35 കി.മീ മൈലേജ്, പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഹൈബ്രിഡ് ഹാച്ച്ബാക്ക്

Mail This Article
ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തി അക്വ ഹൈബ്രിഡ്. ജാപ്പിനീസ് വിപണയിലുള്ള ടൊയോട്ടയുടെ ചെറുഹാച്ച്ബാക്ക് പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ടൊയോട്ടയുടെ ഏറ്റവും ഇന്ധനക്ഷതയുള്ള ഹൈബ്രിഡ് കാറുകളിലൊന്നാണ് അക്വ.
ജപ്പാനിൽ അക്വ എന്ന േപരിലും അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും പ്രിയുസ് സി എന്ന പേരിലും അറിയപ്പെടുന്ന ഈ വാഹനം 2011 മുതൽ വിപണിയലുണ്ട്. ജപ്പാനിലൊഴിച്ച് ബാക്കി വിപണികളിൽ നിന്ന് പിൻവലിച്ച ഈ വാഹനത്തിന്റെ 2021 മോഡലാണ് ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടം നടത്തുന്നത്. ഇന്ത്യൻ വിപണിക്ക് പ്രായോഗികമാണോ എന്ന് പരീക്ഷിക്കുന്നതിന്റെ ഭാഗമായും പുതിയ ഹൈബ്രിഡ് പവർട്രെയിനിന്റെ സാധ്യതാ വിശകലനം നടത്തുന്നതിനായുമായിരിക്കാം അക്വയുടെ പരീക്ഷയോട്ടം ടൊയോട്ട നടത്തുന്നത് എന്നാണ് കരുതുന്നത്.
ലോകത്തിൽ ആദ്യമായി ബൈപോളാർ നിക്കൽ ഹൈഡ്രജൻ ബാറ്ററി ഉപയോഗിക്കുന്ന കാറാണ് അക്വ. മറ്റ് ഹൈബ്രിഡ് ബാറ്ററികളെക്കാളും ഒന്നര ഇരട്ടി ജീവിതചക്രം നൽകുന്ന ബാറ്ററിയാണ് ഇത് എന്ന ടൊയോട്ട അവകാശപ്പെടുന്നു. ടൊയോട്ടയുടെ ടിഎൻജിഎ–ബി പ്ലാറ്റ്ഫോമിൽ നിർമിച്ച വാഹനത്തിൽ 1.5 ലീറ്റർ പെട്രോൾ എൻജിനും ഡ്യുവൽ ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്നുണ്ട്. 116 ബിഎച്ച്പി കരുത്തുള്ള ഈ എൻജിൻ ലീറ്ററിന് 35.8 കിലോമീറ്റർ ഇന്ധനക്ഷമത നൽകും.