വ്യവസായങ്ങളിൽ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നത്: പി രാജീവ്
Mail This Article
കൊച്ചി: അടുത്ത ഏതാനം വർഷങ്ങൾക്കുള്ളിൽ പ്രതിവർഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (ഇൻമെക്ക്) ഏർപ്പെടുത്തിയ "സല്യൂട്ട് കേരള 2024" ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങൾ കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയുടെ വ്യാവസായിക വിറ്റുവരവ് കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിസിനസ് ചെയ്യാൻ എളുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ കേരളത്തെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിയമനിർമാണ സംരംഭങ്ങൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ ഇതേവരെ സ്വീകരിച്ച നടപടികളുടെ വിശദമായ അവതരണവും മന്ത്രി നടത്തി.
വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്‌നർ തുറമുഖ ടെർമിനൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസന കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സർക്കാർ ആസൂത്രണം ചെയ്‌തിരിക്കുന്ന വികസന മേഖല ആഗോള വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിന് സംരംഭകർക്ക് നിക്ഷേപം നടത്താൻ മികച്ച അവസരമൊരുക്കുന്നതായി കൊച്ചിയിൽ നടന്ന സല്യൂട്ട് കേരള പരിപാടിയിൽ മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇലക്‌ട്രോണിക്‌സ്, മെഡിക്കൽ ഉപകരണങ്ങൾ, കാർഷിക സംസ്‌കരണം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകൾ കേരളത്തിന്റെ ഭാവി പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും നിർമിതബുദ്ധി വമ്പിച്ച മാറ്റങ്ങളാണ് കൊണ്ട് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേരളം ബിസിനസ് സൗഹൃദമല്ലാത്ത സ്ഥലമാണെന്നത് തെറ്റിദ്ധാരണയാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളൊന്നും തൊഴിലാളി പ്രശ്‌നങ്ങൾ നേരിട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെപ്പോലുള്ള പുതുതലമുറ ട്രേഡ് യൂണിയൻ നേതാക്കൾ ഉത്തരവാദിത്തത്തോടെ പ്രശ്‌നങ്ങളെ സമീപിക്കുകയും പ്രശ്‌നങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ സംരംഭകത്വ സാധ്യതകൾ വികസിപ്പിക്കുന്നതിൽ പ്രവാസി മലയാളികൾ വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ കേരള ബ്രാൻഡ് വികസിപ്പാക്കണമെന്നും കേരളത്തിന്റെ ടൂറിസം സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതിന് ജലാശയങ്ങളെ ഏറ്റവും വൃത്തിയുള്ളതാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഗൾഫർ ഗ്രൂപ്പിൻ്റെ സ്ഥാപകൻ പി മുഹമ്മദ് അലി പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ പുതിയ വ്യവസായ നയത്തിൻ്റെ വിശദമായ അവതരണം വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് നടത്തി.
ആജീവനാന്ത സംഭാവനയ്ക്കുള്ള "ഇൻമെക്ക് ലീഡർഷിപ്പ് സല്യൂട്ട്" പുരസ്‌കാരം ഡോ. പി.മുഹമ്മദ് അലി ഗൾഫാറിനു മന്ത്രി സമ്മാനിച്ചു. കേരളത്തിന്റെ വ്യവസായിക ഭൂപടത്തെ രാജ്യാതിർത്തികൾക്ക് പുറത്തേക്ക് നയിക്കുന്നതിനും സംസ്ഥാനത്തെ ഒരു മികച്ച സംരംഭകത്വ സൗഹൃദമാക്കി വളർത്തുന്നതിനുമായ പരിശ്രമിച്ച ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഡോ. വിജു ജേക്കബ്, സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, ഗോകുലം ഗോപാലൻ, ഗോകുലം ഗ്രൂപ്പ്, വി കെ മാത്യൂസ്, ഐബിഎസ് സോഫ്റ്റ്‌വെയർ, ഡോ. കെ വി ടോളിൻ ടോളിൻസ് ടയേഴ്സ് ലിമിറ്റഡ്, കെ.മുരളീധരൻ, മുരള്യ, എസ് എഫ് സി ഗ്രൂപ്പ്, വി കെ റസാഖ്, വികെസി ഗ്രൂപ്പ്, ഷീല കൊച്ചൗസേപ്പ്, വി സ്റ്റാർ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, പി കെ മായൻ മുഹമ്മദ്, വെസ്റ്റേൺ പ്ലൈവുഡ്സ് ലിമിറ്റഡ്, ഡോ. എ വി അനൂപ്, എ വി എ മെഡിമിക്സ് ഗ്രൂപ്പ് എന്നിവർക്ക് ‘ഇൻമെക്ക് എക്സലൻസ് സല്യൂട്ട് പുരസ്കാരവും നൽകി.
കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022-ൽ സ്ഥാപിതമായ സംഘടനയാണ് ഇൻമെക്ക്. കേരളത്തിന്റെ വ്യാവസായിക ഭൂമികയെ വളർച്ചയുടെ പാതയിലേക്ക് നയിച്ച വ്യവസായ പ്രമുഖരെ അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് "സല്യൂട്ട് കേരള 2024" പുരസ്‌കാരങ്ങൾ.
ഇന്‍മെക്ക് ചെയര്‍മാന്‍ ഡോ.എന്‍.എം. ഷറഫുദ്ദീന്‍, സെക്രട്ടറി ജനറല്‍ ഡോ.സുരേഷ്കുമാര്‍ മധുസൂദനന്‍, ഇന്‍മെക്ക് കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ. അഡ്വ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി യൂനുസ് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.