ഈ ഇടുക്കിക്കാരൻ വീട്ടുമുറ്റത്തിട്ട് നിർമിച്ചു, ഫോർ വീൽ ഡ്രൈവ് ഇലക്ട്രിക് ജീപ്പ്
Mail This Article
കേരളത്തിന്റെ മലയോര മേഖലയിലുള്ളവരുടെ ഇഷ്ട വാഹനമാണ് ജീപ്പ്. മറ്റു വാഹനങ്ങളൊന്നും കയറാത്ത മലയും പുഴയും താണ്ടി ലക്ഷ്യ സ്ഥാനത്തേക്കെത്താൻ ജീപ്പിനോളം പോന്ന മറ്റൊരു വാഹനത്തെ ഹൈ റേഞ്ചിലുള്ളവർ സ്വീകരിച്ചിട്ടില്ല. പുത്തൻ കാലത്ത് ഒരുപാട് ഫോർ വീൽ ഡ്രൈവ് വാഹനങ്ങളും എസ്‌യുവികളും എത്തിയിട്ടുണ്ടെങ്കിലും കേരളത്തിലെ ഹൈറേഞ്ചിലെ കർഷകന്റെയും മുതലാളിയുടെയും മുറ്റത്ത് ഇന്നും ഒരു ജീപ്പുണ്ടാകും. 1940കളിൽ അമേരിക്കയില്‍ പിറവിയെടുത്ത ഈ വാഹനം മഹീന്ദ്രയിലൂടെ മേജറും കമാൻഡറുമായെല്ലാം നമുക്കിടയിലെത്തി. പിന്നീട് കമ്പനി ആ മോഡലുകളെ നിലനിർത്തിയില്ല. എന്നാൽ പഴയ മഹീന്ദ്ര മേജര്‍ ജീപ്പിന്റെ അതേ രൂപത്തിലും ഭാവത്തിലും ഒരു ഇലക്ട്രിക് ജീപ്പ് നിർമിച്ചിരിക്കുകയാണ്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി ബിനു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ ഇടുക്കിക്കാരൻ വീട്ടിലെ മേജര്‍ ജീപ്പിനെ മാതൃകയാക്കിയാണ് ഇലക്ട്രിക് ചെറുപതിപ്പ് നിർമിച്ചിരിക്കുന്നത്.

സാധാരണ ഒരു മഹീന്ദ്ര ജീപ്പിന്റെ ചെറുപതിപ്പ് എന്നതിലുപരി ഒരു വാഹനത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ബിനുവിന്റെ ജീപ്പിനുണ്ട് മാത്രമല്ല വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന 4 വീൽ ഡ്രൈവ് കൂടിയാണ് ഈ കുഞ്ഞൻ ഓഫ് റോഡർ. ഓണ്‍ലൈനായി വാങ്ങിയ 1200 വാട്സിന്റെ ബിഎൽഡിസി മോട്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇടുക്കിയിലെ മല നിരകൾ താണ്ടാനായി 4 വീൽ ഡ്രൈവും നൽകിയിട്ടുണ്ട്. സാധാരണ ഇലക്ട്രിക് വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി മാനുവൽ ട്രാൻസമിഷനും 4 സ്പീഡ് ഗിയർബോക്സും 4 വീൽ ഡ്രൈവ് ഷിഫ്റ്റും കൃത്യമായിത്തന്നെ ബിനു നിര്‍മിച്ചിട്ടുണ്ട്.12 വോൾട്ട് 60 എഎച്ചിന്റെ നാല് ബാറ്ററികളുടെ കരുത്തിലാണ് ഈ ഇലക്ട്രിക് വാഹനം ചലിക്കുന്നത്. ഫ്രണ്ട് വീലുകളിൽ ഡിസ്ക് ബ്രേക്കും റിയർ ഡ്രം ബ്രേക്കിന്റെയും സുരക്ഷയും ബിനു ഉറപ്പു വരുത്തിയിട്ടുണ്ട്.

സഹോദരിയുെട കുട്ടികള്‍ പറഞ്ഞതനുസരിച്ച് കുട്ടികൾക്കും വലിയവർക്കും ഓടിക്കാൻ കഴിയുന്ന ഒരു കുഞ്ഞൻ ജീപ്പ് നിർമിക്കുകയായിരുന്നു ലക്ഷ്യം. ആദ്യം ടാറ്റ എയിസിന്റെ വീൽ തിരഞ്ഞെടുത്ത് അതിന്റെ അനുപാതത്തിൽ ബാക്കിയുള്ള പാർട്സുകൾ നിർമിക്കുകയായിരുന്നു. മെറ്റൽ സ്ക്വയർ ട്യൂബുകൾ ഉപയോഗിച്ച് ഷാസി നിർമിച്ച് അതിലേക്ക് യോജിച്ച മറ്റു പാർടസുകൾ കണ്ടെത്തിയാണ് ഈ കുഞ്ഞൻ ജീപ്പിന്റെ പണി പൂർത്തിയാക്കിയത്. ടാറ്റാ എയിസിന്റെ വീലുകൾ, മാരുതി ഒമിനിയുടെ ഡിഫറൻഷ്യലും സ്റ്റിയറിങ് വീലും, ആർ എക്സ്100 ബൈക്കിന്റെ ഹെഡ് ലാംപുകൾ അങ്ങനെ മറ്റു പല വാഹനങ്ങളുടെയും പാട്സുകൾ ചേർത്താണ് ബിനു ഈ ഇലക്ട്രിക് ജീപ്പിന് രൂപം നൽകിയത്.

ഇടുക്കി വെള്ളത്തൂവലിൽ പെയിന്റിങ് വർക്‌ഷോപ്പ് നടത്തുകയാണ് ബിനു ഒരു വാഹനത്തിന്റെ നിർമാണ രീതിയോ എൻജിനീയറിങ് വിദ്യകളോ അറിയാതെയാണ് ഈ ചെറുപ്പക്കാരൻ ഇങ്ങനൊരു പരീക്ഷണത്തിലേക്കു കടന്നത്. വീടിന്റെ മുറ്റത്തിട്ടായിരുന്നു ജീപ്പിന്റെ ഷാസിയും ബോഡിയുമെല്ലാം നിർമിച്ചത്. നിർമ്മാണത്തിലെ എളുപ്പത്തിനായി 20 ഗേജിന്റെ തകിടാണ് ബോഡിക്കായി ഉപയോഗിച്ചിരിക്കുന്നത്. പഴയ മഹീന്ദ്ര ജീപ്പിന്റെ സെവൻ സ്ലോട്ടർ ഗ്രില്‍ ഉൾപ്പടെ രൂപത്തിലും ഭാവത്തിലും ഒരു മാറ്റവുമില്ലാതെ ഈ ഇലക്ട്രിക് വാഹനത്തിൽ കാണാം.

ബിനുവിന്റെ ഈ ഇവി റോഡിൽ ഓടിക്കാനുള്ള അനുവാദം ഇല്ലാത്തതുകൊണ്ട് പറമ്പുകളിലൂടെ മാത്രമാണ് യാത്ര. ഒറ്റ ചാർജിൽ 70 കിലോ മീറ്റർ വരെ റേഞ്ച് കിട്ടുന്ന വാഹത്തിൽ യാത്രയിൽ ചാർജാകാനുള്ള സജീകരണങ്ങളും നൽകിയിട്ടുണ്ട്. മുൻപിലും പിറകിലുമായി 7 ആളുകളെ വരെ കയറ്റി വാഹനം ഓടിച്ചിട്ടുണ്ടെന്നാണ് ബിനു പറയുന്നത്. ഒരു ജീപ്പിന്റെ കുഞ്ഞന്‍ മാതൃക എന്നതിലുപരി എല്ലാവരും ഇഷ്ടപ്പെടുന്ന ജീപ്പിനെ പ്രകൃതിക്കിണങ്ങുന്ന രീതിയിലേക്ക് മാറ്റി പുനർ സൃഷ്ടിക്കുകയാണ് ഈ ഇടുക്കിക്കാരൻ ചെയ്തത്.