സർക്കാർ ജോലി രാജിവച്ച് ബൈക്ക് മെക്കാനിക്കായി; സൂപ്പർ ഹിറ്റാണ് സ്ട്രോക്കേഴ്സ് ഗരാജ്

Mail This Article
ഏതൊരു മലയാളിയും ആഗ്രഹിക്കുന്ന കാര്യമോണല്ലോ സർക്കാർ ജോലി. എന്നാൽ കയ്യിലുണ്ടായിരുന്ന സർക്കാർ ജോലി ഉപേക്ഷിച്ച് ബൈക്ക് മെക്കാനിക്കായ ഒരാളുണ്ട്. കോട്ടയം എസ്എച്ച് മൗണ്ടിലെ സ്ട്രോക്കേഴ്സ് ഗരാജിന്റെ ഉടമയായ സുദർശൻ. നാട്ടകം ട്രാവൻകൂർ സിമന്റസിലെ ഇലക്ട്രീഷ്യനായിരുന്ന സുദർശൻ തന്റെ സ്ഥിരം ജോലി രാജി വച്ചിട്ടാണ് ബൈക്ക് മെക്കാനിക്ക് പ്രസ്ഥാനത്തിലേക്കു ഇറങ്ങുന്നത്. സ്വന്തമായി ഒരു കെടിഎം ബൈക്ക് ഉണ്ടായിരുന്നതിനാൽ കോട്ടയത്തെ കെടിഎം ഷോറൂമിലും വാഹന ഗ്രൂപ്പുകളിലുമെല്ലാം സജീവമായിരുന്നു. ബൈക്കുകളോട് താൽപര്യമുണ്ടായിരുന്നതിനാൽ ജോലി കഴിഞ്ഞു വരുന്ന വൈകുന്നേരങ്ങളിൽ ഷോറൂമിൽ ചെന്നിരുന്നു പണികളെല്ലാം കണ്ടു മനസിലാക്കുമായിരുന്നു. പിന്നീട് 2019ൽ കെടിഎം ഷോറൂം നിർത്തിയപ്പോൾ സ്വന്തം വാഹനം ശരിയാക്കാനും ഇടമില്ലാതെയായി അങ്ങനെ വീട്ടിലെ കാർഷെഡിൽ സ്വന്തം ബൈക്ക് പണിത് തുടങ്ങിയ സുദർശൻ കോട്ടയത്തെ എറ്റവും വലിയ ബൈക്ക് ഗരാജുകളിലൊന്നിന്റെ ഉടമയാണ്.
വളർച്ച വിവാഹശേഷം
മെക്കാനിക്കൽ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാതിരുന്ന ഇലക്ട്രിക്കൽ ഡിപ്ലോമകാരനായ ഈ ചെറുപ്പക്കാരൻ വാഹനങ്ങളോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ് ഈ വിജയപാതയിൽ എത്തിയത്.
സർക്കാർ ജോലിക്കാരൻ എന്നുപറഞ്ഞു വിവാഹം കഴിച്ചെങ്കിലും പിന്നീട് ജോലി രാജി വെച്ചപ്പോൾ വീട്ടിൽ നിന്നും ചെറിയ രീതിയിലുള്ള എതിർപ്പുകൾ ഉണ്ടായിരുന്നു. എങ്കിലും ഭാര്യ അക്ഷരയ്ക്ക് സുദർശനിൽ വിശ്വാസമുണ്ടായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന വർക്‌ഷോപ്പ് വിപുലീകരിക്കുന്നതിനു വേണ്ട എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നതും അക്ഷര തന്നെയായിരുന്നു. സർക്കാരിൽ നിന്നുള്ള ലോണുകളും മറ്റുമെല്ലാം ശരിയാക്കിയത് അക്ഷര തന്നെയായിരുന്നു. ചെറിയ കാർ ഷെഡിൽ നിന്നും 7 റാമ്പുകളുള്ള ഒരു വലിയ ഗരാജിലേക്കെത്തിയതിനു പിന്നിൽ സുദർശന്റെ പ്രിയതമയ്ക്ക് ചെറുതല്ലാത്തൊരു പങ്കുണ്ട്. ഇപ്പോൾ പുതുതായി ആരഭിച്ചിരിക്കുന്ന സ്പെയർ പാർട്സ് വിഭാഗം കൈകാര്യം ചെയ്യുന്നതും അക്ഷരയാണ്.

വിശ്വാസമാണ് മുതൽ മുടക്ക്
മറ്റു വർക്‌ഷോപ്പിൽ നിന്നും സ്ട്രോക്കേഴ്സ് ഗരാജിനെ വ്യത്യസ്തമാക്കുന്നത് സുതാര്യത തന്നെയാണ്. വാഹനത്തിന്റെ പാർട്സുകൾ മാറുന്നത് ഉടമസ്ഥനു കാണാൻ കഴിയുന്ന വിധത്തിൽ തന്നെയാണ് വർക്‌ഷോപ്പ് നിർമിച്ചിരിക്കുന്നതും. എല്ലാം ഒറിജിനൽ പാർട്സ് മാത്രമേ ഉപയോഗിക്കുകയുള്ളൂ ഒപ്പം വാഹനങ്ങൾ കൈകര്യം ചെയ്യുന്നത് വർഷങ്ങള്‍ പരിചയ സമ്പത്തുള്ള മെക്കാനിക്കുകളും. ബജാജ്, കെടിഎം, യമഹ തുടങ്ങിയ കമ്പനികളുടെ 150 സിസിക്കു മുകളിലുള്ള വാഹനങ്ങളാണ് ഇവിടെ പ്രധാനമായും ശരിയാക്കുന്നത്. എല്ലാ ബ്രാൻഡുകൾക്കും കൃത്യമായ അനുഭവ സമ്പത്തുള്ള മെക്കാനിക്കുകളുമുണ്ട്. എല്ലാ വാഹനങ്ങളുടെയും. ഒറിജിനൽ പാർട്സുകൾ കമ്പനിയിൽ നിന്നും നേരിട്ട് എടുക്കുന്നതു കൊണ്ട് അതിൽ നിന്നും ചെറിയൊരു ലാഭം ലഭിക്കും അതിൽ അത് പണിക്കൂലിയിൽ കുറച്ച് നൽകാൻ കഴിയുന്നുണ്ടെന്നാണ് സുദർശൻ പറയുന്നത്. ഷോറൂമുകളെ അപേക്ഷിച്ച് പകുതി പണിക്കൂലി മാത്രമേ സ്ട്രോക്കേഴ്സ് ഗരാജിൽ ആകുന്നുള്ളു എന്നാൽ ഷോറൂം കണ്ടീഷനിൽ വാഹനങ്ങൾ ശരിയാക്കി കിട്ടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.