സിറിയയിലെ സംഘർഷം: സ്വർണവില ഉയർന്നു

Mail This Article
കൊച്ചി∙ സിറിയയിലെ പുതിയ രാഷ്ട്രീയ സംഘർഷങ്ങളും ചൈനയുടെ സ്വർണം വാങ്ങലും വിപണിയെ സ്വാധീനിച്ചപ്പോൾ സ്വർണവില രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെ ഗ്രാമിന് 75 രൂപ വർധിച്ച് 7205 രൂപയും പവന് 600 രൂപ ഉയർന്ന് 57640 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 5950 രൂപയായി.
രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2690 ഡോളർ എന്ന നിരക്കിലാണ്. ഈ മാസം ആദ്യം സംസ്ഥാനത്ത് പവന് 57600 രൂപയായിരുന്നെങ്കിലും പിന്നീട് 56720 രൂപ വരെ താഴ്ന്ന ശേഷം ഉയരുകയായിരുന്നു. കഴിഞ്ഞമാസം പവന് 55480 രൂപ വരെയായി സ്വർണവില താഴ്ന്നിരുന്നു.ലോകത്ത് സ്വർണ ഇറക്കുമതിയിൽ ഒന്നാം സ്ഥാനത്തുള്ള ചൈന സ്വർണം വാങ്ങൽ പുനരാരംഭിച്ചതും വില വർധനയ്ക്കു കാരണമായി.

ഒരു വർഷത്തിലധികമായി സ്വർണം വാങ്ങൽ നിർത്തിവച്ച ചൈനയുടെ കേന്ദ്ര ബാങ്ക് നവംബർ മുതലാണ് സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയത്. കൂടാതെ യുഎസിൽ അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറയാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും സ്വർണവിലയെ സ്വാധീനിച്ചു.രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞതും ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാൻ കാരണമായി.