ADVERTISEMENT

തിരുവനന്തപുരം ∙ കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കായി പുതുശ്ശേരി സെൻട്രൽ വില്ലേജിലെ 105.2 ഏക്കർ ഭൂമി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷനു കൈമാറാൻ മന്ത്രിസഭ അനുമതി നൽകി. പകരം ആദ്യഗഡുവായി കേന്ദ്രസർക്കാർ 100 കോടി രൂപ അനുവദിക്കും.

പദ്ധതിക്കായി കേന്ദ്ര – സംസ്ഥാന പങ്കാളിത്തത്തിൽ രൂപീകരിച്ച പ്രത്യേകോദ്ദേശ്യ കമ്പനിയാണ് (എസ്പിവി) കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ. പുതുശ്ശേരി സെൻട്രലിലെ 1137 ഏക്കർ ഭൂമിയിലാണു സ്മാർട് സിറ്റിയുടെ ഒന്നാം ഘട്ടം വരുന്നത്. ഭൂമിയേറ്റെടുക്കലിനു സർക്കാരും പദ്ധതിക്കു നാഷനൽ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനുമാണു പണം മുടക്കുക. ഭൂമി എസ്പിവിക്കു കൈമാറുന്നതിനൊപ്പം ആവശ്യമുള്ള തുക ഗഡുക്കളായി കേന്ദ്രം അനുവദിക്കുമെന്നാണു ധാരണ. ഭൂമി കൈമാറിയതോടെ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസിയെ നിശ്ചയിക്കാനുള്ള ടെൻഡർ നടപടിയിലേക്കും ഇനി കടക്കാനാകും.

ഇൻഡസ്ട്രിയൽ സ്മാർട് സിറ്റിയുടെ രണ്ടാംഘട്ടം പുതുശ്ശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നീ സ്ഥലങ്ങളിലാണ്. പദ്ധതിക്കു കേന്ദ്രം ഓഗസ്റ്റിൽ അംഗീകാരം നൽകിയിരുന്നു. 

ആകെ 1470 ഏക്കർ ഇതിനകം കിൻഫ്ര ഏറ്റെടുത്തു. ഘട്ടം ഘട്ടമായി കേന്ദ്രം പണം നൽകുന്നതിനൊപ്പം തുല്യമായ തുകയുടെ ഭൂമിയും എസ്പിവിയുടെ പേരിലേക്കു മാറ്റും.

English Summary:

Industrial Smart City: Kerala's Cabinet approves 105.2 acres land transfer for Palakkad Industrial Smart City, receiving Rs 100 crore from the central government. This development paves the way for tender invitations and project initiation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com