കിടയിൽ ഭിന്നത

Mail This Article
മലിനീകരണ നിയന്ത്രണത്തിനു പുതിയ മാനദണ്ഡം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തുടർന്നു രാജ്യത്തെ വാഹന നിർമാതാക്കൾക്കിടയിൽ ഭിന്നത. ഇന്ധനക്ഷമത വർധിപ്പിക്കാനും കാർബൺ മലിനീകരണം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് 2027 ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന കോർപറേറ്റ് ആവറേജ് ഫ്യുവൽ എഫിഷ്യൻസി (കഫെ–3) മാനദണ്ഡത്തിന്റെ വ്യവസ്ഥകളാണു അഭിപ്രായ ഭിന്നത സൃഷ്ടിക്കുന്നത്.
‘കഫെ 3’ നിലവാര പ്രകാരം യാത്രാവാഹനങ്ങളുടെ കാർബൺ ഡയോക്സൈഡ് മലിനീകരണം കിലോമീറ്ററിന് 91.7 ഗ്രാമായി കുറയ്ക്കാനുള്ള സന്നദ്ധത രാജ്യത്തെ വാഹന നിർമാതാക്കളുടെ സംഘടനയായ ‘സിയാം’ 2024 ഡിസംബറിൽ കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ‘കഫെ 2’ നിലവാരപ്രകാരം കിലോമീറ്ററിന് 113 ഗ്രാം വരെ കാർബൺ ഡയോക്സൈഡ് മലിനീകരണം അനുവദനീയമായിരുന്ന സ്ഥാനത്താണിത്.
തുടർന്ന് ജൂൺ മധ്യത്തിൽ കാറുകളുടെ ഭാരം അടിസ്ഥാനമാക്കി വ്യത്യസ്ത മലിനീകരണ നിയന്ത്രണ നിലവാരം നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രാലയം ചർച്ച നടത്തിയതാണു നിർമാതാക്കൾക്കിടയിൽ ഭിന്നതയ്ക്കു വഴി വച്ചത്. 1000 കിലോഗ്രാം വരെ ഭാരമുള്ള കാറുകൾക്കും അതിനു മുകളിൽ ഭാരമുള്ള വാഹനങ്ങൾക്കും വ്യത്യസ്ത മാനദണ്ഡമെന്ന ആശയമാണു മന്ത്രാലയം മുന്നോട്ടുവച്ചത്.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ പ്രേരണയിലാണ് ഇത്തരത്തിൽ വ്യത്യസ്ത മലിനീകരണ നിയന്ത്രണ നിലവാരം നടപ്പാക്കാൻ നീക്കം നടന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. എന്നാൽ കഫെ 3 വ്യവസ്ഥ ചെറുകാറുകളിൽ അതേപടി പാലിച്ചാൽ വില കൂടുമെന്നും സാധാരണക്കാർക്ക് ചെറുകാറുകൾ വാങ്ങാൻ കഴിയില്ലെന്നുമാണ് മാരുതിയുടെയും മറ്റും നിലപാട്. 1,000 കിലോഗ്രാമിൽ താഴെ ഭാരം വരുന്ന പത്തോളം മോഡലുകൾ ചേർന്നാണു മാരുതി സുസുക്കിയുടെ മൊത്തം ആഭ്യന്തര വിൽപനയിൽ 65 ശതമാനത്തോളം നേടിയെടുക്കുന്നത്. റെനോ, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട, ഹ്യുണ്ടായ്, സിട്രോൺ, നിസാൻ തുടങ്ങിയ നിർമാതാക്കളും ഇത്തരം കാറുകൾ വിൽക്കുന്നുണ്ടെങ്കിലും ഇവരാരും ഭാരം അടിസ്ഥാനമാക്കിയുള്ള മലിനീകരണ നിയന്ത്രണ നിലവാരം എന്ന ആശയത്തെ അനുകൂലിക്കുന്നില്ല.
വാഹന ഭാരം അടിസ്ഥാനമാക്കി മലിനീകരണ നിയന്ത്രണ നിലവാരം നിർണയിക്കുക എന്ന അഭിപ്രായം ‘സിയാം’ നൽകിയിരുന്നില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കുന്നു.