ADVERTISEMENT

അമേരിക്കൻ വിമാന കമ്പനിയായ ബോയിങ്ങിന്റെ ഏറ്റവും സുരക്ഷിത വിമാനങ്ങളിലൊന്നായാണ് 787 ഡ്രീംലൈനറെ കണക്കാക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ യാത്രക്കാർക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന കമ്പനിയാണ് ബോയിങ്. ഇതുവരെ 100 കോടി യാത്രക്കാരുമായി 787 ഡ്രീംലൈനറുകൾ പറന്നിട്ടുണ്ട്. 2011 ൽ സർവീസിൽ പ്രവേശിച്ചതിനുശേഷം, ആളുകളുടെ മരണകാരണമായി അപകടങ്ങളൊന്നുമില്ലാതെ അസൂയപ്പെടുത്തുന്ന റെക്കോർഡും ഡ്രീം ലൈനർ വിമാനത്തിനുണ്ടായിരുന്നു.  പക്ഷേ വ്യാഴാഴ്ച, 242 പേരുള്ള ഒരു എയർ ഇന്ത്യാ വിമാനം അഹമ്മദാബാദിൽ തകർന്നതോടെ അതെല്ലാം മാറി.

ഇന്ധനക്ഷമത മുഖമുദ്രയാക്കിയാണ് ബോയിങ് കമേഴ്സ്യൽ എയർപ്ലെയിൻസ് ഡ്രീംലൈനർ ശ്രേണിയെ വികസിപ്പിച്ചത്.  2003 ലാണ് 7ഇ7 എന്ന പേരിൽ പുതിയ വിമാനമുണ്ടാക്കാനുള്ള പ്രൊജക്റ്റ് ബോയിങ് ആരംഭിച്ചത്.  ജപ്പാനിലെ അൽ നിപ്പോൺ എയർവേയ്സിൽനിന്നു നൽകിയ 50 വിമാനങ്ങൾക്കുള്ള ഓർഡറോടെയായിരുന്നു തുടക്കം. 2007 ജൂലൈയിൽ ആദ്യമാതൃക അവതരിപ്പിച്ച ബോയിങ്, 2009 ഡിസംബർ മധ്യത്തിൽ ഡ്രീംലൈനറിന്റെ കന്നിപ്പറക്കൽ നടത്തി. 2011 സെപ്റ്റംബറിൽ അൽ നിപ്പോണിനുള്ള ആദ്യ ‘787– 8’ വിമാനം കൈമാറി. അതേവർഷം ഒക്ടോബർ 26ന് ആണു വിമാനം വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് തുടങ്ങിയത്. കുറഞ്ഞ ശബ്ദവും മികച്ച യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്നതാണ് 'ഡ്രീംലൈനർ' വിമാനങ്ങൾ. കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ പ്രധാന യാത്രാവിമാനമാണിത്. 

ബോയിങ് ജീവനക്കാരന്റെ വെളിപ്പെടുത്തൽ

2011 ൽ പറക്കാൻ തുടങ്ങിയതു മുതൽ സുരക്ഷ സംബന്ധിച്ച് ഒട്ടേറെ പരാതികൾ കേട്ട വിമാനമാണ് ബോയിങ് 787 ഡ്രീംലൈനറുകൾ. എന്നാൽ കഴിഞ്ഞ ദിവസം വരെ വൻ ദുരന്തങ്ങളൊന്നും സംഭവിക്കാതിരുന്നതിനാലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ളതിനാലും ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളിലൊന്നായാണ് ഡ്രീംലൈനറിനെ കണക്കാക്കിയിരുന്നത്. ബോയിങ്ങിലെ എൻജിനീയറായിരുന്ന സാം സലഹ്പുർ അപകടസാധ്യതയെക്കുറിച്ചു പുറത്തുപറഞ്ഞത് കഴിഞ്ഞ വർഷം വൻ വിവാദമായിരുന്നു. ന്യൂയോർക്ക് ടൈംസിൽ ഇതു വാർത്തയായതോട ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചു. 

boeing-787-8-1
Representative Image. Image Credit : boeing.com

ചെലവുകുറയ്ക്കാൻ ബോയിങ് ചെയ്ത കുറുക്കുവഴികൾ വിമാനം പഴകുമ്പോൾ അപകടങ്ങളിലേക്ക് നയിക്കുമെന്നായിരുന്നു സാം സലഹ്പുരിന്റെ മുന്നറിയിപ്പ്. വിവിധ ഭാഗങ്ങൾ വെവ്വേറെ നിർമിച്ചു കൂട്ടിയോജിപ്പിക്കുമ്പോൾ വിടവുകൾ വരുന്നുണ്ടെന്നും ഇതു തേയ്മാനം കൂട്ടുമെന്നും ആയുസ്സ് കുറയ്ക്കുമെന്നും സാം ചൂണ്ടിക്കാട്ടി. ബാറ്ററിയിൽനിന്ന് തീപിടിക്കുന്ന പ്രശ്നങ്ങൾ ഡ്രീംലൈനറുകൾ പുറത്തിറക്കിയതു മുതൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. 2013 ജനുവരിയിൽ ബോസ്റ്റണിൽ ജപ്പാൻ എയർലൈൻസിന്റെ ഡ്രീംലൈനറിന്റെ ബാറ്ററിയിൽനിന്നു തീ പടർന്നതിനെത്തുടർന്ന് അതുവരെ വിൽപന നടത്തിയ 50 വിമാനങ്ങളും നിലത്തിറക്കി അറ്റകുറ്റപ്പണി നടത്തേണ്ടി വന്നു. 

എന്നാൽ, ജൂലൈയിൽ ഇത്യോപ്യൻ എയർലൈൻസിന്റെ ഡ്രീംലൈനറിന് ബ്രിട്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ തീപിടിച്ചു. ലിഥിയം ബാറ്ററി തന്നെയായിരുന്നു വില്ലൻ.

ഇന്ധന ചോർച്ച, പൈലറ്റ് സീറ്റിലെ പ്രശ്നങ്ങൾ, സിഗ്നൽ നഷ്ടമാകൽ, പൈലറ്റിനു തെറ്റായ വിവരങ്ങൾ ലഭിക്കൽ, കോക്പിറ്റിലെ വിൻഡ് സ്ക്രീൻ തകർച്ച തുടങ്ങിയ പ്രശ്നങ്ങളും ആശങ്കയുയർത്തി. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു ബോയിങ്. പരാതികൾ വ്യാപകമായതോടെ 2021 മുതൽ 2 വർഷത്തോളം ഡ്രീംലൈനറുകൾ പുറത്തിറക്കുന്നതു നിർത്തി. 50 വർഷത്തെ ആയുസ്സാണ് ഈ മോഡലിന് കമ്പനി അവകാശപ്പെടുന്നത്. ഇന്നലെ അപകടത്തിൽപെട്ട വിമാനത്തിനു പഴക്കം 11 വർഷം മാത്രം.

ഇതുവരെ കൈമാറിയത് 1,189 ‘ഡ്രീംലൈനർ’ വിമാനങ്ങൾ

‘ഡ്രീംലൈനർ’ വികസനത്തിനായി ബോയിങ് 3,200 കോടി ഡോളർ (ഏകദേശം 2.74 ലക്ഷം കോടി രൂപ) മുടക്കി. പദ്ധതി ലാഭത്തിലെത്താൻ കുറഞ്ഞത് 2,000 വിമാനങ്ങളെങ്കിലും  വിൽക്കണമെന്നും കണക്കാക്കുന്നു. കഴിഞ്ഞമാസത്തെ കണക്കുപ്രകാരം 2,137 ഓർഡർ ലഭിച്ചിട്ടുണ്ട്. ഇതിൽ 1,189 എണ്ണം വിവിധ എയർലൈനുകൾക്കു കൈമാറി. ജനറൽ ഇലക്ട്രിക്കിന്റെയും റോൾസ് റോയ്സിന്റെയും എൻജിനുകൾ സഹിതം ഡ്രീംലൈനർ ലഭ്യമാണ്. ജനറൽ ഇലക്ട്രിക് ശ്രേണിയിലെ ജിഇഎൻ എക്സ്– 1ബി എൻജിനുകളാണു വിമാനത്തിനു കരുത്തേകുന്നത്. റോൾസ് റോയ്സിൽനിന്നുള്ള ട്രെന്റും. അഹമ്മദാബാദിൽ തകർന്ന വിമാനമടക്കം 60 ശതമാനത്തിലേറെ ഡ്രീംലൈനറുകളിലും ജിഇയുടെ എൻജിനുകളാണു ഘടിപ്പിച്ചിരിക്കുന്നത്. റോൾസ് റോയ്സിന്റെ വിഹിതം 40 ശതമാനത്തോളം മാത്രം.

boeing-787-8
Representative Image. Image Credit : boeing.com

ഡ്രീംലൈനർ 787– 8 വിമാനത്തിനു 24.80 കോടി ഡോളർ (2,121 കോടിയോളം രൂപ) ആണു ബോയിങ് രേഖകൾ പ്രകാരമുള്ള വില. എന്നാൽ, ബോയിങ്ങുമായുള്ള ദീർഘകാല ബന്ധവും വിമാനത്തിൽ ആവശ്യപ്പെടുന്ന പരിമിത പരിഷ്കാരങ്ങളും വാങ്ങുന്ന വിമാനങ്ങളുടെ എണ്ണവുമൊക്കെ മുൻനിർത്തി പല എയർലൈനുകളും 12.50 മുതൽ 17.50 കോടി ഡോളർവരെ (1,069 മുതൽ 1,496.62 കോടി രൂപ വരെ) വിലയ്ക്കാണ് ‘787 – 8’ സ്വന്തമാക്കുന്നത്.

248 യാത്രക്കാരുമായി (ടേക് ഓഫ് സമയത്തെ ആകെഭാരം 228 ടൺ വരെ) ഒറ്റയടിക്ക് 8,406 മൈൽ (13,528 കിലോമീറ്റർ) പറക്കാനുള്ള ശേഷിയോടെയാണു ബോയിങ് ‘787 – 8’ അവതരിപ്പിച്ചത്. പിന്നാലെ 2014 ൽ എത്തിയ ‘787– 9’ വിമാനത്തിനാവട്ടെ 296 യാത്രക്കാരുമായി 14,010 കിലോമീറ്റർവരെ പറക്കാനുള്ള ശേഷിയുണ്ട്. 2018 ൽ 336 യാത്രക്കാരെയും വഹിച്ച് 11,720 കിലോമീറ്റർ വരെ പറക്കാനാവുന്ന ‘787– 10’ വകഭേദവും ബോയിങ് പുറത്തിറക്കി. 

ബോയിങ് 787 ഡ്രീംലൈനർ വിമാന കുടുംബത്തിൽ പ്രധാനമായും മൂന്ന് വേരിയന്റുകളാണ് ഉള്ളത്

∙ ബോയിങ് 787-8: ഡ്രീംലൈനർ കുടുംബത്തിലെ ഏറ്റവും ചെറുതും ആദ്യത്തേതുമായ മോഡലാണിത്. ഇപ്പോൾ അപകടത്തിൽപ്പെട്ട എയർഇന്ത്യയുടെ VT-ANB വിമാനം ഈ വിഭാഗത്തിൽപ്പെടുന്നു. (VT-ANB എന്നത് ഈ പ്രത്യേക വിമാനത്തിന്റെ റജിസ്ട്രേഷൻ നമ്പറാണ്. ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത വിമാനങ്ങൾക്ക് 'VT' എന്ന അക്ഷരങ്ങളിൽ തുടങ്ങുന്ന റജിസ്ട്രേഷൻ ഉണ്ടാകും). 56.72 മീറ്ററാണ് വിമാനത്തിന്റെ നീളം. 16.92 മീറ്ററാണ് ഉയരം.

∙ ബോയിങ് 787-9: ബോയിങ് 787-8 നെക്കാൾ നീളം കൂടിയതും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതുമായ മോഡൽ.

∙ ബോയിങ് 787-10: ഏറ്റവും നീളം കൂടിയതും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതുമായ മോഡൽ. 

air-india-viswas-seat-boeing-graphics-new
Representative Image.

എഐ 171, എയർ ഇന്ത്യ വിമാനം

എംഎസ്എൻ (നിർമാതാക്കളുടെ ക്രമനമ്പർ) 36279 ആയി ബോയിങ് നിർമിച്ച ഈ വിമാനത്തിന്റെ ആദ്യപറക്കൽ 2013 ഡിസംബർ 14ന് ആയിരുന്നു. എയർഇന്ത്യയ്ക്ക് ലഭിച്ച ആദ്യ 787 ഡ്രിംലൈനർ വിമാനങ്ങളിലൊന്നാണ് ഇത്.  ഇന്ത്യയിലെത്തിയപ്പോൾ ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അനുവദിച്ച റജിസ്ട്രേഷനാണു വിടി– എഎൻബി. ബിസിനസ് ക്ലാസിൽ 18, ഇക്കോണമി ക്ലാസിൽ 238 സീറ്റുകളാണു വിമാനത്തിലുള്ളത്. 

India Boeing

ഇതിന് മുമ്പ് റിപ്പോർട് ചെയ്തത് 14 സാങ്കേതിക തകരാറുകൾ

2013 ഒക്ടോബർ മുതൽ ഇതുവരെ ഇന്ത്യയിൽ ബോയിങ് ‘787- 8 ഡ്രീംലൈനർ’ വിമാനങ്ങൾ ഉൾപ്പെട്ട 14 സംഭവങ്ങളുണ്ടായതായാണു വ്യോമഗതാഗത സുരക്ഷാരംഗത്തു പ്രവർത്തിക്കുന്ന ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്കിന്റെ കണക്ക്. സാങ്കേതിക തകരാർ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തതാണ് 14 സംഭവങ്ങൾ. എന്നാൽ, ഒന്നര പതിറ്റാണ്ടിനോടടുക്കുന്ന ഡ്രീംലൈനർ ചരിത്രത്തിൽത്തന്നെ, വിമാനം പൂർണമായും നഷ്ടമായ ആദ്യ അപകടമാണ് അഹമ്മദാബാദിൽ ഇന്നലെ സംഭവിച്ചത്.

ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്കുള്ള യാത്രയ്ക്കായി വ്യാഴാഴ്ച രാവിലെ ഡൽഹിയിൽനിന്നാണ് വിമാനം അഹമ്മദാബാദിലെത്തിയത്. എഐ 423 ആയി എത്തിയ വിമാനം 11.07നു ലാൻഡ് ചെയ്തു. തുടർന്ന് ഉച്ചയ്ക്ക് 1.39ന് എഐ 171 ആയി ലണ്ടനിലേക്കു പറന്നുയർന്നപ്പോഴാണ് അഗ്നിഗോളമായി നിലംപതിച്ചത്. ലണ്ടനിലെത്തി, പ്രാദേശികസമയം രാത്രി 8.30ന് എഐ 146 നമ്പർ ഫ്ലൈറ്റായി ഗോവയിലേക്കായിരുന്നു മടക്കയാത്ര നിശ്ചയിച്ചിരുന്നത്.

737 MAX 8 in flight
Representative Image. Image Credit : boeing.com

അപകടങ്ങൾ വിട്ടൊഴിയാത്ത ബോയിങ്

നേരത്തെ ബോയിങ് 737 മാക്സ് 8 എന്ന വിമാനങ്ങളുടെ അപകടങ്ങൾ ബോയിങ്ങിനുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. ‌2018 ഒക്ടോബർ 29ന് ഇന്തൊനീഷ്യയിൽ ലയൺ എയറിന്റെ ബോയിങ് 737 മാക്സ് 8 വിമാനം കടലിൽ തകർന്നുവീണു കൊല്ലപ്പെട്ടത് 179 പേരാണ്. പറന്നുയർന്ന് 13–ാം മിനിറ്റിൽ തകർന്നുവീഴാൻ കാരണം വിമാനത്തിന്റെ വേഗവും ചരിവും സംബന്ധിച്ചു പൈലറ്റിന് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിൽ സംഭവിച്ച പിഴവാണെന്ന് അന്വേഷത്തിൽ വ്യക്തമായിരുന്നു. 2019 മാർച്ച് 10ന് ഇത്യോപ്യൻ എയർലൈൻസ് വിമാനം ടേക്ക് ഓഫിനു പിന്നാലെ തകർന്നുവീണ് 157 പേരാണ് കൊല്ലപ്പെട്ടത്. വിമാനത്തിലെ സെൻസറുകളിൽനിന്ന് തെറ്റായ വിവരങ്ങൾ പൈലറ്റിനു ലഭിച്ചതു തന്നെയായിരുന്നു ഈ അപകടത്തിന്റെയും കാരണം. 6 മാസത്തിനിടെ 2 വൻ ദുരന്തങ്ങളിൽ മൊത്തം നഷ്ടപ്പെട്ടത് 346 ജീവനുകൾ. തുടരെ അപകടങ്ങളുണ്ടായതോടെ ചൈന മുഴുവൻ മാക്സ് 8 വിമാനങ്ങളും നിലത്തിറക്കി.

ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ സുരക്ഷാ പാളിച്ചകൾ സ്പൈസ്ജെറ്റ്, ഇൻഡിഗോ ഉൾപ്പെടെ ഇന്ത്യൻ കമ്പനികൾക്കും പ്രതിസന്ധി സൃഷ്ടിച്ചു. മാക്സ് 8 വിമാനങ്ങൾ മുഴുവൻ നിലത്തിറക്കാൻ ഡിജിസിഎ നിർദേശിച്ചതോടെ സർവീസുകൾ പലതും മുടങ്ങി. ഇതു സ്പൈസ്ജെറ്റിനെ തളർത്തി. വിമാനങ്ങൾ പാട്ടത്തിനെടുത്താണ് ഇൻഡിഗോ, സർവീസുകൾ മുടങ്ങാതെ നോക്കിയത്. ലോകമെമ്പാടും പരാതി ഉയർന്നതോടെ ഫെഡറൽ ഏവിയേഷൻ ഏജൻസി തന്നെ ബോയിങ്ങിനോട് അതുവരെ വിറ്റ 387 മാക്സ് 8 വിമാനങ്ങളും തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടു. 20 മാസത്തിനകം തകരാറുകൾ പരിഹരിച്ചു നൽകാനായിരുന്നു നിർദേശം. ലയൺ എയർ തകർന്നതിന്റെ വാർഷിക ദിനത്തിൽ ബോയിങ് സിഇഒ അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടു ക്ഷമാപണം നടത്തി.

2024 ജനുവരി 5ന് അലാസ്ക എയർലൈൻസിന്റെ ബോയിങ് മാക്സ് 9 വിമാനം പോർട്‌ലാൻഡിൽനിന്ന് 171 യാത്രക്കാരുമായി പറന്നുയർന്ന് ഏറെക്കഴിയും മുൻപേ മധ്യഭാഗത്തെ വാതിൽ ഊരിത്തെറിച്ചു. ഭാഗ്യംകൊണ്ടു മാത്രമാണ് ജീവഹാനിയില്ലാതെ ലാൻഡ് ചെയ്യാൻ സാധിച്ചതെന്നായിരുന്നു അന്നു പൈലറ്റ് പറഞ്ഞത്. ഈ അപകടത്തോടെ മാക്സ് 9 വിമാനങ്ങളും നിലത്തിറക്കേണ്ടി വന്നു.

English Summary:

Boeing 787 Dreamliner Crash: Questions Raised About Aircraft Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com