വ്യവസായ രംഗത്തെ പുതുമകളും സാധ്യതകളുമൊരുക്കി ത്രിദിന എക്സ്പോ

Mail This Article
ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കാക്കനാടുള്ള കിൻഫ്ര രാജ്യാന്തര എക്സിബിഷൻ സെൻ്ററിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന എക്സ്പോയിൽ, ഇന്ത്യയ്ക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള മുന്നൂറോളം പ്രതിനിധികൾ ഉൾപ്പെടെ, രാഷ്ട്രീയ, വ്യവസായിക മേഖലകളിൽ നിന്നുള്ളവരും സ്ഥാപനങ്ങളും പങ്കെടുക്കും. സംസ്ഥാനത്തെ വ്യാവസായിക മേഖലയുടെ നൂതനവികസനവും പരസ്പരസഹകരണവും ലക്ഷ്യമിട്ടാണ് എക്സ്പോ
കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ), സംസ്ഥാന വ്യവസായ വകുപ്പ്, കിൻഫ്ര, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി), കേന്ദ്ര ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ വകുപ്പ് (എം.എസ്.എം.ഇ) എന്നിവയുടെ സഹകരണത്തോടെയാണ് എക്പോ നടത്തുന്നത്. സംസ്ഥാനത്തെ കൂടുതൽ വ്യവസായസൗഹൃദപരമാക്കുന്നതിനും വ്യവസായികൾക്കിടയിൽ പങ്കാളിത്തവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ത്രിദിനസംഗമം നിർണായക പങ്കുവഹിക്കുമെന്ന് സംഘാടകർ പറഞ്ഞു.
ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയുടെ രണ്ടാമത്തെ ദിവസമായ ഡിസംബർ 14, ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എക്സ്പോയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിക്കും. വ്യവസായ മന്ത്രി പി. രാജീവ്, ധന മന്ത്രി കെ.എൻ. ബാലഗോപാൽ, റവന്യൂ മന്ത്രി കെ.രാജൻ, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യയ്ക്കകത്തും വിദേശത്തും വ്യാവസായിക ഉപകരണങ്ങൾ നിർമിക്കുന്ന മുന്നൂറോളം കമ്പനികൾ പങ്കെടുക്കും. വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, പ്രെസന്റേഷനുകൾ, ശില്പശാലകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വിവിധതരം സെൻസറുകൾ, റോബോട്ടുകൾ, സോഫ്ട്‍വെയറുകൾ എന്നിവയുടെ പ്രദർശനമുണ്ട്. വ്യാവസായിക വളർച്ചയ്ക്ക് നിർമിത ബുദ്ധി എങ്ങനെ ഉപയോഗിക്കാം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. വ്യവസായങ്ങൾ തുടങ്ങാനും നിലവിലുള്ളവ വികസിപ്പിക്കാനും ഉദ്ദേശിക്കുന്നവർക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകളുടെ പ്രത്യേക ഡെസ്കുകളും വേദിയിലുണ്ടാകും.
പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർക്ക് പൊതു, സ്വകാര്യ രംഗങ്ങളിലെ പ്രതിനിധികളുമായി സംസാരിക്കാനുള്ള അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9947733339