ഗ്ലൈഡർ ബോഡിയിൽ ബെൻസും മറ്റു താരങ്ങളും: മികവിൽ ആരാണു മുന്നിൽ?

Mail This Article
വെളുപ്പിനും വൈകുന്നേരങ്ങളിലും നമ്മുടെ നിരത്തുകളിലെ സ്ഥിരം സാന്നിധ്യമാണ് ദീർഘദൂര സ്വകാര്യ ആഡംബര ബസുകൾ. കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഈ മേഖലയിൽ ഇപ്പോഴത്തെ ട്രെൻഡ് സ്ലീപ്പർ കോച്ചുകളാണ്. നിരത്തിൽക്കാണുന്ന 90 ശതമാനം വാഹനങ്ങളും ഡബിൾ ഡെക്കർ എസി സ്ലീപ്പർ കോച്ചുകൾ. എസി ഇല്ലാത്തവ ഇല്ലെന്നു തന്നെ പറയാം. മറ്റൊരു പ്രധാനമാറ്റം മൾട്ടി ആക്സിൽ വോൾവോകളുടെയും സ്കാനിയകളുടെയും സാന്നിധ്യം തീരെ കുറഞ്ഞു. ഉയർന്ന വിലയും (1.2 കോടി മുതൽ 1.4 കോടി രൂപ വരെ) പരിപാലന ചിലവും ആകാം കാരണം. സ്വകാര്യ ഉടമകൾ കൂടുതലും ഭാരത് ബെൻസ് ബസുകളിൽ എംജി ഗ്ലൈഡർ ബോഡിയുള്ള ഇൻറർ സിറ്റി സർവീസിലേക്ക് മാറുന്നു എന്നതാണ് മറ്റൊരു ട്രെൻഡ്. ഐഷറും ടാറ്റയും പതിയെ പിടിമുറുക്കുന്ന ഈ വിപണിയിൽ ലെയ്‌ലൻഡിന്‍റെ സാന്നിധ്യം പഴയതുപോലെ കാണുന്നില്ല.

കർണാടകയിലെ ബെൽഗാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എം.ജി. ഗ്രൂപ്പാണ് ഗ്ലൈഡർ ബോഡിയുടെ നിർമാതാക്കൾ. എയർ കണ്ടീഷനിങ്, ഉയർന്ന റൂഫുമായി സ്ലീപ്പർ ലേ ഔട്ട്, മികച്ച സീറ്റുകൾ, എൽഇഡി മൂഡ് ലൈറ്റിങ്, യുഎസ്ബി ചാർജിങ് പോയിന്റുകൾ, ശബ്ദശല്യമില്ലാത്ത ഉൾവശം എന്നിവയാണ് മനോഹരമായ രൂപത്തിനു പുറമെ ഈ ബോഡിയുടെ സവിശേഷതകൾ.

എം.ജി. ഗ്ലൈഡർ സ്ലീപ്പർ ബോഡിയിൽ ഏറ്റവുമധികം ഇറങ്ങുന്നത് ഭാരത് ബെൻസാണ്. കേരളത്തിലെ വിതരണക്കാരായ ഓട്ടോബാൻ ട്രക്കിങാണ് ഇതിനു പിന്നിൽ. കേരളത്തിലിറങ്ങുന്ന ബെൻസ് ബസുകളുടെ ഏക ബോഡി ബിൽഡറാണ് എം.ജി. എന്നാൽ ഭാരത് ബെൻസിനു പുറമെ, ടാറ്റ, ഐഷർ, അശോക്‌ലെയ്‌ലൻഡ് ഷാസികളിലും ഗ്ലൈഡർ ബോഡിയാകാം. ഇവയിൽ ഏതാണ് മികവിൽ മുന്‍ പന്തിയിൽ, പരിശോധിക്കാം.

ഭാരത്‌ബെൻസ്: പ്രീമിയം സൗകര്യങ്ങളും യാത്രാസുഖവും ലക്‌ഷറി ഇന്റർസിറ്റി സ്ലീപ്പർ കോച്ചുകൾക്ക് ഭാരത് ബെൻസ് മികച്ച ഓപ്ഷനാക്കുന്നു. 1624(12 മീറ്റര്‍), 1824 (13.5 മീറ്റർ) മോഡലുകൾ. ഒഎം 926 എന്ന 7.2 ലീറ്റർ എൻജിൻ. ഈ 240 കിലോവാട്ട് എൻജിന് ഉയർന്ന ടോർക്ക്, പൂർണ്ണ എയർ സസ്പെൻഷൻ എന്നിവയുണ്ട്, ഇത് ദീർഘദൂര യാത്രകൾ അസാധാരണമായി സുഗമമാക്കും. കാബിനിലെ കുറഞ്ഞ ശബ്ദവും വിറയലും നിശബ്ദ യാത്രാനുഭവം നൽകുന്നുണ്ട്.
ഓറഞ്ച് ട്രാവൽസ്, പർവീൻ തുടങ്ങിയ ഓപ്പറേറ്റർമാർ ഉന്നത നിലവാരമുള്ള റൂട്ടുകൾക്ക് എം.ജി. ഗ്ലൈഡർ ബോഡിയുള്ള ഭാരത്‌ബെൻസ് കോച്ചുകൾ വ്യാപകമായി സ്വീകരിച്ചിട്ടുണ്ട്. യാത്രാ സൗകര്യവും ബ്രാൻഡ് മൂല്യവും പ്രധാനമാകുന്ന പ്രീമിയം ടൂറിസ്റ്റ് ഫ്ലീറ്റുകൾക്കും ദീർഘദൂര ഇന്റർസിറ്റി സർവീസുകൾക്കും ഈ വാഹനം അനുയോജ്യമാണ്. എം.ജി. ഗ്ലൈഡർ ബോഡിയുള്ള ഭാരത്‌ബെൻസ് സ്ലീപ്പർ കോച്ചിന് 80–85 ലക്ഷം രൂപയാണ് വില, ഈ നിരയിലെ ഏറ്റവും കൂടിയ വില.

അശോക് ലെയ്‌ലൻഡ്: ഇന്ത്യൻ ഗതാഗത മേഖലയിലെ വിശ്വസ്തമായ പേര്. യാത്രാസുഖവും പ്രകടനവും ആഗ്രഹിക്കുന്നവർക്ക് അശോക് ലെയ്‌ലൻഡ് ശക്തമായ ബദൽ വാഗ്ദാനം ചെയ്യുന്നു. ഗരുഡ് 13.5എം എന്ന മോഡലുകൾ സ്ലീപ്പർ റെഡിയാണ്. 5.3 ലീറ്റർ നാലു സിലിണ്ടർ 185 കിലോവാട്ട് എൻജിൻ. 13.5എം ഷാസി പൂർണ എയർ സസ്പെൻഷനാണ്. സംസ്ഥാന ഗതാഗത കോർപ്പറേഷനുകളിലും വലിയ ഫ്ലീറ്റ് ഓപ്പറേറ്റർമാരിലും ലെയ്‌ലൻഡ് ഇപ്പോഴും പ്രിയ വാഹനമാണ്.
ദക്ഷിണ ഇന്ത്യയിലെ വിശാലമായ സർവീസ് നെറ്റ്‌വർക്കും ദീർഘദൂരങ്ങളിലെ തെളിയിക്കപ്പെട്ട വിശ്വാസ്യതയുമാണ് അശോക് ലെയ്‌ലൻഡിന്റെ നേട്ടം. ഭാരത് ബെൻസിനൊപ്പം മികച്ച പ്രകടനവും യാത്രാസുഖവും ഇല്ലെങ്കിലും, മികച്ച മൂല്യവും വിശ്വാസ്യതയും നൽകുന്നു. എം.ജി. ഗ്ലൈഡർ ബോഡിയുള്ള അശോക് ലെയ്‌ലൻഡ് സ്ലീപ്പർ കോച്ചിന്റെ വില ഏകദേശം 77 ലക്ഷം രൂപയാണ്.

ടാറ്റ മോട്ടോഴ്സ്: വൈവിധ്യവും ദേശവ്യാപകമായ വിൽപന സർവീസ് ശൃംഖലയും മുഖ്യ സവിശേഷതകൾ. പുതിയ മോഡലുകളുടെ പ്രകടന മികവ് ശ്രദ്ധേയം. എൽപിഒ 1822 എന്നി ഷാസി എം.ജി. ഗ്ലൈഡർ ബോഡിയുമായി ഇണങ്ങും. കുമിൻസിന്റെ 5.6 ലീറ്റർ ആറ് സിലിണ്ടർ എൻജിൻ. 163 കിലോവാട്ട് ശേഷിയുള്ള എൻജിനുള്ള ടാറ്റ ബസുകൾ മിക്ക ഇന്റർസിറ്റി സ്ലീപ്പർ ഉപയോഗങ്ങൾക്കും യോജിക്കും.
വിപുലമായ സർവീസ് നെറ്റ്‌വർക്കാണ് ടാറ്റയെ വേറിട്ടു നിർത്തുന്നത്. സുഖസൗകര്യങ്ങൾ മോശമില്ല. പ്രത്യേകിച്ച് ഓപ്ഷണൽ എയർ സസ്പെൻഷനുള്ള ഉയർന്ന നിലവാരമുള്ള വേരിയന്റുകളിൽ. താരതമ്യേന കുറഞ്ഞ മുതൽമുടക്കിൽ പെട്ടെന്നു ലാഭം നേടാൻ ശ്രമിക്കുന്ന ഓപ്പറേറ്റർമാർക്ക് ടാറ്റ മതിയാകും. സ്ലീപ്പർ കോൺഫിഗറേഷനുള്ള വില 73–76 ലക്ഷം രൂപ.

ഐഷർ: സാമ്പത്തിക ലാഭമുണ്ട്, പക്ഷേ പൂർണ്ണ സ്ലീപ്പറിന് പരിമിതികളുമുണ്ട്. വോൾവോയുമായുള്ള സാങ്കേതിക കൂട്ടു കെട്ട് ഐഷറിന് ആധുനികത നൽകുന്നു. ഇന്ധനക്ഷമതയും കുറഞ്ഞ മൊത്ത ചെലവും കൊണ്ട് ശ്രദ്ധേയം. ലക്‌ഷറി സ്ലീപ്പർ കോച്ചുകളുടെ കാര്യത്തിൽ, ഐഷര്‍ വിപണി പിടിച്ചു വരുന്നതേയുള്ളൂ. സ്കൈലൈൻ പ്രൊ 6016 പോലുള്ള മോഡലുകൾ 180-210 എച്ച്പി എൻജിനുകളും സെമി-സ്ലീപ്പർ അല്ലെങ്കിൽ ചെറിയ ഇന്റർസിറ്റി റൂട്ടുകൾക്കുള്ള സുഖകരമായ യാത്രയും നൽകുന്നു,
ഐഷർ ഷാസിയിൽ നിർമിച്ച ഗ്ലൈഡർ സ്ലീപ്പർ കോച്ചിന് 70-75 ലക്ഷം രൂപയാണ് വില.
ഏതാണ് തിരഞ്ഞെടുക്കേണ്ടത്? മുൻഗണന പ്രീമിയം, യാത്രാനുഭവമാണെങ്കിൽ ഭാരത്‌ബെൻസ് മുന്നിലാണ്. പുറമെ പ്രീമിയം എൻജിൻ പ്രകടനം, മികച്ച കാബിൻ അനുഭവം എന്നിവ വാഗ്ദാനം ചെയ്യുന്നു.
വിശ്വാസ്യത, കുറഞ്ഞ പരിപാലന ചെലവ്, ശക്തമായ പിന്തുണ എന്നിവ തേടുന്നവർക്ക്, സ്ലീപ്പർ മേഖലയിൽ ശക്തമായ ട്രാക്ക് റെക്കോർഡുള്ള അശോക് ലെയ് ലൻഡ് പരിഗണിക്കാം.
വ്യാപകമായ നെറ്റ്‌വർക്ക് കൊണ്ട് ടാറ്റ മോട്ടോഴ്സ് വേറിട്ടു നിൽക്കുന്നു, മികച്ച പ്രകടനവും വിശ്വസനീയമായ സേവനവും വാഗ്ദാനം ചെയ്യുന്നു.
ബജറ്റ് ഓപ്പറേഷനുകൾക്ക് ഐഷര്‍ മികച്ചതാണെങ്കിലും കുറഞ്ഞ ദൂരമോ സെമി ലക്‌ഷറിയോ ആയ ആപ്ലിക്കേഷനുകൾക്ക് കൂടുതൽ ഉത്തമം.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് www.instgram/auto_clickz_india, www.facbook.com/veeveebusservices, എന്നീ അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.