ADVERTISEMENT

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെല്ലാം അത്യാവശ്യം വേണ്ട കഴിവാണ് ഉള്ള സ്ഥലത്ത് വൃത്തിയില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുകയെന്നത്. പ്രത്യേകിച്ചും തിരക്കേറിയ നഗരങ്ങളിലും ഇടുങ്ങിയ വഴികളിലുമെല്ലാം ഈ ഡ്രൈവിങ് മികവ് അനാവശ്യ പ്രതിസന്ധികളെ ഒഴിവാക്കും. വാഹനം ശരിയാംവിധം പാര്‍ക്കു ചെയ്യുകയെന്നത് ആര്‍ക്കും ആര്‍ജിച്ചെടുക്കാവുന്ന കഴിവാണ്. ഇതിന് ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു മാത്രം.

ഓടിക്കുന്ന വാഹനത്തിന്റെ വലിപ്പത്തെക്കുറിച്ച് ഡ്രൈവ് ചെയ്യുന്നയാള്‍ക്ക് വ്യക്തമായ ധാരണ വേണം. വാഹനത്തിന്റെ നീളത്തേയും വീതിയേയും കുറിച്ച് അറിവു വേണം. ഒരു എസ് യു വി പാര്‍ക്കു ചെയ്യാന്‍ വേണ്ട സ്ഥലം ചെറു കാറുകള്‍ പാര്‍ക്കു ചെയ്യാന്‍ വേണ്ടി വരാറില്ല. അനുയോജ്യമായ പാര്‍ക്കിങ് സ്ഥലം തിരഞ്ഞെടുക്കാന്‍ സ്വന്തം കാറിന്റെ വലിപ്പം മനസിലാക്കി വക്കുന്നത് ഗുണം ചെയ്യും.

ആധുനിക വാഹനങ്ങളില്‍ പാര്‍ക്കിങ് സെന്‍സറുകളും ക്യാമറകളും അടക്കമുള്ള സൗകര്യങ്ങളുണ്ട്. വളരെയെളുപ്പം അപകടരഹിതമായി വാഹനം പാര്‍ക്കു ചെയ്യാന്‍ ഇത് സഹായിക്കും. ഇത്തരം സൗകര്യങ്ങളെക്കുറിച്ചും ഇവ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാവണമെന്നു മാത്രം. ശബ്ദ സന്ദേശങ്ങളും വിഷ്വല്‍ ഡിസ്‌പ്ലേയിലെ കാഴ്ച്ചകളും അനുസരിച്ച് ഒന്നു ശ്രദ്ധിച്ചാല്‍ എളുപ്പത്തില്‍ പാര്‍ക്കിങ് ചെയ്യാനുമാവും.

നേരെ വാഹനം മുന്നോട്ടോ പിന്നോട്ടോ പാര്‍ക്കു ചെയ്യാന്‍ ഭൂരിഭാഗത്തിനും ബുദ്ധിമുട്ടുണ്ടാവില്ല. അതേസമയം പാരലല്‍ പാര്‍ക്കിങ്ങിന്റെ കാര്യത്തിലാണ് പലരും പെട്ടുപോവുക. നിങ്ങളുടെ വാഹനം ഇടാന്‍ തക്ക സ്ഥലം ഉണ്ടോ എന്നതാണ് ആദ്യം പാരലല്‍ പാര്‍ക്കിങ്ങിന് ശ്രമിക്കുമ്പോള്‍ നോക്കേണ്ടത്. പാര്‍ക്കു ചെയ്യേണ്ട സ്ഥലത്തിന്റെ മുന്നിലെ വാഹനത്തിന്റെ പിന്നിലെ ബംപറും നിങ്ങളുടെ കാറിന്റെ പിന്‍ബംപറും നേര്‍രേഖയില്‍ എത്തിയെന്ന് ഉറപ്പിക്കണം. നിരയായി കിടക്കുന്ന കാറുകളില്‍ നിന്നും കുറഞ്ഞത് രണ്ട് അടിയോളം അകലത്തിലായിരിക്കണം നിങ്ങളുടെ കാര്‍ ഉണ്ടാവേണ്ടത്.

വലതുവശത്തേക്ക് സ്റ്റിയറിങ് പൂര്‍ണമായും ഒടിച്ച ശേഷം വാഹനം പിന്നിലേക്കെടുക്കുക. നിങ്ങളുടെ വാഹനത്തിന്റെ ഇടത്തേ മിററില്‍ പിന്നിലെ കാറിന്റെ നമ്പര്‍ പ്ലേറ്റ് കാണുന്നതു വരെ വാഹനം പിന്നോട്ടെടുക്കാം. ഇതോടെ സ്റ്റിയറിങ് നേരെയാക്കി വീണ്ടും പിന്നിലേക്കെടുക്കുക. നിങ്ങളുടെ കാറിന്റെ ഫ്രണ്ട് ബംപര്‍ മുന്നിലെ കാറിന്റെ പിന്നിലെ ബംപര്‍ കടന്നുവെന്ന് ഉറപ്പിക്കണം. ഇതിനുശേഷം സ്റ്റിയറിങ് ഇടത്തേക്ക് മുഴുവനായും തിരിച്ച ശേഷം വീണ്ടും പിന്നിലേക്കെടുക്കുക. കൃത്യം പൊസിഷനിലെത്തിക്കഴിഞ്ഞാല്‍ സ്റ്റിയറിങ് നേരെയാക്കി ആവശ്യത്തിന് മുന്നിലേക്കോ പിന്നിലേക്കോ എടുത്താല്‍ മതി.

ആദ്യമൊക്കെ ആശയക്കുഴപ്പം വരുമെങ്കിലും പരിശീലിച്ചു കഴിഞ്ഞാല്‍ ചെറിയ സ്ഥലത്തു പോലും എളുപ്പം പാര്‍ക്കു ചെയ്യാന്‍ നിങ്ങള്‍ക്കും സാധിക്കും. ഇത്തരം ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്കു ചെയ്യേണ്ടി വരുമ്പോള്‍ ക്ഷമയോടെ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ തിടുക്കം കൂടുതല്‍ അപകടത്തിലേക്കായിരിക്കും നയിക്കുക. ആവശ്യത്തിന് സമയമെടുത്ത് സൈഡ് മിററുകളൊക്കെ കൃത്യമല്ലേയെന്ന് ഉറപ്പിച്ച് ബ്ലൈന്‍ഡ് സ്‌പോട്ട് കൂടി ശ്രദ്ധിച്ച ശേഷം മാത്രമേ പാര്‍ക്കിങിനു ശ്രമിക്കാവൂ.

English Summary:

Parking Made Easy: Tips and Tricks for Every Driver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com