ADVERTISEMENT

വാഹനങ്ങളുടെ അമിത വേഗം പലപ്പോഴും ആപത്തിലേക്കേ നയിച്ചിട്ടുള്ളൂ. ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് ദിനംപ്രതി നമുക്ക് ചുറ്റും നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലിവർപൂൾ താരം ഡിയോഗോ ജോട്ടയും സഹോദരനും കാറപകടത്തിൽ മരിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് തീപിടിച്ച കാർ പൂർണമായും കത്തിനശിക്കുകയും ചെയ്തു. താരത്തിന് ആദരാഞ്ജലി അർപ്പിച്ചും പ്രതിരോധമാകണം നിരത്തിൽ എന്ന ആശയം ചൂണ്ടിക്കാട്ടിയും കേരള മോട്ടോർ വാഹന വകുപ്പ് സമൂഹമാധ്യമത്തിൽ ഒരു കുറിപ്പും പങ്കുവച്ചു. ഉയർന്ന വേഗത്തിൽ ഓടുന്ന വാഹനങ്ങളിൽ ചെറിയ പിഴവുകൾ പോലും വലിയ അപകടത്തിലേക്ക് നയിക്കാമെന്നും എംവിഡി പോസ്റ്റിൽ പറയുന്നു. 

അമിതവേഗം ആപത്ത്

നിരത്തുകളിലൂടെ വാഹനമോടിക്കുമ്പോൾ ചെറിയ അശ്രദ്ധ വരെ ജീവന് ഭീഷണി ആയേക്കാം. അമിത വേഗത്തിൽ വണ്ടി ഓടിക്കുമ്പോൾ പെട്ടെന്ന് നിയന്ത്രണം നഷ്ടമാകും. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നതും മദ്യപിച്ച് വാഹനമോടിക്കുന്നതുമെല്ലാം അപകടത്തിനേ ഇടയാക്കുള്ളൂ. ചീറിപ്പാഞ്ഞു പോകുന്നതിനു പകരം മിതമായ വേഗത്തിൽ മുന്നിലുള്ള വാഹനവുമായി ഒരു നിശ്ചിത ദൂരത്തിൽ വാഹനമോടിച്ചാൽ അത്രയും നല്ലത്. പ്രത്യേകിച്ചും മഴ പെയ്യുന്ന സമയം അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്, ഈ സമയം അമിത വേഗം തന്നെ കാരണമാകണമെന്നും ഇല്ല. 

വാഹനങ്ങളിലെ ചക്രങ്ങൾ ഊരി തെറിച്ചും പൊട്ടിയും എല്ലാം അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?

വാഹനങ്ങളുടെ വീലുകൾ മുറുക്കുന്ന വീൽ നട്ട് ടൈറ്റ് ആണെന്ന് ഇടക്കിടയ്ക്ക് നോക്കി ഉറപ്പു വരുത്തേണ്ടതാണ്. ഇനി അഥവാ നട്ടുകൾക്ക് തകരാർ സംഭവിക്കുകയാണെങ്കിൽ അതിന് സമാനമായ നട്ടുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വേറെ വാഹനത്തിനു വേണ്ടി തയാറാക്കിയ നട്ടുകൾ മാറ്റിയിടുന്നത് ഒഴിവാക്കുക. വാഹനത്തിന്റെ ടയർ മാറ്റാൻ സമയമായിട്ടുണ്ടെങ്കിൽ അധികം വൈകിപ്പിക്കാതെ അത് മാറ്റുക. തേഞ്ഞ ടയർ ഉപയോഗിച്ച് വാഹനമോടിക്കുന്നത് അപകടം വിളിച്ചുവരുത്തുന്നതു പോലെയാണ്. ഇത്തരം വാഹനങ്ങളുമായി റോഡിലേക്കിറങ്ങുമ്പോൾ , നനഞ്ഞ റോഡാണെങ്കിൽ റോഡിന്റെ ഗ്രിപ്പ് കുറയും. ഇത് വാഹനത്തിന്റെ സ്റ്റോപ്പിങ് ഡിസ്റ്റൻസ് വർധിപ്പിക്കുകയും വാഹനം തെന്നി മാറാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. 

തേയ്മാനമുള്ള ടയറുകൾ പെട്ടെന്ന് പൊട്ടാനും സാധ്യത കൂടുതലാണ്. അപ്പോൾ ഉയർന്ന വേഗത്തിൽ വാഹനം ഓടുകയും ടയർ പൊട്ടുകയും ചെയ്താൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം ഉണ്ടാവുകയും ചെയ്യും. ഇതുമാത്രമല്ല തേഞ്ഞ ടയറുകൾ ഉപയോഗിക്കുമ്പോൾ നിയന്ത്രിക്കാനും ബുദ്ധിമുട്ടുണ്ടാകും. ഇത്തരം സന്ദർഭങ്ങളിലും അല്ലാതെയും വാഹനം ബ്രേക്ക് ചെയ്യുമ്പോൾ വിചാരിച്ചതിലും കുറച്ചധികം ദൂരം സഞ്ചരിച്ച ശേഷമാകും വാഹനം നിൽക്കുക. ഇത് വളരെ അപകടമാണ്. 

മദ്യപിച്ച് വാഹനമോടിക്കുന്നത് ഓടിക്കുന്നയാളുടെ ഏകാഗ്രത കുറയ്ക്കും. നമ്മൾ ഒരു കാര്യം വിചാരിച്ചാലും, തലച്ചോറ് നൽകുന്ന നിർദ്ദേശമനുസരിച്ച് പ്രതികരിക്കാൻ കൈകാലുകൾ കൂടുതൽ സമയം എടുക്കും. മദ്യത്തിന് പുറമേ, പല മരുന്നുകൾ കഴിക്കുന്നതും നിങ്ങളുടെ ഡ്രൈവിങ്ങിനെ ബാധിച്ചേക്കാം. 

നമ്മൾ ശ്രദ്ധിച്ചാലും റോഡിലെ കുഴികൾ അപകടം വരുത്തും. എന്നാലും അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ കുഴിയിൽ പെട്ടാൽ വലിയ അപകടമാകും സംഭവിക്കുക. അതുപോലെ റോഡിന് കുറുകെ ചാടുന്ന മൃഗങ്ങളും യാത്രക്കാരെ സംബന്ധിച്ച് വലിയ തലവേദനയാണ്. പതുക്കെ പോയാൽ വണ്ടി നിർത്താനെങ്കിലും സാധിക്കും. ട്രാഫിക് സിഗ്നലുകൾ കൃത്യമായി പാലിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com