കൊച്ചിയിൽ കൊഴിഞ്ഞത് ബിരിയാണി വർഷം, സ്വഗ്ഗി തീൻമേശയിലെത്തിച്ചത് 11 ലക്ഷം!
Mail This Article
കൊച്ചി∙ ചിക്കൻ ബിരിയാണിയുടെ വർഷമായിരുന്നുവത്രെ കൊച്ചിക്കാർക്കു 2024! ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെതാണു രുചി വിശേഷങ്ങൾ. 11 ലക്ഷം ബിരിയാണിയാണു സ്വിഗ്ഗി കഴിഞ്ഞ വർഷം തീൻമേശകളിലെത്തിച്ചത്. 17,622 രൂപ ചെലവിട്ടു 18 സ്പൈസി ചിക്കൻ മന്തി ഓർഡർ ചെയ്ത ഉപഭോക്താവാണ് ഏറ്റവും ഉയർന്ന തുകയ്ക്കുള്ള ഓർഡർ നൽകിയത്. ലഘു ഭക്ഷണത്തിൽ ചിക്കൻ ഷവർമ ഒന്നാം സ്ഥാനത്ത്. 79,713 ഷവർമ! ചിക്കൻ റോളും ചിക്കൻ മോമോസുമാണു രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 19,381 ഓർഡറുമായി ചോക്ലേറ്റ് ലാവ കേക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ചോക്ലേറ്റ് ക്രീം കേക്ക് തൊട്ട് പിറകിൽ.
പ്രഭാത ഭക്ഷണത്തിൽ താരം ദോശ തന്നെ; 2.23 ലക്ഷം ദോശ! കടലക്കറിയും പൂരിയും ഇഡ്ഡലിയും പ്രിയപ്പെട്ടവ തന്നെ. മൈസൂർ പാക്കും ചോക്കോ ലാവ കേക്കും മിൽക് കേക്കും കിണ്ണത്തപ്പവുമാണു മധുരക്കാർ. ദീപാവലിക്കാലത്താണു മധുരത്തോടുള്ള പ്രിയമേറുന്നത്. 31 ലക്ഷം ഡിന്നർ ഓർഡറുകളാണ് ഈ വർഷം സ്വിഗ്ഗിക്കു ലഭിച്ചത്. 2024 ജനുവരി ഒന്നു മുതൽ നവംബർ 22 വരെയുള്ള ഡേറ്റ അനുസരിച്ചുള്ള കണക്കാണ് ഇതെന്നു സ്വിഗ്ഗി ഫുഡ് മാർക്കറ്റ് പ്ലേസ് ചീഫ് ബിസിനസ് ഓഫിസർ സിദ്ധാർഥ് ബാക്കു പറഞ്ഞു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business