യുപിഐ വിപണി നിയന്ത്രണം നടപ്പാക്കൽ നീട്ടി, ഫോൺപേയ്ക്കും ഗൂഗിൾപേയ്ക്കും ഇനിയും ഉപഭോക്താക്കളെ സ്വീകരിക്കാം
Mail This Article
ന്യൂഡൽഹി∙ യുപിഐ രംഗത്തെ വിപണി നിയന്ത്രണം നടപ്പാക്കുന്നത് 2 വർഷത്തേക്ക് കൂടി നീട്ടിയതോടെ ഫോൺപേ, ഗൂഗിൾപേ പോലെയുള്ള കമ്പനികൾക്ക് ആശ്വാസം.നിയന്ത്രണം ഇന്നു മുതൽ നടപ്പാക്കിയിരുന്നെങ്കിൽ ഈ കമ്പനികൾക്ക് പുതിയ ഉപയോക്താക്കളെ സ്വീകരിക്കുന്നതിനും പണമിടപാടുകൾ യഥേഷ്ടം അനുവദിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമായിരുന്നു. 2026 ഡിസംബർ 31 വരെയാണ് സമയം നീട്ടി നൽകിയത്.
ഒരു കമ്പനിയും വിപണിയിൽ ആധിപത്യം സ്ഥാപിക്കരുത് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ 2020ലാണ് വിപണി നിയന്ത്രണം വേണമെന്ന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) തീരുമാനിച്ചത്. ഒന്നോ രണ്ടോ കമ്പനികൾക്ക് ആധിപത്യം ലഭിച്ചാൽ അവയ്ക്കുണ്ടാകുന്ന സാങ്കേതിക തകരാറോ മറ്റ് പ്രശ്നങ്ങളോ രാജ്യത്തെ പേയ്മെന്റ് സംവിധാനത്തെ താറുമാറാക്കാമെന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ.
ഇടപാടുകളുടെ മൊത്തം എണ്ണത്തിന്റെ 30 ശതമാനത്തിൽ കൂടുതൽ ഒരു കമ്പനി വഴിയാകാൻ പാടില്ലെന്നായിരുന്നു തീരുമാനം. പല തവണ സമയം നീട്ടിനൽകുകയായിരുന്നു.രാജ്യത്തെ യുപിഐ ഇടപാടുകളുടെ 85 ശതമാനവും ഫോൺപേയും (48%) ഗൂഗിൾ പേയും (37%) വഴിയാണ്. പേയ്ടിഎമിന് 8 ശതമാനത്തിൽ താഴെ മാത്രമേയുള്ളൂ.
ചട്ടം അതേപടി നടപ്പാക്കിയാൽ ഫോൺപേയും ഗൂഗിൾ പേയും 30 ശതമാനത്തിലേക്ക് ചുരുങ്ങേണ്ടിവരും. വിപണി നിയന്ത്രണത്തിനെതിരെ ഫോൺപേ പല തവണ പരസ്യമായി രംഗത്തെത്തിയിരുന്നു. വിപണി നിയന്ത്രണം ഏർപ്പെടുത്തുന്നത് പേയ്ടിഎം പോലെയുള്ള ചെറുകമ്പനികൾക്ക് കൂടുതൽ ഉപയോക്താക്കളെ ലഭിക്കാൻ ഇടയാക്കുമെന്നതിനാൽ ഇവ തീരുമാനത്തിന് അനുകൂലമാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business