വർഷങ്ങളോളം കുട്ടപ്പനായി ഓടി, പിന്നെ വർക്ഷോപ്പിലേക്ക്; ഇത് കോമ്പി വാനിന്റെ പുനർജന്മം
Mail This Article
കുറച്ചു കാലങ്ങൾക്കു മുൻപ് നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്ന ഒരു വാൻ ഓര്‍ക്കുന്നുണ്ടോ? ഓമ്നി വാനിനും മുൻപ് നമ്മുടെ റോഡുകളിലെ താരമായിരുന്ന വാൻ. പഴയ മെറ്റഡോറിനും സ്റ്റാന്റർഡിനും ഒപ്പം ആമ്പുലൻസുകളായും ഫാക്ടറി വാനുകളായുമാണ് ഇക്കൂട്ടർ വിലസിയിരുന്നത്. എന്നാൽ ഇന്ന് റെയർ വിന്റേജ് കാറ്റഗറിയിൽ മാത്രം കാണാൻ കഴിയുന്ന ഫോക്സ് വാഗൺ കോമ്പിയാണ് ഇന്നത്തെ വിന്റേജ് ഗാരിജിൽ.

പീപ്പിൾസ് കാർ എന്ന നാമത്തിൽ ആദ്യം പുറത്തിറങ്ങിയ ബീറ്റിൽ എന്ന ടൈപ്പ് വണ്ണിനു ശേഷം ഡച്ച്കാരനായ ബെൻ പോനിന്റെ ആവശ്യപ്രകാരം 1949 ൽ ഫോക്സ്‌വാഗൻ ജർമനിയിൽ നിർമിച്ച രണ്ടാമത്തെ വാഹനം. ടൈപ്പ് 2 എന്ന ഫാക്ടറി കോഡിൽ പുറത്തിറക്കിയ ഫോക്സ്‌വാഗൻ കോമ്പി. പല രാജ്യങ്ങളിലും പല പേരുകളിലാണ് ഈ കുഞ്ഞൻ വാൻ അറിയപ്പെട്ടിരുന്നത് ക്യാമ്പർ, സ്റ്റേഷൻ വാഗൺ, ജർമനിയിൽ ബുള്ളി, മൈക്രോ ബസ്, ഫോക്സ്‌വാഗൻ കോമ്പി അങ്ങനെ ഒരുപാട് പേരുകളുണ്ട് ഈ വാഹനത്തിന്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ഉപയോഗിച്ച ഈ വാഹനങ്ങളിൽ പലരും മിഷണറി പ്രവർത്തനങ്ങൾക്കും മറ്റുമായി എത്തിയതായിരുന്നു. അങ്ങനെ കേരളത്തിലെത്തിയ ഒരു വാഹനത്തെ പരിചയപ്പെടാം

ഇൻഡോ-ജർമൻ നീലഗിരി ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി ജർമനിയിൽ നിന്നും ഇന്ത്യയിലേക്കെത്തിയ വാഹനങ്ങളിലൊന്നായിരുന്നു നമ്മുടെ കോമ്പി വാനും. അന്നു സാധാരണ ഒരു മൈക്രോബസ് കാറ്റഗറിയിൽ പല ആവശ്യങ്ങൾക്കും ആ കാർഷിക പ്രൊജക്ടിനായി നീലഗിരിയുടെ തണുത്ത താഴ്‌വരകളിലൂടെ ചീറിപ്പാഞ്ഞ് നടന്നു. പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ തിരുപ്പൂരിലുള്ള ഒരു തുണി വ്യവസായശാലയിലേക്കെത്തിയ വാൻ അവിടെയും കുറേ വർഷങ്ങൾ ഓടി. 1998ൽ കേരളത്തിലെ ഒരു സ്കൂളിലേക്ക് വാങ്ങിയ വാഹനങ്ങളുടെ കൂടെ നമ്മുുടെ കോമ്പിയുമുണ്ടായിരുന്നു. 2003 ൽ ഫിറ്റ്നസ് തീരുന്നതുവരെ കേരളത്തിലെ റോഡുകളിൽ ഈ വാൻ സജീവമായിരുന്നു. പിന്നീട് വർഷങ്ങളോളം ഒരു വർക്‌ഷോപ്പിന്റെ മൂലയിൽ ആദ്യം വീലുകൾ നഷ്ടമായി പിന്നെ ഒരു പെയിന്റ് ടെസ്റ്റ് ചെയ്യാനുള്ള ചുമരായി മാറി. അതിനിടയിൽ പല ആളുകളും വന്നു വില പറഞ്ഞെങ്കിലും ഉടമസ്ഥന് തൃപതിയാകാത്തത്കൊണ്ട് അങ്ങനെതന്നെ കിടന്നു. 2019ലാണ് ഈ ഫോക്സ്‌വാഗൺ വാനിന് പുനർജൻമം ഉണ്ടാകുന്നത്. തൃശൂർ സ്വദേശിയായ ജഗദീഷ് ഈ കോമ്പി സ്വന്തമാക്കിയതോടെ വാഹനത്തിന്റെ രൂപവും ഭാവവുമെല്ലാം അടിമുടി മാറി ഒപ്പം ഫിൽമോർ എന്ന പേരും നൽകി.


അമേരിക്കൻ ക്യാംപറുകളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ഈ വാഹനത്തെ ജഗദീഷ് മാറ്റിയത് ഒറിജിനൽ പാർട്സുകള്‍ പല സ്ഥലങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് സ്റ്റോക് കണ്ടീഷൻ നിലനിർത്തിയിട്ടുണ്ട്. റോക്ക് ആൻഡ് റോൾ സീറ്റുകൾ ഉൾപ്പെടുത്തി ക്യാമ്പ് ചെയ്യാനുള്ള സൗകര്യങ്ങളോടെയാണ് ഇന്റീരിയർ വർക്കുകളെല്ലാം ചെയ്തിരിക്കുന്നത്. ഇപ്പോൾ തൃശൂരിലെ വാടനപ്പള്ളി പ്രദേശങ്ങളിലാണ് ഫിൽമോറിന്റെ സഞ്ചാരപാത
വാഹനത്തിന്റെ പ്രത്യേകതകൾ നോക്കിയാൽ ഫോക്സ്‌വാഗൻ മൈക്രോബസ് വിഭാഗത്തിൽ സ്പ്ലിറ്റ് വിൻഡോ വരുന്ന മോഡലാണ്. ഇരു വശങ്ങളിലും സ്ലൈഡിങ് ഡോറുകൾ വരുന്ന കുഞ്ഞൻ വാൻ. 1969 ൽ പുറത്തിറങ്ങിയ കാലത്തുള്ള അതേ എയർ കൂൾഡ് ബോക്സർ പെട്രോൾ എന്ജിൻ തന്നെയാണ് ഫിൽമോറിൽ ഇപ്പോഴും ഉള്ളത്.1400 സിസി വരുന്ന റിയർ എൻജിൻ വാഹനമാണ് . ആദ്യ കാലത്തെ ബീറ്റിൽ കാറുകളോടൊക്കെ സാമ്യം വരുന്ന എൻജിന്‍. അതോടൊപ്പം 4 സ്പീഡ് മാനുവൽ ഗിയർ ബോക്സുമാണ് വരുന്നത്.