കുബേരാ സൂക്ഷിച്ചോ! മസ്കിന്റെ സമ്പത്ത് 40,000 കോടി ഡോളർ ഭേദിച്ചു; ഈ നാഴികക്കല്ല് കടന്ന ലോകത്തെ ആദ്യയാൾ

Mail This Article
ഹൈന്ദവ പുരാണങ്ങളിൽ ലോകത്തെ ഏറ്റവും സമ്പന്നനായി കണക്കാക്കുന്നത് കുബേരനെയാണെങ്കിൽ വർത്തമാനകാലത്ത് ആ പട്ടം സാക്ഷാൽ ഇലോൺ മസ്കിന് സ്വന്തം. എതിരാളികളൊന്നുമില്ലാതെ സമ്പന്നലോകത്തെ ഒന്നാം നമ്പർ പദവിയിലേറി കുതിക്കുകയാണ് യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‍ല, മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ എക്സ് (ട്വിറ്റർ), സ്വകാര്യ ബഹിരാകാശ ദൗത്യസ്ഥാപനമായ സ്പേസ്എക്സ് എന്നിവയുടെ തലവൻ മസ്ക്.

ലോക ചരിത്രത്തിൽ ആസ്തി 40,000 കോടി ഡോളർ കടന്ന ആദ്യ വ്യക്തിയാണ് മസ്ക്. ഇന്നലെ യുഎസ് ഓഹരി വിപണികൾ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം മസ്കിന്റെ സമ്പത്ത് 44,700 കോടി ഡോളർ. ഏകദേശം 37.90 ലക്ഷം കോടി രൂപ. ഇന്നലെ ഒറ്റദിവസം മാത്രം 6,280 കോടി ഡോളറിന്റെ (5.32 ലക്ഷം കോടി രൂപ) വര്‍ധന. 2024ൽ ഇതുവരെ ആസ്തിയിൽ വർധിച്ചത് 18.4 ലക്ഷം കോടി രൂപ.
സമ്പത്ത് കുന്നുകൂട്ടി മസ്ക്
ലോകത്തെ ഏറ്റവും സമ്പന്നനായ മസ്കിന് തന്നെയാണ് സമ്പത്ത് ആദ്യമായി 30,000 കോടി ഡോളർ കടന്ന വ്യക്തിയെന്ന റെക്കോർഡും. മറ്റാരും ഈ നാഴികക്കല്ല് ഇതുവരെ മറികടന്നിട്ടുമില്ല. ബ്ലൂംബെർഗിന്റെ പട്ടികയിൽ രണ്ടാമതുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 24,900 കോടി ഡോളറാണ് (21.11 ലക്ഷം കോടി രൂപ). മസ്കിനേക്കാൾ 19,800 കോടി ഡോളറിന്റെ അകലം. മൂന്നാമതുള്ള മെറ്റ മേധാവി മാർക്ക് സക്കർബർഗിന്റെ ആസ്തി 22,400 കോടി ഡോളർ. ഓറക്കിൾ മേധാവി ലാറി എലിസൺ (19,800 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ തലവൻ ബെർണാഡ് അർണോ (18,100 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ മുൻനിരയിലുള്ള ഇന്ത്യക്കാരൻ. 17-ാമതുള്ള അദ്ദേഹത്തിന്റെ ആസ്തി 9,710 കോടി ഡോളർ (8.23 ലക്ഷം കോടി രൂപ). അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 19-ാം സ്ഥാനത്തുണ്ട് (7,930 കോടി ഡോളർ/6.72 ലക്ഷം കോടി രൂപ).
ഊർജമായി ട്രംപ്; കുതിച്ച് ടെസ്‍ല, സ്പേസ്എക്സ് ഓഹരികൾ
മസ്കിന്റെ സമ്പത്തിൽ മുഖ്യപങ്ക് വഹിക്കുന്നത് അദ്ദേഹം നയിക്കുന്ന ടെസ്‍ല, സ്പേസ്എക്സ് എന്നിവയുടെ ഓഹരികളാണ്. 2021ലെ റെക്കോർഡ് തകർത്തുകൊണ്ട് ടെസ്‍ല ഓഹരികൾ ഇന്നലെ പുതിയ ഉയരത്തിലെത്തിയത് മസ്കിന്റെ ആസ്തിയും കുതിക്കാൻ വഴിയൊരുക്കി.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ ഉൾപ്പെടെയിറങ്ങി മസ്ക് സജീവമായി പിന്തുണച്ച ഡോണൾഡ് ട്രംപിന്റെ വിജയം ആവേശമാക്കിയാണ് ടെസ്‍ല ഓഹരികൾ പ്രധാനമായും മുന്നേറുന്നത്. ഇന്നലെ വ്യാപാരാന്ത്യം ടെസ്‍ല ഓഹരിവില റെക്കോർഡ് ക്ലോസിങ് ഉയരമായ 424.77 ഡോളറിലെത്തി. തകർത്തത് 2021 നവംബർ 4ലെ 409.97 ഡോളർ എന്ന റെക്കോർഡ്.

2024ൽ ഇതുവരെ ടെസ്‍ലയുടെ വിപണിമൂല്യം വർധിച്ചത് 71 ശതമാനം. ഇതിന്റെ മുഖ്യപങ്കും ട്രംപിന്റെ വിജയത്തിന് ശേഷവുമായിരുന്നു. കഴിഞ്ഞമാസം മാത്രം ടെസ്‍ല ഓഹരി 38% ഉയർന്നു. സ്പേസ്എക്സിന്റെ വിപണിമൂല്യം ഇന്നലെ 35,500 കോടി ഡോളർ എന്ന പുതിയ ഉയരത്തിലുമെത്തി. ഓഹരി ഒന്നിന് 185 ഡോളർ പ്രകാരം 125 കോടി ഡോളറിന്റെ പൊതു ഓഹരി, ജീവനക്കാരിൽ നിന്നും കമ്പനിയിലെ മറ്റ് നിക്ഷേപകരിൽ നിന്നും വാങ്ങാൻ (ഇൻസൈഡർ ട്രേഡിങ്) സ്പേസ്എക്സ് തീരുമാനിച്ചതും വിപണിമൂല്യം വർധിക്കാൻ വഴിയൊരുക്കി. കഴിഞ്ഞ ജനുവരിയിൽ വിപണിമൂല്യം 21,000 കോടി ഡോളർ മാത്രമായിരുന്നു.
എന്തുകൊണ്ട് ട്രംപിന്റെ വിജയം ടെസ്‍ലയെ ചാർജാക്കുന്നു?
ടെസ്‍ലയുടെ സ്വപ്നപദ്ധതിയായ സെൽഫ്-ഡ്രൈവിങ് കാറുകൾക്ക് അനുകൂലമായ നിലപാട് ട്രംപ് ഭരണകൂടത്തിൽ നിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. നികുതി ഒഴിവാക്കാനോ കുത്തനെ കുറയ്ക്കാനോ ട്രംപ് മുതിരും. മാത്രമല്ല, ട്രംപ് സർക്കാരിൽ നിർണായക പദവിയും വഹിക്കാനൊരുങ്ങുകയാണ് മസ്ക്. ഇലോൺ മസ്കിന്റെ നിർമിതബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) പ്ലാറ്റ്ഫോമായ എക്സ്എഐയുടെ (xAI) വിപണിമൂല്യവും കഴിഞ്ഞ മേയിനെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ട്.
യുഎസ് ഓഹരി വിപണി റെക്കോർഡിൽ
യുഎസ് ഓഹരി സൂചികയായ നാസ്ഡാക് ചരിത്രത്തിൽ ആദ്യമായി 20,000 പോയിന്റിന് മുകളിൽ ക്ലോസ് ചെയ്തു. യുഎസ് ടെക് കമ്പനികൾക്ക് കൂടുതൽ വെയിറ്റേജുള്ള സൂചികയാണിത്. 1.8% നേട്ടത്തോടെയാണ് നാസ്ഡാക് ഈ റെക്കോർഡ് കുറിച്ചത്. എസ് ആൻഡ് പി500 0.8 ശതമാനവും നേട്ടമുണ്ടാക്കിയെങ്കിലും ഡൗ ജോൺസ് പക്ഷേ 0.2% നഷ്ടത്തിലായിരുന്നു.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്, ടെസ്‍ല തുടങ്ങിയവയുടെ ഓഹരികളുടെ മുന്നേറ്റം നാസ്ഡാക്കിന് നേട്ടമായി. യുഎസിൽ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പം 2.7 ശതമാനമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 4 മാസമായി തുടർച്ചയായി പണപ്പെരുപ്പം കൂടുകയാണെങ്കിലും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പ്രതീക്ഷയ്ക്കൊപ്പം തന്നെയാണിത്. അതായത്, ഈ മാസവും ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ഏറി. ഇതാണ് യുഎസ് ഓഹരി വിപണിക്ക് ഊർജമായത്. കഴിഞ്ഞ സെപ്റ്റംബറിൽ 0.50%, നവംബറിൽ 0.25% എന്നിങ്ങനെ പലിശനിരക്ക് കുറച്ച യുഎസ് ഫെഡ്, ഈ മാസത്തെ യോഗത്തിലും 0.25% കുറച്ചേക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: