രണ്ടാം ലോകമഹായുദ്ധം കണ്ട ബൈക്ക് കേരളത്തിൽ, ഇന്ത്യയിൽ ഇതുപോലെ ഒന്നുമാത്രം!
Mail This Article
വർഷം 1943, രണ്ടാം ലോകമഹായുദ്ധം കത്തിപ്പടർന്ന കാലം. അക്കാലത്താണ് ബ്രിട്ടണിലെ മോട്ടർ സൈക്കിളിങ് എന്ന മാഗസിനിൽ ഒരു പരസ്യം പ്രത്യക്ഷപ്പെടുന്നത്. ‘ദ വാർ വർക്കേഴ്സ് ചോയ്സ്’ എന്ന വാചകത്തോടെയുള്ള ഒരു മോട്ടോർ സൈക്കിളിന്റെ പരസ്യമായിരുന്നത്. ബ്രിട്ടീഷ് സൈനികരെ ഭ്രമിപ്പിച്ച ആ പരസ്യത്തിലെ മോട്ടർ സൈക്കിളിന് തോക്കിന്റെ ഗന്ധവും ബുള്ളറ്റിന്റെ വേഗവുമുണ്ടായിരുന്നു - നോർമാൻ എം.കെ 9 ഡി അഥവാ നോർമാൻ ലൈറ്റ് വെയ്റ്റ്.

ലോകമഹായുദ്ധ കാലത്ത് യുദ്ധാവശ്യങ്ങൾക്കായി ബ്രിട്ടണിലെ കെന്റ് ആസ്ഥാനമാക്കിയുള്ള നോർമാൻ എന്ന കമ്പനിയിറക്കിയ ബൈക്കാണിത്. യുദ്ധകാലത്ത് ആയുധങ്ങൾ, ഭക്ഷണങ്ങൾ, മരുന്നുകൾ തുടങ്ങിയവ എത്തിക്കുന്നതിനും സൈനികർക്ക് സഞ്ചരിക്കുന്നതിനുമാണ് നോർമാൻ നിർമിച്ചിരുന്നത്. വെറും 56 കിലോയാണ് ആകെ ഭാരം, മണിക്കൂറിൽ 75 കിലോമീറ്റർ വേഗം, 125 സി.സി ടു സ്ട്രോക് വിത്ത് ട്വിൻ പോർട്ട്, വില്ലിയേഴ്സ് 9ഡി എൻജിൻ. ത്രീ സ്പീഡ് ഗിയർ, അതും സീറ്റിനോട് ചേർന്ന് കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന രീതീയിൽ. ഇതൽപം സാഹസികമായതിനാൽ നോർമാന്റെ ഗിയർ ഷിഫ്റ്റിനെ സുയിസൈഡ് ഷിഫ്റ്റ് എന്നും വിളിക്കാറുണ്ട്.

ലോകത്താകെ ഈ വാഹനം ഇന്ന് റണ്ണിങ് കണ്ടീഷനിലുള്ളത് വെറും 13 എണ്ണം മാത്രമാണ്. അതിൽ ഇന്ത്യയിലെ ഒരേയൊരു നോർമാൻ ലൈറ്റ് വെയ്റ്റ് റണ്ണിങ് മെഷീനുള്ളത് ഇങ്ങ് മാവേലിക്കരയിലും. കിരൺ എന്ന വാഹനപ്രേമിയായ പ്രവാസിയാണ് പൊന്നും വിലകൊടുത്ത് 1945 മോഡൽ നോർമാൻ ലൈറ്റ് വെയ്റ്റ് സ്വന്തമാക്കിയത്. പഴയ മദ്രാസ് രജിസ്ട്രേഷനിലുള്ള ഈ വാഹനം തിരുനെൽവേലിയിൽനിന്ന് ഒരു എറണാകുളം സ്വദേശിയുടെ കൈകളിലാണ് ആദ്യമെത്തിയത്. 10 വർഷം മുൻപ് അവിടെ നിന്നാണ് കിരൺ ഇവനെ തന്റെ ഗാരീജിലേക്കെത്തിക്കുന്നത്. ഈ നോർമാൻ ലൈറ്റ് വെയ്റ്റ് എങ്ങനെ ഇന്ത്യയിലെത്തി എന്നത് വ്യക്തമല്ല.

മധ്യതിരുവിതാംകൂറിലെ വിന്റേജ് വാഹനപ്രേമികളുടെ സംഘടനയായ ടീം റെയർ എൻജിനീയർഴ്സിന്റെ പ്രസിഡന്റാണ് കിരൺ. മോശം അവസ്ഥയിൽ കിട്ടിയ ഈ വണ്ടിയെ നന്നാക്കിയെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പക്ഷെ ലോകമഹായുദ്ധം കണ്ട ഈ പടക്കുതിരയുമായി പായണമെന്നത് കിരണിന്റെ അടങ്ങാത്ത മോഹമായി, അങ്ങനെ നോർമാൻ സ്വന്തമായുള്ളവരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ നോർമാൻ ഡേറ്റിങ് ക്ലബ്ബിൽ കിരൺ അംഗമായി. ഇംഗ്ലണ്ടിലെ കെന്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ക്ലബ്ബ് വഴി ലോകത്തിന്റെ പലഭാഗങ്ങളിലായുള്ള നോർമാൻ ലൈറ്റ് വെയ്റ്റ് റണ്ണിങ് മെഷീനുകളുടെ വിവരങ്ങൾ കിരൺ നേടി. അവരിൽ നിന്നും ശേഖരിച്ച വിവരങ്ങൽ പ്രകാരം സുഹൃത്തും മെക്കാനിക്കുമായ വിജേഷിന്റെ സഹായത്തോടെ കിരൺ ഈ വണ്ടിയെ റീസ്റ്റോർ ചെയ്തു. അങ്ങനെ രണ്ടാം ലോകമഹായുദ്ധ ഭൂമിയിൽ പാഞ്ഞ നോർമാൻ ഇങ്ങ് മാവേലിക്കരയിലെ നാട്ട് റോഡിലൂടെ പറപറന്നു.

സൈക്കിളിൽ നിന്നും മോട്ടർ സൈക്കിളിലേക്കുള്ള മാറ്റത്തിന്റെ പ്രതീകം കൂടിയാണ് നോർമാൻ ലൈറ്റ് വെയ്റ്റ്. സൈക്കിളിന്റെ പല സവിശേഷതകളും ഈ വണ്ടിയിൽ കാണാം. സൈക്കിൾ സ്റ്റാൻഡ് പോലെയുള്ള സ്റ്റാൻഡ്. മുന്നിലും പിന്നിലുമുള്ള ഹബ്ബുകളും സൈക്കിളിന് സമാനമാണ്. 19 ഇഞ്ചിന്റെ ടയറുകൾ, ഇന്നത്തെപോലെയുള്ള ഷോക്ക് അബ്സോർബർ നോർമാൻ ലൈറ്റ് വെയ്റ്റിനില്ല. സീറ്റിനൊപ്പമുള്ള സ്പ്രിങ് ആക്ഷനാണുള്ളത് . പഴയകാല എയർ ഹോണാണ് വണ്ടിയുടെ വരവറിയിക്കുന്നത്. രണ്ട് എക്സോസ്റ്റുമുണ്ട്. 6.6 ലീറ്ററാണ് ഇന്ധനശേഷി. ഇന്ധനത്തിനൊപ്പം നിശ്ചിത അളവിൽ ഓയിൽ കൂടി ചേർക്കണം. പഴയ ബുള്ളറ്റിലേതു പോലെ നോർമാനിലും ഡീകംപ്രഷനുണ്ട്. സ്റ്റാർട്ടും സ്റ്റോപ്പും ഡീകംപ്രഷൻ ചെയ്താണ്.
നോർമാനെ റീസ്റ്റോർ ചെയ്യാൻ നിരവധി നാളത്തെ കഠിന പ്രയത്നം കിരണിനും വിജേഷിനും വേണ്ടി വന്നു. ഇപ്പോൾ നൽകിയിരിക്കുന്ന മീറ്ററും,സീറ്റും ഹാൻഡ് മെയിഡായി നിർമ്മിച്ചതാണ്. എൻജിന്റെ ചില ഭാഗങ്ങളും ലെയിറ്റിൽ പണിതുണ്ടാക്കി. എം80യുടെ കാർബറേറ്ററാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഇന്റർനെറ്റിൽ പോലും ഈ വാഹനത്തെ സംബന്ധിച്ചുള്ള വിവരങ്ങൽ വളരെ പരിമിതമാണ്. നിരവധി അന്വേഷണങ്ങൾക്കൊടുവിലാണ് ഈ ബ്രിട്ടിഷ് പടയാളിയുടെ ചരിത്രം കിരൺ കണ്ടെത്തിയത്. പഴയ പ്രതാപം വീണ്ടെടുത്ത യുദ്ധകാലത്തെ ഈ വീരൻ ഇന്ന് കിരണിന്റെ ഗാരീജിൽ സുരക്ഷിതനാണ്.