46 ലക്ഷത്തിന്റെ ഫാൻസി നമ്പർ, 16 കോടിയുടെ റോൾസ് റോയ്സ്; ആരാണ് ഈ മലയാളി?

Mail This Article
‘‘ സ്പോർട്സ് കാറിൽ വന്നിറങ്ങുമ്പോൾ ആളുകൾ കാറിന്റെ ഭംഗിയും എൻജിന്റെ മികവും ചർച്ച ചെയ്യും. റോൾസ് റോയ്സിൽ വന്നിറങ്ങുമ്പോൾ കാഴ്ചക്കാർ വണ്ടിയോടിച്ച ആളെ ആദരവോടെ നോക്കും ’’– ഇത്തരം കാർ സൂക്തങ്ങൾക്കൊന്നും വേണു ഗോപാലകൃഷ്ണന്റെ ജീവിതത്തിൽ പ്രസക്തിയില്ല. കാറിനായി 46 ലക്ഷം രൂപ കൊടുത്ത് ഇഷ്ട റജിസ്ട്രേഷൻ നമ്പർ ലേലത്തിൽ പിടിച്ച ഐടി വ്യവസായി,16 കോടി മുടക്കി റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് ഇന്ത്യയിൽ ആദ്യം വാങ്ങിയ ആൾ തുടങ്ങിയ വാഴ്ത്തുകളിലൊന്നും വീഴാതെ വേണു ഒഴിഞ്ഞു നടക്കുന്നു. ഗട്ടറിൽ വീഴാതെ വണ്ടി ഓടിക്കുന്ന അതേ ലാഘവത്തോടെ. കൊച്ചി കാക്കനാട് തുതിയൂരിൽ ഇലകളും പൂക്കളും നാട്ടുമാവിൻ തണലും പടർന്നു കിടക്കുന്ന വേണുവിന്റെ വില്ലയിലെ പോർച്ചിൽ ബെൻസിന്റെ ജി വാഗണും റോൾസ് റോയ്സും സന്ദർശകർക്കു സെൽഫിയെടുക്കാൻ പാകത്തിന് ചിറകൊതുക്കി ഉറങ്ങുന്നു. തൊട്ടടുത്ത വില്ലയിലെ ഒഴിഞ്ഞ പോർച്ചിലാണ് ലംബോർഗിനി സ്റ്റെറാറ്റോയും 6.60 കോടിയൂടെ ഉറൂസും കിടക്കുന്നത്.

ബിഎംഡബ്ല്യു എക്സ് 7, പോർഷെ 911 സ്പോർട്സ് കാർ തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന നിരകൾക്ക് ഒരുമിച്ചു കിടക്കാൻ വേണുവിന്റെ പുതിയ വീടിന്റെ പണിതീരണം. കാക്കനാട് ഇൻഫോപാർക്കിലെ ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൽറ്റിങ് കമ്പനി എം.ഡി.വേണു ഗോപാലകൃഷ്ണൻ എന്ന കരുനാഗപ്പള്ളിക്കാരനെ യുവാക്കൾ സേർച് ചെയ്തതു ലോകത്തെ മികച്ച ആഡംബരക്കാറുകൾ കാക്കനാടൻ കുന്നിലേക്കു ഓടിച്ചു കൊണ്ടു വന്നപ്പോഴാണ്.എന്നാൽ 450 കോടി വിറ്റുവരവും 1000 ജീവനക്കാരുമുള്ള കമ്പനിയുടെ വളർച്ചയിൽ നിന്നാണ് വേണു ഈ കാറുകളുടെയെല്ലാം മുൻ സീറ്റിലേക്കു കയറിയിരുന്നത്. 2.50 കോടിയോളം രൂപയാണ് റോൾസ് റോയ്സിന് നികുതിയിനത്തിൽ മാത്രം നൽകിയത്. ആ വലിയ വളർച്ചയിലേക്കു വേണുവെത്തിയത് വളവും തിരിവുമുള്ള ജീവിതത്തിന്റെ ഒരു പാട് ഹെയർപിൻ റോഡുകൾ പിന്നിട്ടാണ്.

‘‘ ഉറൂസിന് കെഎൽ 07 ഡിജി 007 നമ്പർ ലേലത്തിൽ വിളിക്കുന്ന ദിവസം ഞാൻ ന്യൂസീലൻഡിലായിരുന്നു. കമ്പനിയുടെ ഫിനാൻസ് വിഭാഗത്തിൽ 7–8 ലക്ഷത്തിന് കിട്ടിയാൽ പിടിക്കണം എന്ന് പറഞ്ഞ് ഏൽപ്പിച്ചിരുന്നു. പിന്നീടു നെറ്റ്‌വർക്ക് കിട്ടുമ്പോൾ ലേലം 18 ലക്ഷത്തിലെത്തി. ഒപ്പം വിളിക്കുന്നയാൾ ഓരോ മിനിറ്റിലും കൂട്ടുകയാണ്. എന്നാൽ പിന്നെ നമുക്കു പിടിക്കാം എന്നു മാത്രം പറഞ്ഞു. റേഞ്ച് കിട്ടിയപ്പോഴാണറിഞ്ഞത് 46 ലക്ഷം രൂപയ്ക്കു പിടിച്ചെന്ന്. ഇന്ത്യയിലെ ഏറ്റവും വലിയ നമ്പർ ലേലമാണിതെന്ന് പിന്നീടാണറിഞ്ഞത് .’’– വേണു പറഞ്ഞു.
‘‘ ബൈക്ക് യാത്രകളാണ് കൂടുതൽ എൻജോയ് ചെയ്തിട്ടുള്ളത്. ബൈക്കിൽ സോളോ ട്രിപ് പോകാറില്ല. ഞങ്ങൾ 5 പേരുള്ള ഒരു ഗ്രൂപ്പുണ്ട്. അങ്ങനെയാണ് ലഡാക്കിലും മറ്റും പോയത്. ബൈക്ക് ഓടിക്കുമ്പോൾ കൂടുതൽ ചെറുപ്പമാകും. പ്രകൃതിയെ തൊട്ടറിയും.’’–മുടിയിഴകൾ പിന്നിലോട്ടു പാറിച്ച ബൈക്ക് യാത്രകളെ ഓർത്തു വേണു തിരികെ നടന്നു. ബിഎംഡബ്ല്യു എം 1000 എക്സ് ആർ ആണ് വേണുവിന്റെ സൂപ്പർബൈക്ക് ശേഖരത്തിലെ പ്രമുഖൻ.
ബെംഗളൂരുവിലെഐടി കാലം
കരുനാഗപ്പള്ളി വൃന്ദാവനിൽ ഗോപാലകൃഷ്ണന്റെയും പ്രസന്നയുടെയും മകനാണ് വേണു. ഡിഗ്രി കഴിഞ്ഞു ബെംഗളൂരുവിൽനിന്നു എംസിഎ പാസായി ഐടി മേഖലയിൽ ഡവലപ്പറായാണ് തുടങ്ങിയത്. 2001ൽ വാർഷിക ശമ്പളം 1 ലക്ഷം മാത്രമായിരുന്ന വേണു തൊട്ടടുത്ത വർഷം 6 ഇരട്ടി ശമ്പളം കൂട്ടി ചോദിച്ചു. കമ്പനി അതു കൊടുത്തു. വേണുവിന് അന്നും ഇന്നും ജീവിതത്തിൽ പറയാനുള്ള ഒരു സന്ദേശമുണ്ട്– ‘അറിവിനാണ് വില.അതിനെ മതിക്കണം’. ജോലി ചെയ്ത കമ്പനിക്കും അതു മനസ്സിലായി.

2005 ലാണ് ബിസിനസ് മോഹങ്ങൾ വട്ടം ചുറ്റുന്നത്. കാന്തല്ലൂരിൽ 25 ഏക്കർ സ്ഥലം വാങ്ങി റിസോർട്ട് തുടങ്ങാനായിരുന്നു പ്ലാൻ. ബാങ്കിനു വിശദമായ പ്രോജക്ട് കൊടുത്ത് അനുമതിയും വാങ്ങി. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴുള്ള മൂന്നാർ ദൗത്യത്തിന്റെ അലകൾക്കിടെ കാന്തല്ലൂർ പ്രോജക്ട് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പുതുതായി ബിസിനസിൽ ഇറങ്ങുന്നവർക്ക് വേണു നൽകുന്ന ഉപദേശം കൃത്യമായ ഫിനാൻസ് പ്ലാനിങ് വേണമെന്നതാണ്. കാഷ് ഫ്ലോയെക്കുറിച്ചുള്ള ധാരണയും ഫിനാൻസ് പ്ലാനിങ്ങുമാണ് ആദ്യം വേണ്ടത്.
വലിയ രാജ്യത്തെ മന്ത്രിയാകുന്നതിലും നല്ലത് ചെറിയ രാജ്യത്തെ രാജാവാണെന്ന തിരിച്ചറിവിലാണ് 2009ൽ ലിറ്റ്മസ് 7 ഐടി കമ്പനി തുടങ്ങുന്നത്. കാക്കനാട് മാവേലിപുരത്തെ ‘കിച്ചൻ സ്പേസിൽ ’ നിന്ന് ഇൻഫോ പാർക്കിനു സമീപത്തെ വലിയ ഓഫിസിലേക്കുള്ള മാറ്റത്തിന് കാലികമായ സ്പന്ദനങ്ങളും സാക്ഷി. കൂടെ ജീവിതത്തിൽ കട്ടയ്ക്കു നിന്ന കുറച്ചു സുഹൃത്തുക്കളും.വേണു സോൾ ഫ്രണ്ട് എന്നു വിളിക്കുന്ന ഷിൽജോയാണ് ലിറ്റ്മസിന്റെ എല്ലാ പുതിയ ഓഫിസുകളും ഉദ്ഘാടനം ചെയ്യുന്നത്. വിപ്രോയിൽ ജോലി ചെയ്ത പരിചയ സമ്പത്തിലാണ് വാൾമാർട്ടിന് വേണ്ടി പ്രോജക്ടുകൾ ചെയ്തത്. റീട്ടെയ്ൽ ഡിജിറ്റൽ സ്പെയ്സിലായിരുന്നു കമ്പനിയുടെ കരുത്ത്. അമേരിക്ക, കാനഡ, ഗൾഫ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ലിറ്റ്മസിന് ഓഫിസുകളായി. റീട്ടെയ്‌ൽ കൂടുതൽ വളർന്നതു ഡിജിറ്റൽ സ്പേസിലായതോടെ ലിറ്റ്മസും മിന്നി.
നാടിന് സ്വന്തം എഐ അദ്വൈത്
റീട്ടെയ്ൽ ബിസിനസിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് വേണുവിന്റെ നിരീക്ഷണം –‘‘ മനുഷ്യന്റെ തലച്ചോറിനോളം പവറുള്ള ഒന്നും ലോകത്തില്ല.പിന്നെ വേണ്ടത് തിങ്ക് ചെയ്യുന്ന മെഷീനാണ്. ഇമോഷൻസ് കൂടി പങ്കുവയ്ക്കാനുള്ള മെഷീൻ. ലോകത്തെ ഏറ്റവും ജനകീയമായ കണ്ടുപിടുത്തമായിരുന്നു ഇന്റർനെറ്റ്. അതു ജനങ്ങളെ ഒരു പോലെ കണ്ടു. എഐ വരുമ്പോൾ ഡിജിറ്റൽ ഡിവൈഡ് കൂടുകയാണ്. അതിനു പരിഹാരമായി അദ്വൈത് എന്ന ഇന്ത്യൻ എഐ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. വലിയൊരു ടീം പിന്നിലുണ്ട്. കേന്ദ്രമന്ത്രി തലത്തിൽ വിശദാംശങ്ങൾ സമർപ്പിച്ചപ്പോൾ തന്നെ അവരും കാര്യങ്ങൾ പോസിറ്റിവായെടുത്തു. ചർച്ചകൾ മുന്നോട്ടാണ്. കൂടുതൽ ഡെമോക്രാറ്റിക് ആയ സ്പേസാണിത് ’’–വേണുവിന്റെ വാക്കുകളിൽ പുതിയ മാറ്റത്തിന്റെ പ്രത്യാശ.
പോർഷെ ജിടി 3യും മക്‌ലാരൻ 750 എസും ഈ നിരയിലേക്കു ചേർക്കണമെന്നു വേണു ആഗ്രഹിക്കുന്നു. ഇപ്പോൾ വേണുവിന്റെ മനസ്സ് ആകാശത്താണ്. എയർബസ് എച്ച് –130 യുടെ 7 സീറ്റർ ഹെലികോപ്റ്റർ ന്യൂസീലൻഡിൽ നിന്ന് വാങ്ങിയ വേണു പുതിയൊരു ജെറ്റ് ക്ലബ് തുടങ്ങുകയാണ്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥ് ഉൾപ്പെടെയുള്ളവരാണ് ഉപദേശകർ.
‘‘ സമയത്തിന് വിലയുള്ളവർ ഇപ്പോൾ വിമാനത്താവളങ്ങളിൽ ചെറിയൊരു യാത്രയ്ക്കു പോലും എത്രയോ സമയമാണ് കളയുന്നത്. ജെറ്റ് ക്ലബ്ബിൽ അംഗങ്ങളായാൽ ബിസിനസ് ഗ്രൂപ്പിന് കൂടുതൽ മികച്ച സർവീസ് കിട്ടും. ജെറ്റ് എന്ന ചുരുക്കെഴുത്തിനെ വിപുലീകരിച്ച് ‘ ജൂലിയറ്റ് എക്കോ ടാംഗോ ’ എന്നാണ് കമ്പനിയുടെ പേര്. പൈലറ്റും കൺട്രോൾ ടവറുമായി കമ്യൂണിക്കേറ്റ് ചെയ്യുന്ന ഭാഷയിൽ നിന്നാണ് ഈ പേര് കണ്ടെടുത്തത്. ഐടി കമ്പനിക്കു ലിറ്റ്മസ് എന്ന രസതന്ത്രത്തിൽനിന്നുള്ള പേരിട്ടതുപോലെ ഒരു കൗതുകം. തുടക്കത്തിൽ ദക്ഷിണേന്ത്യൻ നഗരങ്ങളെ കണക്ട് ചെയ്യും. സിയാലുമായും ചർച്ചകൾ നടത്തിയിരുന്നു. ’’– വേണു സ്വപ്നങ്ങളുടെ ചിറകുവിടർത്തി. ലിറ്റ്മസിൽ തന്നെ ജോലി ചെയ്യുന്ന ഭാര്യ നികിതയും കടുത്ത കാർ പ്രേമിയായ മകൻ ചോയ്സ് സ്കൂൾ വിദ്യാർഥി കാളിചരണും ഈ യാത്രയിൽ വേണുവിന്റെ സഹയാത്രികരാണ്.
‘ഇമേജ് ഈസ് എവരിതിങ് ’ – ടെന്നിസ് താരം ആന്ദ്രെ ആഗസി ആദ്യം ചെയ്ത പരസ്യ ക്യാംപെയ്ന്റെ പഞ്ച് ലൈൻ ഇങ്ങനെയായിരുന്നു. അതിൽ കുറച്ചു കാര്യമുണ്ടെന്നു വേണുവും പറയും. വലിയ വേഷവിധാനങ്ങളില്ലാതെ വള്ളിച്ചെരിപ്പിട്ട് ആദ്യമായി ആഡംബര കാർ വാങ്ങാൻ പോയ തന്നെയും കൂട്ടുകാരെയും ഷോറൂമിലുള്ളവർ മൈൻഡ് ചെയ്യാത്ത കഥയും വേണുവിന്റെ ഓർമയിലുണ്ട്. സൂപ്പർകാറുകൾ സ്വന്തമാക്കുമ്പോൾ ലോകം കീഴടക്കിയ ആഹ്ലാദമൊന്നും വേണുവിനില്ല. ഓരോ വലിയ കാറും വാങ്ങുമ്പോൾ കലക്ടബിളായ ഒരു എൻജിനെ കൂടി സ്വന്തമാക്കുന്നു എന്ന മനോഭാവമാണ് നയിക്കുന്നത്. ശേഷിയുള്ള കാറുകൾ സ്വന്തമാക്കുമ്പോൾ ബ്രാൻഡിനും മോഡലിനുമപ്പുറം കരുത്തിനോടൊരു കാതലായ കരുതൽ.