കേരളത്തിന് ജെസിബിയുടെ മിനി എക്സ്വേറ്റർ; ബാക്ക്ഹോ ലോഡറിൽ ഒന്നാമൻ

Mail This Article
ന്യൂഡൽഹി ∙ കേരളത്തിലെ സാഹചര്യങ്ങൾക്ക് യോജിച്ച മിനി എക്സ്കവേറ്റർ ഓണക്കാലത്തു പുറത്തിറക്കുമെന്ന് ജെസിബി ഇന്ത്യ സിഇഒയും എംഡിയുമായ ദീപക് ഷെട്ടി. കേരളം ജെസിബിയുടെ ശക്തമായ വിപണികളിലൊന്നാണെന്നും കഴിഞ്ഞ വർഷം മാത്രം 2000 ൽ അധികം ജെസിബി ഉൽപന്നങ്ങൾ വിറ്റുവെന്നും മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഈ വർഷം ഉൽപന്ന നിര വർധിപ്പിച്ച് കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ വിപണി പ്രധാനമാണ്. കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പുതിയ യന്ത്രങ്ങള്‍ ഉത്സവ സീസണിൽ വിപണിയിലെത്തിക്കുമെന്നും ദീപക് ഷെട്ടി വ്യക്തമാക്കി.

മിനി എക്സ്കവേറ്ററുകൾ
കേരളത്തിൽ മിനി എക്സ്കവേറ്ററുകൾക്ക് ഏറെ ആവശ്യക്കാരുണ്ട്, ബാക്ക്ഹോ ലോഡർ പോലെ ഏറെ ഉപയോഗക്ഷമമായ മെഷീനാണ് മിനി എക്സ്കവേറ്റർ. കേരളത്തിലെ ചെറുകിട കർഷകർക്കും മറ്റ് ഉപഭോക്താക്കൾക്കും ആവശ്യമായ തരത്തിലുള്ള മിനി എക്സ്കവേറ്റാണ് ഓണക്കാലത്തു പുറത്തിറക്കുക.
250 കോടി മുതൽ 300 കോടി വരെ നിക്ഷേപം
കഴിഞ്ഞ വർഷം ജെസിബി ഇന്ത്യയിൽ 500 കോടി രൂപയോളം നിക്ഷേപിച്ചിരുന്നു. ഈ വർഷം 250 മുതൽ 300 വരെ കോടി രൂപ റിസർച്ച് ആൻഡ് ഡവലപ്മെന്റിലും ഡിജിറ്റൽ ഇന്നവേഷനിലും നടത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വർഷം 11 ശതമാനം വളർച്ചയാണ് കമ്പനിക്കുണ്ടായത്. ഈ വർഷവും ഇതേ രീതിയിലുള്ള വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ.

മെഷിനറികൾ ജോലി കളയുന്നില്ല, അവസരങ്ങൾ സൃഷ്ടിക്കുകയാണ്
എക്സ്കവേറ്ററുകൾ പോലുള്ള മെഷിനറികൾ തൊഴിലാളികളുടെ ജോലി കളയുകയാണ് എന്ന പരാതിയുണ്ട്. എന്നാൽ ശരിക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. ഒരു ബാക്ക്ഹോ ലോഡർ ആറു തൊഴിലവസരം വരെ സൃഷ്ടിക്കുന്നുണ്ടെന്നാണ് കണക്ക്. ജെസിബിയുടെ ഉപഭോക്താക്കളിൽ 65 ശതമാനവും ഗ്രാമീണ ഇന്ത്യയിലാണ്. അവിടെ ജെസിബി കൂടുതൽ അവസരങ്ങളും ചെറുകിട സംരംഭകരെയും സൃഷ്ടിക്കുകയാണ്.
രക്ഷപ്രവർത്തനങ്ങളിൽ ജെസിബിയുടെ പങ്ക്
കേരളത്തിലെ നടുക്കിയ വയനാട് പ്രകൃതി ദുരന്തത്തിൽ രക്ഷാപ്രവർത്തകർക്കു സഹായമായി ജെസിബി എത്തിയിരുന്നു. അന്ന് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട വാഹനങ്ങൾക്ക് സ്പെയർ പാർട്സ് 50 ശതമാനം വരെ വിലക്കുറവിലാണു നൽകിയത്.

ഇന്ത്യയിലെ ആദ്യ ഫാക്ടറി, ലോകത്തിലെ ഏറ്റവും വലിയ ബാക്ക്‌ഹോ ലോഡര്‍ നിർമാണ കേന്ദ്രം
ജെസിബി 1979 ലാണ് ഇന്ത്യയില്‍ എത്തുന്നത്. അന്നുമുതൽ ഇന്ത്യയിലെ ഏറ്റവും വിൽപനയുള്ള മോഡലുകളിലൊന്നാണ് ബാക്ക്‌ഹോ ലോഡര്‍. ഇന്ന് ഈ മോഡലിന്റെ വില്‍പനയില്‍ രാജ്യത്ത് ജെസിബി ഒന്നാമതാണ്. ബാക്ഹോ ലോഡർ വിൽക്കുന്ന നിരവധി കമ്പനികളുണ്ടെങ്കിലും ആകെ വിൽക്കുന്ന യന്ത്രങ്ങളിൽ രണ്ടിൽ ഒന്നും ജെസിബിയാണെന്നത് അഭിമാന നേട്ടമാണ്.
സ്റ്റേജ് 5 എമിഷൻ
ഈ വർഷം ജനുവരി മുതൽ സ്റ്റേജ് 5 എമിഷൻ നിയമപ്രകാരമുള്ള യന്ത്രങ്ങളാണ് വിൽക്കുന്നത്. മറ്റു നിർമാതാക്കൾ ജനുവരിക്കു മുൻപ് നിർമാണം കൂട്ടി പരമാവധി വാഹനങ്ങൾ സ്റ്റോക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ജെസിബി അത്തരം കാര്യങ്ങൾ ചെയ്യാതെ ജനുവരി ഒന്നു മുതൽ തന്നെ സ്റ്റേജ് 5 എമിഷൻ നിലവാരമുള്ള വാഹനങ്ങളാണ് ഉപഭോക്താക്കൾക്കു നൽകുന്നത്. ഈ യന്ത്രങ്ങളുടെ ഇന്ധനക്ഷമത 10 മുതൽ 15 വരെ ശതമാനം മെച്ചപ്പെട്ടതായിരിക്കും. ഉൽപാദനക്ഷമതയുള്ളതും പരിപാലനച്ചെലവു കുറവുള്ളതുമാണ്. ഉപഭോക്താക്കൾക്ക് ഉടമസ്ഥാവകാശച്ചെലവും കുറവായിരിക്കും. ഇതിനകം 15,000 വാഹനങ്ങൾ വിറ്റിട്ടുണ്ട്.

ഇന്ത്യൻനിന്ന് യുഎസിലേക്കും യുകെയിലേക്കും കയറ്റുമതി
ഇന്ത്യയിലേക്കു നിർമിക്കുന്ന വാഹനങ്ങൾക്കും യൂറോപ്പിനും അമേരിക്കയ്ക്കും നിർമിക്കുന്ന വാഹനങ്ങൾക്കും ഒരേ നിലവാരമാണ്. രണ്ടു നിരവാരത്തിലുള്ള ഉൽപന്നങ്ങൾ ജെസിബി നിർമിക്കുന്നില്ല. കഴിഞ്ഞ വർഷം ഏകദേശം 14000 യന്ത്രങ്ങൾ യൂറോപ്പിലേക്കും 10000 എണ്ണം അമേരിക്കയിലേക്കും കയറ്റുമതി ചെയ്തു. വിവിധ രാജ്യങ്ങളിലേക്കു യന്ത്രങ്ങളും എൻജിനുകളും കയറ്റുമതി ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള ജെസിബിയുടെ 23 പ്ലാന്റുകളിലേക്ക് ഇന്ത്യയിൽനിന്ന് പാർട്സ് കയറ്റുമതി ചെയ്യുന്നുണ്ട്.
65 ഡീലർമാർ; 750 ടച്ച് പോയിന്റുകൾ
വാഹനങ്ങളുടെ വിൽപനാനന്തര സേവനങ്ങൾക്കും ജെസിബി വളരെയേറെ പ്രാധാന്യം നൽകുന്നു. പാർട്സും സർവീസും എത്രയും പെട്ടെന്ന് ഉപഭോക്താക്കളിലേക്കെത്തിച്ച് സമയനഷ്ടവും ധനനഷ്ടവും ഒഴിവാക്കാൻ ജെസിബി പരമാവധി ശ്രമിക്കുന്നുണ്ട്. 65 ശതമാനം യന്ത്രങ്ങളും ഗ്രാമീണ മേഖലകളിലാണ് വില്‍ക്കുന്നത്. ജെസിബിയുടെ വിപണിയുടെ 25 ശതമാനം ദക്ഷിണേന്ത്യയിലാണ്. യന്ത്രങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതു മൂലം ഉപഭോക്താവിനുണ്ടാകുന്ന നഷ്ടങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. അതിനായി രാജ്യത്ത് ഉടനീളം പാർട്സ് വെയർഹൗസുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 2 ലക്ഷം പാർട്സ് നിലവിൽ കമ്പനിയുടെ കൈവശം സ്റ്റോക്കുണ്ട്. ഡീലർമാരുടെ സ്റ്റോക്കിൽ ഉള്ളവ കൂട്ടാതെയാണ് ഇത്. വിശ്വാസ്യതയും ഉപഭോക്താവിനോടുള്ള പ്രതിബദ്ധതയുമാണ് ജെസിബിയെ മുന്നിലെത്തിച്ചത്. അതു തുടരും. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് യന്ത്രങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും അതുവഴി ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം നൽകാനുമാണ് കമ്പനി ശ്രമിക്കുന്നത്.
ഹെഡ്രജൻ ഇന്ധനം
കഴിഞ്ഞ 10 വർഷത്തിനിടെ ജെസിബി യന്ത്രങ്ങളുടെ ഇന്ധനക്ഷമത ഏകദേശം 40 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. എങ്കിലും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യ ജെസിബിക്കുണ്ട്. യുകെയിലെ ഗ്രൂപ്പ് വികസിപ്പിച്ചെടുത്തതാണിത്. ഇന്ത്യയിൽ ഹൈഡ്രജൻ ഇന്ധനം വ്യാപകമാകുന്നതോടെ, ജെസിബിയും അത്തരം യന്ത്രങ്ങൾ എത്തിക്കും.

ലൈവ് ലിങ്ക്
ഇന്റർനെറ്റ് വഴി യന്ത്രങ്ങളുടെ പ്രവർത്തനം എങ്ങനെ മെച്ചപ്പെടുത്താമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ലൈവ് ലിങ്ക്. 2014 മുതൽ ജെസിബി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഇന്ത്യയിൽ 2.23 ലക്ഷം ജെസിബി യന്ത്രങ്ങളിൽ ലൈവ് ലിങ്ക് ഉപയോഗിക്കുന്നുണ്ട്. യന്ത്രങ്ങളുടെ പ്രവർത്തന വിവരങ്ങൾ ഉപഭോക്താക്കളെ ആപ്പിലൂടെ അറിയിക്കുകയും 24x7 റിയൽ ടൈം ഡേറ്റ നൽകുകയും ചെയ്യുന്നു. ഇത് ഉൽപാദനക്ഷമത വർധിപ്പിക്കാനും ചെലവുകൾ നിയന്ത്രിക്കാനും ആസ്തി സുരക്ഷ ഉറപ്പാക്കാനും ഉപയോക്താക്കളെ സഹായിക്കുന്നു. മൊബൈൽ ഉപകരണങ്ങളിൽ ജെസിബി മെഷീനുകളുടെ ദൂരനിരീക്ഷണ സവിശേഷതകൾ (സുരക്ഷ, പ്രവർത്തനങ്ങൾ, സർവീസ്) സംയോജിപ്പിച്ചിട്ടുണ്ട്. മെഷീനുകൾ ജിയോ-ഫെൻസ് ചെയ്യാനും ടൈം-ഫെൻസ് ചെയ്യാനും കഴിയും. മെഷീനിന്റെ ആരോഗ്യം, ഇന്ധന നില, ബാറ്ററി അവസ്ഥ തുടങ്ങി മിക്കവാറും എല്ലാ നിർണായക പാരാമീറ്ററുകളും ഉപഭോക്താക്കൾക്ക് എവിടെനിന്നും അറിയാൻ കഴിയും. ഇത് മെച്ചപ്പെട്ട സൈറ്റ് മാനേജ്മെന്റും ഉപകരണ ഉപയോഗവും സാധ്യമാക്കുന്നു. ഉടമകള്‍ക്കു പുറമെ, ജെസിബി കമ്പനിയുടെ കണ്‍ട്രോള്‍ റൂമും യന്ത്രങ്ങളെ നിരീക്ഷിക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ ഡീലറെ അറിയിച്ച് ഉടമയുമായി ബന്ധപ്പെട്ട് സര്‍വീസിന് കമ്പനി തന്നെ മുന്‍കയ്യെടുക്കും. ഇത് ജെസിബി ഉടമകളെ കമ്പനിയുമായി കൂടുതല്‍ അടുപ്പിക്കുമെന്നും ദീപക് ഷെട്ടി പറയുന്നു.