ADVERTISEMENT

ജൂൺ എന്ന പോമറേനിയൻ നായ ആദ്യമായാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത്. അതും മീൻ കയറ്റുന്ന പെട്ടി ഓട്ടോറിക്ഷയിൽ. ജനിച്ചപ്പോൾ മുതൽ അവന്റെ യാത്ര കാറിന്റെ ബാക്ക് സീറ്റിലായിരുന്നു. അർധരാത്രിയിൽ സീപോർട്ട് – എയർപോർട്ട് റോഡിലൂടെ നല്ല സ്പീഡിലാണ് ആ ഓട്ടോ ഓടിക്കൊണ്ടിരുന്നത്.  ചട്ടിയിൽ ചൂടുമണലിനൊപ്പമിട്ട് വറുക്കുമ്പോൾ കടലമണിക്കു സംഭവിക്കുന്നതുപോലെ ആ നായ ഓട്ടോയുടെ പ്ളാറ്റ്ഫോമിൽ നിന്ന് മുകളിലേക്കും താഴേക്കും തെറിച്ചു കൊണ്ടിരുന്നു. അസഹനീയമായിരുന്നു ആ യാത്ര. ചുറ്റുമുള്ള മീൻ മണം കാറ്റുമായി കലരുമ്പോഴുള്ള സുഖം മാത്രമായിരുന്നു ഏക ആശ്വാസം. ജൂൺ ഓട്ടോയുടെ ക്യാബിന്റെ പിന്നിലെ ചെറിയ കിളിവാതിലിലേക്കു തലയിട്ട് ഓട്ടോഡ്രൈവറെ വിളിച്ചു... ഡേയ്.

ഓട്ടോഡ്രൈവർ ജയചന്ദ്രനെ അവന് എത്രയോ കാലമായി അറിയാം. അവന്റെ ഉടമസ്ഥന്റെ വീടിന്റെ അയൽക്കാരനാണ് അയാൾ. ഉടമസ്ഥന്റെ സഹായിയായും സഹായം തേടിയും ഇടയ്ക്കിടെ വരാറുണ്ട്. ജൂൺ താമസിക്കുന്ന കൂട് കഴുകി വൃത്തിയാക്കാനൊക്കെ വരാറുള്ളത് ഇയാളാണ്. 

ജയചന്ദ്രൻ തിരിഞ്ഞു നോക്കി. ഡ്രൈവിങ് സീറ്റിനു തൊട്ടുപിന്നിലെ ചെറിയ ചതുരത്തിനുള്ളിൽ വെളുത്ത രോമങ്ങളുള്ള നായയുടെ സുന്ദരമായ മുഖം. ഫെയ്സ്ബുക്കിലിടാ‍ൻ പറ്റിയ ഫ്രെയിം! അയാൾ ഓട്ടോ നിർത്തി ഫോണെടുത്ത് ഒരു ചിത്രമെടുത്തു.  അപക്വവും സന്ദർഭത്തിനു ചേരാത്തതുമായ ആ പ്രതികരണം ജൂണിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.

ജൂൺ ചോദിച്ചു... എങ്ങോട്ടാണ് നമ്മുടെ യാത്ര? ജയചന്ദ്രൻ പറഞ്ഞു... അങ്കമാലിക്ക്. അവിടെ നല്ല പോർക് ചാപ്സ് കിട്ടും. അതു നിനക്കു വാങ്ങിത്തരാൻ വക്കീൽ സാർ പറഞ്ഞിട്ടുണ്ട്. 

താൻ പറയുന്ന കള്ളം എനിക്കു മനസ്സിലാകുന്നില്ലെന്നു കരുതരുത്. ഞാൻ പോർക്ക് കഴിക്കാറില്ലെന്ന് സാറിന് അറിയാം. ഞങ്ങൾ നായ്ക്കൾ കള്ളത്തരം മണത്തു പിടിക്കാൻ സിദ്ധിയുള്ളവരാണ്.

ജയചന്ദ്രൻ പറഞ്ഞു... എങ്കിൽ സത്യം പറഞ്ഞേക്കാം.  നിന്നെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാൻ തന്നുവിട്ടതാണ്. അത്രവേഗം മുറിച്ചു കളയാവുന്നതാണോ ഒരു വളർത്തുനായയും അതിന്റെ ഉടമസ്ഥനുമായുള്ള ബന്ധം എന്ന് ജൂണിനു സംശയം തോന്നി. അവൻ ചോദിച്ചു... എന്നെ ഇങ്ങനെ കളയാനുള്ള ഐഡിയ തന്റേതാണോ?

അല്ല, വക്കീൽ സാറിന്റെ ഭാര്യ ഷൈനിക്കൊച്ചമ്മയുടേതാണ്. വിഷം കൊടുത്തു കൊല്ലാനായിരുന്നു സാറിന്റെ പ്ളാൻ.

അവനു സങ്കടം തോന്നി. അവൻ അതു പുറത്തു കാണിക്കാതെ പറഞ്ഞു...  അൽപം സ്പീഡ് കുറച്ച് ഓടിച്ചു കൂടേ ജയചന്ദ്രാ തനിക്ക്. എത്ര വിരസമാണ് ഓട്ടോയിലെ യാത്രകൾ!

സാധാരണക്കാരുടെ ദേശീയ വാഹനമാണ് ഓട്ടോറിക്ഷ. അവയോടുള്ള പുച്ഛം നീ കാറിൽ മാത്രം യാത്ര ചെയ്തിരുന്നതു കൊണ്ടു തോന്നുന്നതാണ്.

‌ജൂൺ ചിന്താകുലനായിപ്പറഞ്ഞു... അല്ല ജയചന്ദ്രാ, ഒരു നായ ഏറ്റവും അധികം സ്വയം തെറ്റിദ്ധരിക്കുന്നതും തെറ്റിദ്ധരിക്കപ്പെടുന്നതും ഉടമസ്ഥന്റെ ഒപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ്. അയാളുടെ ഭാര്യയുടെ മടിയിലോ മക്കളുടെ ഒപ്പമോ ആയിരിക്കും നായയുടെ സ്ഥാനം. റോഡിലുള്ളവരെല്ലാം കാറിലെ മനുഷ്യരെക്കാളധികം നായയെ ശ്രദ്ധിക്കും. നായ സ്വയം മറക്കും. യഥാർഥത്തിൽ ഡാഷ് ബോർഡിനു മുകളിൽ തൂങ്ങിയാടുന്ന ജീവനില്ലാത്ത ചെറിയ പാവകൾ, പിന്നിൽ കിടക്കുന്ന കടിക്കാത്ത പുലി, ഇവ പോലെ ഒരു അലങ്കാര വസ്തു മാത്രമാണ് കാറുടമയ്ക്ക് നായ !

ഓട്ടോഡ്രൈവർ ചോദിച്ചു... ഈ തിരിച്ചറിവ് എപ്പോഴാണ് നിനക്കുണ്ടായത് ? മറൈൻ ഡ്രൈവിൽ വച്ച് കഴിഞ്ഞ പുതുവർഷ ദിനത്തിൽ! അന്നൊരു ചെറുപ്പക്കാരനെ ഞാൻ കടിച്ചു. 

ജൂൺ ആ സംഭവം വിവരിച്ചു. വക്കീൽ സാറിനും ഭാര്യയ്ക്കുമൊപ്പം മറൈൻ ഡ്രൈവിലെ ഡ്രൈവ് ഇൻ റസ്റ്ററന്റിൽ വന്നതായിരുന്നു. കാർ പാർക്കിങ്ങിൽ നിർത്തി അവർ റസ്റ്ററന്റിലേക്കു പോയി. പുതുവൽസര ആഘോഷം നടക്കുകയായിരുന്നു. അൽപം കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും വന്ന് കാറിന്റെ ബോണറ്റിൽ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ട് സെൽഫിയെടുക്കാൻ തുടങ്ങി. പോർഷെ കാറാണ്. ജൂണിനത്  രസിച്ചില്ല. ചില്ലു താഴ്ത്തിയ ഡോറിലൂടെ പുറത്തു ചാടി അവൻ ചെറുപ്പക്കാരന്റെ കാലിൽ ചെറുതായി കടിച്ചു... അന്നു തുടങ്ങിയതാണ് ഷൈനിക്കൊച്ചമ്മയ്ക്ക് എന്നോടുള്ള അനിഷ്ടം. അത് കൊച്ചമ്മയുടെ കസിനും ഗേൾ ഫ്രണ്ടുമായിരുന്നു. 

ജൂൺ ചോദിച്ചു... ഈ വണ്ടിയിൽ ഇതിനു മുമ്പ് യാത്ര ചെയ്ത മൃഗം ഏതാണ്? ജയചന്ദ്രൻ പറഞ്ഞു... ഒരു പോത്ത്. അതിനോടു താൻ സംസാരിച്ചോ? ഇല്ല. അത് കമ്പത്തു നിന്നു വന്ന തമിഴനായിരുന്നു. കാണുന്നവരെയൊക്കെ വെട്ടാനായിരുന്നു അതിനു കമ്പം. ഒരു കല്യാണ വിരുന്നിന് അതിന്റെ കഥ കഴിഞ്ഞു.

ജയചന്ദ്രൻ എന്ന ഓട്ടോ ഡ്രൈവർക്ക് ആദ്യമായാണ് ഇങ്ങനെയൊരു ട്രിപ്പ് കിട്ടുന്നത്. ഒന്നരക്കിലോഗ്രാമിന്റെ ചെറിയ പഞ്ഞിക്കെട്ടുപോലെയുള്ള ഒരു വളർത്തു നായയെ കൊണ്ടുപോയി കളയണം. അതിന് അയാൾക്ക് 5000 രൂപ കൂലിയും കിട്ടി. ഇതുപോലെ ലോട്ടറി അടിച്ചത് കൊച്ചുകടവന്ത്രയിലെ ഒരു എഴുത്തുകാരനും ഭാര്യയുമായി പിണങ്ങിയപ്പോഴാണ്. എഴുത്തുകാരന്റെ പുസ്തകങ്ങളെല്ലാം വാരിക്കെട്ടി കലൂരിലെ ആക്രിക്കടയിൽ കൊണ്ടുപോയി വിൽക്കാൻ പറഞ്ഞു, അദ്ദേഹത്തിന്റെ ഭാര്യ! ചില അവാർഡുകളും ഫലകങ്ങളുമൊക്കെ ഉണ്ടായിരുന്നു. അവ ആക്രിക്കടക്കാരൻ വാങ്ങാൻ തയാറായില്ല. അതൊക്കെ ജയചന്ദ്രൻ വീട്ടിൽക്കൊണ്ടുപോയി വച്ചു.

അപ്രതീക്ഷിതമായി ഒരു തെരുവു നായ ഓട്ടോയുടെ കുറുകെച്ചാടി. ജയചന്ദ്രൻ പെട്ടെന്ന് ബേക്ക് ചെയ്തു. നിലതെറ്റി തെറിച്ചുയർന്ന് പ്ളാറ്റ് ഫോമിലെ ഇരുമ്പു പട്ടയിൽ തലയിടിച്ച് ജൂണിന്റെ നെറ്റിയിൽ ചുവന്ന പൂമൊട്ടു വിരിഞ്ഞു !  വേദന സഹിക്കാൻ വയ്യാതെ അവൻ‍ ഉറക്കെ മോങ്ങി.

ജൂൺ പറഞ്ഞു... സത്യത്തിൽ ഞാൻ ഈ വിധി അർഹിക്കുന്നില്ല. എംജി റോഡിലെ പെറ്റ് ഷോപ്പിൽ നിന്ന് ആ വക്കീൽ എന്നെ തിരഞ്ഞെടുത്തു വാങ്ങിക്കൊണ്ടു വന്നതാണ്. മറ്റൊരു കുടുംബത്തിലായിരുന്നെങ്കിൽ എന്റെ ജീവിതം ഇപ്പോൾ അവസാനിക്കില്ലായിരുന്നു. 

ജയചന്ദ്രൻ പറഞ്ഞു... അങ്ങനെ ഒരു ആലോചന വിഡ്ഢിത്തമാണ്. വില കൂടിയ കാറുകൾ എന്റെ ഓട്ടോറിക്ഷയെ ഓവർടേക്കു ചെയ്യുമ്പോൾ അവയൊക്കെ എന്റേതായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കാറുണ്ടായിരുന്നു. വല്ലപ്പോഴും അവയെ ഓവർടേക് ചെയ്യാൻ പറ്റുമ്പോൾ സംതൃപ്തനാവുകയും ചെയ്തിരുന്നു. അതിലൊരു കാര്യവുമില്ലെന്ന് പിന്നീട് ബോധ്യം വന്നു.

ജയചന്ദ്രൻ ഓട്ടോ നിർത്തി. അധികം വൈകാതെ കാക്കനാട് ടൗൺ എത്തും. അതിനു മുമ്പ് തീരുമാനം നടപ്പാക്കണം. തുടലഴിച്ച് അയാൾ ജൂണിനെ സ്വതന്ത്രനാക്കി. ഓട്ടോയുടെ പ്ളാറ്റ് ഫോമിനു പിന്നിലെ വാതിൽ തുറന്ന് താഴ്ത്തിയിട്ടിട്ട് വീണ്ടും ഓടിക്കാൻ തുടങ്ങി. 

ഓട്ടോഡ്രൈവറുടെ ഫോൺ അടിക്കുന്നത് ജൂൺ കേട്ടു. വക്കീൽ സാറിന്റെ ഫോൺ കോളാണെന്ന് അവനു മനസ്സിലായി. അവൻ ദയനീയമായി ചോദിച്ചു.. ജയചന്ദ്രാ, തനിക്കു കള്ളം പറയാൻ കഴിയുമോ? തനിക്ക് എന്നെ വളർത്തരുതോ? വക്കീൽ സാറിന്റെ ബംഗ്ളാവിനടുത്താണ് എന്റെ വീട്. എന്റെ വീട്ടിലെ ദരിദ്ര സാഹചര്യത്തോട് നിനക്ക് യോജിക്കാൻ കഴിയുമെന്നും തോന്നുന്നില്ല.  അത് ആത്മഹത്യാപരമായ തീരുമാനമാകും. നീ എന്നോടു ക്ഷമിക്കുക. അയാൾ ഓട്ടോയുടെ വേഗം അസാധാരണമാംവിധം ഉയർത്തി. മൂന്നു ചക്രമുള്ള ആ വാഹനം, മുൻ ചക്രം റോഡിൽ നിന്ന് ഉയർന്ന്, പറന്നുയരുന്ന ഒരു വിമാനത്തിന്റെ മാതൃകയിൽ പറക്കും വേഗത്തിൽ ഓടാൻ തുടങ്ങി.

പെട്ടെന്ന് ഒരു വെളുത്ത പന്ത് ഓട്ടോയിൽ നിന്നുയരുന്നതും റോഡിലേക്കു തെറിച്ചു വീഴുന്നതും ജയചന്ദ്രൻ കണ്ടു. പിന്നിൽ നിന്നു പാഞ്ഞു വന്നുകൊണ്ടിരുന്ന ചില ലോറികൾ അപ്രതീക്ഷിതമായി വിറളി പിടിച്ചു. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ അതിനെ മറികടന്ന് മുന്നോട്ടോടി. അന്നു പുലർച്ചെ കാക്കനാട് ഭാഗത്ത് കനത്ത മഴ പെയ്തു. റോഡിൽ വിരിച്ചിട്ട ഒരു വെള്ള കമ്പിളിത്തൂവാല നനഞ്ഞു കുതിർന്നു !

English Summary:

June's Journey: From Porsche to Auto-rickshaw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com