ADVERTISEMENT

തിരുവനന്തപുരം ∙ ബിപിഎൽ ഗുണഭോക്താക്കൾക്കു സൗജന്യ കണക്‌ഷൻ നൽകാനുള്ള പട്ടിക തദ്ദേശവകുപ്പുനോടു ചോദിച്ചു ‘സുല്ലിട്ട’ കെ ഫോൺ ഒടുവിൽ ഭക്ഷ്യവകുപ്പിനെ സമീപിച്ചു. ബിപിഎൽ റേഷൻ കാർഡ് ഉടമകളുടെ പട്ടികയിൽനിന്നു ഗുണഭോക്താക്കളെ കണ്ടെത്തും. പ്രവർത്തനം തുടങ്ങി ഒന്നര വർഷമായിട്ടും വാഗ്ദാനം ചെയ്ത 14,000 ബിപിഎൽ കണക്‌ഷനുകൾ നൽകാനാകാത്ത സാഹചര്യത്തിലാണു ഭക്ഷ്യവകുപ്പിന്റെ സഹായത്തോടെ പുതിയ ഗുണഭോക്തൃ പട്ടിക തയാറാക്കുന്നത്. തദ്ദേശവകുപ്പ് നൽകിയ പട്ടികയിലെ പിശകുകൾ മൂലം മേൽവിലാസക്കാരനെ കണ്ടെത്താൻ കഴിയാത്തതിനാൽ 5900 സൗജന്യ ബിപിഎൽ കണക്‌ഷനുകൾ മാത്രമാണ് ഇതുവരെ നൽകിയത്.

കെ ഫോൺ പദ്ധതി പ്രഖ്യാപിച്ചപ്പോൾ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് എന്നായിരുന്നു സർക്കാർ വാഗ്ദാനം. പിന്നീട് മണ്ഡലത്തിൽനിന്ന് 100 വീതം 14000 കുടുംബങ്ങൾക്ക് എന്നായി ചുരുക്കി. ഇതിന്റെ പകുതി പോലും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും, മണ്ഡലത്തിൽ 500 എന്ന കണക്കിൽ 70000 കുടുംബങ്ങളിലേക്കു സൗജന്യ കണക്‌ഷൻ വ്യാപിപ്പിക്കുമെന്നു 2023–24ലെ ബജറ്റിൽ സർക്കാർ പുതിയ പ്രഖ്യാപനവും നടത്തി. ഒരു വർഷം സമയമെടുത്തു തദ്ദേശവകുപ്പ് നൽകിയ പട്ടികയിൽ 6800 പേരുടെ വിവരങ്ങൾ വ്യക്തതയില്ലെന്നു കണ്ടു തിരിച്ചയച്ചിരുന്നു. 

തിരുത്തി നൽകിയപ്പോഴും അവ്യക്തത ബാക്കിയായതോടെയാണു പദ്ധതി തടസ്സപ്പെട്ടത്. ഇതിനിടെ, 124 രൂപ നിരക്കിൽ കണക്‌ഷൻ നൽകാൻ കരാറെടുത്ത സേവനദാതാവ് നഷ്ടം ചൂണ്ടിക്കാട്ടി പിൻമാറുകയും ചെയ്തു.

kfon - 1

സൗജന്യ കണക്‌ഷൻ പദ്ധതി മുടങ്ങിയതു സർക്കാരിനു നാണക്കേടായതോടെ മുഖ്യമന്ത്രി ഇടപെട്ടു നടത്തിയ ചർച്ചയിലാണു ഭക്ഷ്യവകുപ്പിന്റെ ബിപിഎൽ പട്ടികയെ ആശ്രയിക്കാൻ തീരുമാനിച്ചത്. ബിപിഎൽ റേഷൻ വാങ്ങുന്ന 41 ലക്ഷം കുടുംബങ്ങൾ കേരളത്തിലുണ്ട്. ഇവരിൽനിന്ന് അർഹരെ കണ്ടെത്തുക ശ്രമകരമാണെങ്കിലും മറ്റു വഴിയില്ല. 

കുറഞ്ഞ നിരക്കിനു കരാറെടുത്ത സേവനദാതാവ് പിൻമാറിയ സാഹചര്യത്തിൽ ശേഷിക്കുന്ന കണക്‌ഷൻ നൽകാൻ 300 രൂപ നിരക്കിൽ സർക്കാർ പണം നൽകണമെന്ന ആവശ്യം കെ ഫോൺ മുന്നോട്ടുവച്ചിട്ടുണ്ട്.

English Summary:

Kerala's K-FON project struggles to deliver free internet to BPL families. Delays, inaccurate lists, and bureaucratic hurdles plague the scheme, raising concerns about its future.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com