സ്വദേശം ജപ്പാനിൽ; ഇത് വെറും ടാക്സിയല്ല

Mail This Article
സ്വദേശം ജപ്പാനിലാണ് ഉടമസ്ഥർ ടൊയോട്ടയും. പറഞ്ഞു വരുന്നത് ഒരു ടാക്സിയെ പറ്റിയാണ്. ഒരു ടാക്സിയല്ലേ എന്നു ചോദിക്കാൻ തുടങ്ങുന്നവരോട്, നിങ്ങളിത് കേൾക്കണം.
ജപ്പാനിലും ഒരു ടാക്സിയുണ്ട്. പ്രത്യേകമായ ഒന്ന്. അതാണ് ജെപിഎൻ ടാക്സി എന്നറിയപ്പെടുന്ന ടൊയോട്ട ജപ്പാൻ ടാക്സി. ജാപ്പനീസ് സർക്കാരിന്റെ നിർദ്ദേശപ്രകാരം യൂണിവേഴ്സൽ ഡിസൈൻ സ്പെസിഫിക്കേഷനുകൾക്കനുസൃതമായി നിർമിച്ച ടാക്സി കാബാണിത്. കൃത്യമായി പറഞ്ഞാൽ 2013 ൽ നടന്ന 43ാമത് ടോക്കിയോ മോട്ടോർ ഷോയിലാണ് ജെപിഎൻ ടാക്സി എന്നു പറയുന്ന ആശയം തന്നെ അവതരിപ്പിക്കുന്നത്. 2015 ൽ നെക്സ്റ്റ് ജനറേഷൻ ടാക്സി എന്ന പേരിൽ ആശയത്തെ പുനർനാമകരണം ചെയ്തു. അങ്ങനെ നാലു വർഷങ്ങൾക്കു ശേഷം 2017 മുതലാണ് ഈ മോഡൽ വിപണിയിൽ എത്തിത്തുടങ്ങിയത്. ചിലപ്പോൾ ഈ ടാക്സിയെ മറ്റു ടാക്സികളെ പോലെ തോന്നിയേക്കാം. അല്ല തോന്നും. മറ്റേതുമല്ല ലണ്ടൻ ടാക്സിയെ പോലെ. എന്നാൽ രണ്ടും തമ്മിൽ ഒരുപാടു വ്യാത്യാസങ്ങളുണ്ട്.

ഇവിടെ അല്ലാതെ ഹോങ്കോങ്ങിലും തായ്‌ലന്റിലുമാണ് കാർ വിപണിയിലെത്തിയത്. തായ്‌ലന്റിൽ ജപ്പാൻ ടാക്സിയുടെ പുനർനിർമിച്ച പതിപ്പായി തായ് ജപ്പാൻ ടാക്സി എന്ന പേരിലാണ് കാർ എത്തിയത്. ഹോങ്കോങ്ങിൽ ഇത് ടൊയോട്ട കംഫർട്ട് ഹൈബ്രിഡ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ടൊയോട്ട മോട്ടോർ ഈസ്റ്റ് ജപ്പാനിലാണ് ടാക്സിയുടെ നിർമാണം. ടൊയോട്ടയിൽ കറുപ്പ്, വെള്ള, ഇൻഡിഗോ (koiai)എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്. ജപ്പാനിലെ ടാക്സികളെ സംബന്ധിച്ച് ഇൻഡിഗോ ബ്ലൂ നിറം വളരെ പ്രധാനമാണ്. വീൽചെയറിൽ ഇരിക്കുന്ന ആളുകൾക്കും ബുദ്ധിമുട്ടില്ലാതെ ഇതിൽ കയറാനും ഇരിക്കാനും സാധിക്കും. പിൻ സീറ്റുകൾ മടക്കാനും റാംമ്പ് മടക്കി പുറത്തിട്ട് വില്‍ചെയറിലിരിക്കുന്ന ആളുകൾക്ക് കാറിലേക്ക് കയറാനും കഴിയുന്ന തരത്തിലാണ് കാറിന്റെ ഡിസൈൻ. പുറകിലുള്ള പാസഞ്ചർ ഡോർ ഇലക്ട്രിക്കലി ഓപ്പറേറ്റ് ചെയ്യുന്നതാണ്. ഉയർന്ന സീലിങ്, പവർ റിയർ സ്ലൈഡിങ് ഡോർസ് തുടങ്ങിയവ പ്രധാന ഫീച്ചറുകളാണ്. 1.5 ലീറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ഉള്ള ഹൈബ്രിഡ് പവർട്രെയിൻ ആണിത്.

കാറിന് ആവശ്യത്തിന് ബൂട്ട് സ്പേസ് ഉണ്ട്. രണ്ട് വലിയ സ്യൂട്ട്കേസുകളോ അല്ലെങ്കിൽ നാല് ചെറിയ ബാഗുകളോ വയ്ക്കാൻ വേണ്ടി സാധിക്കും. ഇനി കാറിനുള്ളിലേക്ക് വന്നാൽ ഒമ്പത് ഇഞ്ചാണ് ഹെഡ്സ്പേസ്. ബിൽറ്റ് ഇൻ സൗണ്ട് പ്രൂഫിങ്ങും എയർ പ്യൂരിഫിക്കേഷനും വാഹനത്തിലുണ്ട്. ഹൈബ്രിഡ് സിസ്റ്റത്തിലാണ് ടാക്സി പ്രവർത്തിക്കുന്നത്. മലിനീകരണവും കുറവാണ്.

നഗര കേന്ദ്രങ്ങളിൽ പോലും ഇന്ധനക്ഷമത 23 കിലോമീറ്ററാണന്ന് പറയപ്പെടുന്നു, സേഫ്റ്റി സെൻസ് സാങ്കേതികവിദ്യകളടക്കം നൂതന സുരക്ഷ സംവിധാനങ്ങളടക്കം ജെപിഎൻ ടാക്സിയിലുണ്ട്. ടൊയോട്ട ക്രൗണിനേക്കാൾ വളരെ സുരക്ഷിതമാണ് ഈ കാർ. അഞ്ച് സീറ്റർ ക്യാബിനിൽ ആറ് എയർബാഗുകൾ ഉണ്ട്. ജപ്പാൻ ന്യൂ കാർ അസസ്മെന്റ് പോഗ്രാമിൽ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിങ് ലഭിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതും പ്രധാന കാര്യമാണ്.
2020 ലെ ടോക്കിയോ ഒളിംപിക്സിനും പാരാലിംപിക്സിനും ആധിത്യം വഹിക്കുന്ന ജപ്പാനിൽ നിരവധി ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുക. ഇവർക്ക് സുഖകരമായി യാത്ര ചെയ്യാൻ ജപ്പാൻ ടാക്സി ഉപയോഗിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. മാത്രമല്ല ജപ്പാനിലെത്തുന്ന ടൂറിസ്റ്റുകൾക്ക് തടസങ്ങളൊന്നുമില്ലാതെ യാത്ര ചെയ്യാനുള്ള മാർഗമായും ഈ ടാക്സി ലക്ഷ്യം വച്ചു. എൽപിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന ടൊയോട്ട ഹൈബ്രിഡ് പവർ സിസ്റ്റത്തിലാണ് ജെപിഎൻ ടാക്സി പ്രവർത്തിക്കുന്നത്.

കഴിഞ്ഞ വർഷം കാറിന് ചെറിയ അപ്ഡേഷനും നടത്തി. തുടക്കത്തിലുണ്ടായ ഫോർ ഡോർ സെഡാൻ ഡിസൈനിൽ നിന്നും വ്യത്യസ്തമായി ഉയർന്ന ബോഡി ഷേപ്പിലേക്ക് മാറി. ഇന്റീരിയർ സപേസിലും മാറ്റം വന്നു. സുരക്ഷയുടെ ഭാഗമായി ജെപിഎൻ ടാക്സി ടൊയോട്ട സേഫ്റ്റി സെൻസിലേക്ക് മാറി. അപകടം, കൂട്ടിയിടി എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന ലേസർ റഡാറും മോണോക്കുലാർ ക്യാമറകളും ചേർന്ന ഒരു ഡിറ്റക്ഷൻ സെൻസറും ഉണ്ട്. സിഗ്നലിംഗ് ഇല്ലാതെ വാഹനം ലെയ്നിൽ നിന്ന് വ്യതിചലിക്കാൻ സാധ്യതയുണ്ടെങ്കിൽ ഒരു ബസറും ഡിസ്പ്ലേയും ഉപയോഗിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട് എന്നിവയും പ്രധാന സവിശേഷതകളിൽ പെടുന്നു. പുതുക്കിയ ക്യാബിനിലേക്ക് വരുമ്പോൾ കാര്യമായ മാറ്റം 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ റീഡിസൈൻ ചെയ്തു. പിൻസീറ്റ് യാത്രക്കാർക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന റൂഫ് മൗണ്ടഡ് എയർ വെന്റ്സ് ഉണ്ട്. ആന്റി ബാക്ടീരിയൽ സീറ്റ് ഫാബ്രിക് പോലുള്ള ഇന്റീരിയൽ ഫീച്ചേഴ്സ് ഇപ്പോഴും ടൊയോട്ട നൽകുന്നുണ്ട്. 1.5 ലീറ്റർ എൽപിജി എൻജിനും ഒരു ഇലക്ട്രിക് മോട്ടോറും നിക്കൽ മെറ്റൽ ബാറ്ററി പായ്ക്കും ചേർന്ന സെൽഫ് ചാർജിങ് ഹൈബ്രിഡ് പവർട്രെയിൻ തന്നെയാണ് ജെപിഎൻ ടാക്സിയിൽ ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത്തവണത്തെ പ്രധാന മാറ്റം എൽപിജി ടാങ്കിന്റെ വലുപ്പം കൂടി. ഇത് 52 ലീറ്ററിൽ നിന്ന് 58 ലീറ്ററായാണ് കൂടിയത്. ബ്ലൈന്റ് സ്പോട്ട് മോണിറ്ററിങ് എന്ന ഓപ്ഷനും പുതുതായി ലഭ്യമാണ്.
ടൊയോട്ടയുടെ ജപ്പാൻ ടാക്സിയും ഒരു നോർമൽ ടാക്സിയും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ രൂപം തന്നെയാണ്. ജപ്പാനീസ് ടാക്സികൾ എന്നു പറയുമ്പോൾ മിക്കവരും ചിന്തിക്കുന്നത് അവയെല്ലാം സെഡാൻ ടൈപ്പ് ആണെന്നാണ്. പക്ഷെ അങ്ങനെയല്ല. ജപ്പാൻ ടാക്സി വാഗൺ ടൈപ്പ് ആണ്. 2018 ൽ 40000 യൂണിറ്റുകൾ വിൽക്കപ്പെട്ടിട്ടുണ്ട്. നീളം 4400 mm വീൽബേസ് 2750 mm. 1.5 ലീറ്റർ 4 സിലിണ്ടർ എൽപിജി എൻജിനും 45 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമാണുള്ളത്. ഇതിന് രണ്ട് വേരിയന്റുകൾ ആണുള്ളത്. നഗോമി ആന്റ് തക്കോമി. രണ്ടും ഹൈബ്രിഡ് ആണ്.
പോസിറ്റീവ് പോലെ തന്നെ ചില നെഗറ്റീവ്സ് കൂടി ഇതിനുണ്ട്. ഒന്ന് വാഹനത്തിന്റെ വില, ആക്സിലറേഷൻ വളരെ സെൻസിറ്റീവ് ആയതിനാൽ കണങ്കാലിന് അസുഖം വരുന്നു, കാറിന്റെ സീലിംഗിനെ പറ്റിയുള്ള അഭിപ്രായം, ഏകദേശം 200,000 കിലോമീറ്റർ ഓടുന്ന വാഹനത്തിലെ ഇൻവെർട്ടർ പരാജയമാണെന്നും സ്ലൈഡിംഗ് ഡോർ തകരാറാണെന്നും, 95% വാഹനങ്ങൾക്കും അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും ഒക്കെയാണ് ഉയരുന്ന പരാതികൾ.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് (https://media.toyota.co.uk/images/toyota-jpn-taxi-2017-current/#lg=1&slide=7) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.