ADVERTISEMENT

ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവി കൂപ്പെയാണ് കർവ്. എസ്‌യുവി എന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനം എന്താണെന്ന് നമുക്കറിയാം. എന്നാൽ കൂപ്പെ അത്ര പരിചിതമല്ല. വളരെ വിലപ്പിടിപ്പുള്ള ചില ബി എം ഡബ്ല്യു, മെർക്ക് മോഡലുകൾ പിൻഭാഗം ഒഴുകി താഴേക്കു പോകുന്നതു പോലെയുള്ള കൂപ്പെ മോഡലുകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ സാധാരണക്കാരന്റെ കീശയിലൊതുങ്ങുന്ന കൂപ്പെകൾ ഉണ്ടായിട്ടില്ല. കർവ് ഈ കുറവ് പരിഹരിക്കുകയാണ്. ശരാശരി ഇന്ത്യക്കാരന്റെ ബലഹീനതയായ എസ്‌യുവിയിൽ കൂപ്പെ സ്റ്റൈലിങ് കൂടി കൊണ്ടുവരാൻ ടാറ്റ നടത്തിയ ശ്രമം വിഫലമല്ലെന്ന് കർവ് കണ്ടാൽ പിടികിട്ടും.

tata-curvv-7
Tata Curvv, Image Source: Tata Motors

ഡൈനാമിക് കർവ്: നെക്സോൺ പുതിയൊരു കുപ്പായവുമണിഞ്ഞെത്തിയതാണ് കർവ് എന്നു ചില ബ്ലോഗർമാർ പണ്ടു പറഞ്ഞത് അറിവു കേടുകൊണ്ടാണെന്നു കരുതി പൊറുക്കാം. കാരണം പ്ലാറ്റ്ഫോമടക്കം തികച്ചും വ്യത്യസ്തമായ രൂപകൽപനയാണ് കർവ്. വെറുമൊരു വെള്ളക്കടലാസിൽ കോറിയിട്ടു തുടങ്ങിയ രൂപകൽപന. വാഹനത്തിന്റെ രൂപം ഉടമയുടെ സ്വഭാവവുമായി ചേർന്നു പോകണമെന്നാണ് കർവിന്റെ സൃഷ്ടാക്കളിലൊരാളായ ടാറ്റാ ഡിസൈൻ വിഭാഗം മേധാവി മാർട്ടിൻ ഉഹ്ലാറിക് വിശ്വസിക്കുന്നത്. അങ്ങനെയെങ്കിൽ തികച്ചും വൃത്യസ്തവും ഡൈനാമിക്കുമായ സ്വഭാവമുള്ളവർക്കായാണ് കർവിന്റെ രൂപകൽപന .

Tata Curvv
Tata Curvv, Image Source: Tata Motors

എന്തൊരു കർവ്: ആദ്യ കാഴ്ചയിൽത്തന്നെ ഭ്രമിപ്പിക്കുന്ന രൂപഭംഗിയാണ് കർവ്. ഇങ്ങനെയൊരു കാർ നമ്മൾ ഇതിനുമുമ്പ് കണ്ടിട്ടില്ല. ബോഡിയിലേക്കു ചേർന്നു പോകുന്ന ഡോർ ഹാൻഡിലുകളും പ്ലാസ്റ്റിക് ഇൻസേർട്ടുകളുള്ള 18 ഇഞ്ച് അലോയ്‌കളും വ്യത്യസ്തമായ എയർ ഡാമുകളുള്ള മുൻഭാഗവും പുതുമയായ കൂപ്പെ പിൻവശവും ചേർന്ന് കർവിനെ വ്യത്യസ്തമാക്കുന്നു. പിയാനോ ഗ്ലോസി ഫിനിഷുള്ള വീൽ ആർച്ചുകളും വശങ്ങളിലെ ക്ലാഡിങ്ങും  സുന്ദരം. എയ്റോ ഡൈനാമിക് ഡോർ ഹാൻഡിലുകളെപ്പറ്റിയൊരു ദോഷം പറയാനുണ്ട്. പലപ്പോഴും രണ്ടു കൈകൊണ്ടു ശ്രമിച്ചാലേ ഡോർ തുറക്കൂ. ശീലക്കുറവാണെന്നു കരുതാം.

tata-curvv-10
Tata Curvv, Image Source: Tata Motors

പ്ലാറ്റ്ഫോമിൽ തുടങ്ങുന്നു: വാഹന രൂപകൽപനയുടെ അടിത്തറയാണ് പ്ലാറ്റ്ഫോം. പേരു സൂചിപ്പിക്കുന്നതുപോലെ പ്ലാറ്റ്ഫോമിലാണ് ബോഡിയും ടയറുകളും എൻജിനുമൊക്കെ ഉറപ്പിച്ച് വാഹനരൂപം പൂണ്ട് പുറത്തിറങ്ങുന്നത്. പ്യുർ ഇലക്ട്രിക് പ്ലാറ്റ്ഫോം കൂടിയാണിത്.

tata-curvv-6
Tata Curvv, Image Source: Tata Motors

‌നെക്സോണിലും വലുപ്പം: 4310 മി മി നീളം, 1810 മി മി ഉയരം, 1637 മി മി വീതി, 2560 മി മി വീൽബേസ്. കർവ് നെക്സോണിനെക്കാൾ വലുതാണ്, എം ജി സി എസ് ഇവിക്കു തുല്യവുമാണ്. വലിയ 500 ലീറ്റർ ഡിക്കി.

tata-curvv-ev-3
Tata Curvv, Image Source: Tata Motors

സൂപ്പറാണ്, പ്രീമിയമാണ്... ഉൾവശത്ത് ശ്രദ്ധേയം തിളങ്ങുന്ന കറുപ്പും സിൽവറും സമാസമം ചേർന്നു നിൽക്കുന്ന ഡാഷ് ബോർഡ്. പൂതിയ നാലു സ്പോക്ക് സ്റ്റീയറിങ് മറ്റു ടാറ്റകളിലെപ്പോലെ ഇലൂമിനേറ്റഡ്. മുന്നിൽ വെൻറിലേറ്റ് സീറ്റുകൾ. ഡ്രൈവർ സീറ്റ് ഇലക്ട്രിക്കലായും കോഡ്രൈവർ സീറ്റ് മെക്കാനിക്കലായും ക്രമീകരിക്കാം. പിൻ സീറ്റും റിക്ലൈൻ ചെയ്യാം. പനോരമിക് സൺറൂഫ്. വലിയ 10.2 ഇഞ്ച് ഇൻസ്ട്രമെൻറ് ക്ലസ്റ്ററിൽ നാവിഗേഷൻ ഡിസ്പ്ലേ. മാത്രമല്ല ഇൻഡിക്കേറ്ററിട്ടാൽ വശങ്ങൾ കാട്ടിത്തരുന്ന ക്യാമറ തെളിയും. റേഞ്ചടക്കം എല്ലാ വിവരങ്ങളും വിശദമായി ഈ ക്ലസ്റ്ററിൽ മിഴിവോടെ കാണാം. മധ്യത്തിലായുള്ള 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ്സിസ്റ്റം, 9 ജെബിഎൽ തിയെറ്റർ സ്പീക്കേഴ്സ്. ആംബിയൻറ് ലൈറ്റിങ്,360 ക്യാമറ, വയർലെസ് ചാർജർ, ഓട്ടോ ഹെഡ് ലാംപ്, വൈപ്പർ. ജെസ്റ്റർ നിയന്ത്രിത ഡിക്കി ഡോർ. എല്ലാ സംവിധാനങ്ങളും ഡ്രൈവറുടെ ശബ്ദനിയന്ത്രണത്തിൽ പ്രവർത്തിക്കും.  സൗകര്യങ്ങളിലും ഫിനിഷിലും മെർക്ക്, ബീമർ, ഔഡി നിലവാരം...

tata-curvv-4
Tata Curvv, Image Source: Tata Motors

ഡീസൽ കരുത്ത്: 1.2 ടർബോ പെട്രോളും ഇലക്ട്രിക്കുമുണ്ടെങ്കിലും ഡീസലാണ് താരം. രണ്ടുണ്ട് കാരണം. ഒന്ന് മികച്ച ഡ്രൈവബിലിറ്റി, രണ്ട് മികച്ച ഇന്ധനക്ഷമത. മിഡ് സൈസ് എസ് യു വി വിഭാഗത്തിൽ വളരെ കുറച്ചു മോഡലുകൾ മാത്രമേ ഡീസലിൽ ലഭിക്കൂ എന്നതും ഡീസൽ വാഹനപ്രേമികളെ കർവിലേക്ക് അടുപ്പിക്കും. നാലു സിലണ്ടർ 1.5 കൈറോജെറ്റ് എൻജിന് 118 ബി എച്ച് പി, 260 എൻ എം ടോർക്ക്. ടാറ്റ വികസിപ്പിച്ചെടുത്ത എസ് സി ആർ എമിഷൻ കൺട്രോൾ സംവിധാനത്തിന് ആഡ് ബ്ലൂ പോലെയുള്ള ഏർപ്പാടുകൾ വേണ്ട എന്നതും മികവാണ്.

tata-curvv-9
Tata Curvv, Image Source: Tata Motors

വന്നു ഡി സി എ: 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഡി സി എ ഓട്ടമാറ്റിക് ഗിയർബോക്സ് ഡീസൽ മോഡലിനു ലഭിച്ചു എന്നതാണ് പുതിയ വാർത്ത. സുഖകരമായ ഡ്രൈവിങ് തേടുന്നവർക്ക് ഇനി മറ്റു കാറുകൾ തേടി അലയേണ്ട. പൂജ്യത്തിൽ നിന്ന് 12 സെക്കൻഡു കൊണ്ട് നൂറിലെത്തുന്ന വാഹനം എതിരാളികളായ സെൽറ്റോസിനും ക്രേറ്റയ്ക്കും തെല്ലു ഭീതിയുണ്ടാക്കിയാൽ അദ്ഭുതപ്പെടേണ്ടതില്ല. എൻജിൻ, ഗിയർബോക്സ് പെർഫോമൻസിൽ തെല്ലു മുന്നിൽ നിൽക്കും. സിറ്റി, ഇക്കോ, സ്പോർട്സ് മോഡുകളുണ്ട്.

വില: ഡീസൽ ഡിസിഎ ആറു മോഡലുകൾ. 14.29 ലക്ഷം രൂപ മുതൽ 19.32 ലക്ഷം രൂപ വരെ.

English Summary:

Curvv is India's first SUV coupe. This car combines the practicality of an SUV with the stylish design of a coupe, making it a unique offering in the Indian market.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com