സ്വകാര്യ കമ്പനികൾക്കും തുടങ്ങാം കുഞ്ഞൻ ആണവ റിയാക്ടറുകൾ
Mail This Article
ന്യൂഡൽഹി∙ സ്വകാര്യകമ്പനികൾക്ക് സ്വന്തം ആവശ്യത്തിന് വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി ചെറു ആണവ റിയാക്ടറുകൾ ആരംഭിക്കാം. ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐഎൽ) ഇതിനുള്ള ടെൻഡർ ക്ഷണിച്ചു.
സ്വകാര്യ മേഖലയുമായി ചേർന്ന് 220 മെഗാവാട്ടിനു താഴെ ശേഷിയുള്ള ‘ഭാരത് സ്മോൾ റിയാക്ടറുകൾ’ എന്ന കുഞ്ഞൻ ആണവ നിലയങ്ങൾ സ്ഥാപിക്കുമെന്ന് ഇക്കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ സുരക്ഷിതമായ റിയാക്ടറുകളായിട്ടാണ് ഇവ അറിയപ്പെടുന്നത്. ചെലവും താരതമ്യേന കുറവാണ്. ആദ്യമായാണ് സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്ത് ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നത്. 10 വർഷത്തിനുള്ളിൽ 40 മുതൽ 50 വരെ റിയാക്ടറുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.മൊത്തം ഊർജ ഉൽപാദനത്തിൽ ആണവോർജത്തിന്റെ തോത് കാര്യമായി വർധിപ്പിക്കാനാണ് സ്വകാര്യപങ്കാളിത്തം.
എങ്ങനെ?
എൻപിസിഐഎലിന്റെ മേൽനോട്ടത്തിൽ സ്വകാര്യകമ്പനികളാണ് സ്വന്തം ചെലവിൽ ആണവ റിയാക്ടർ നിർമിക്കേണ്ടത്. നിർമാണശേഷം നടത്തിപ്പിനായി എൻപിസിഐഎലിനു കൈമാറണം. ഇതിനുള്ള ചെലവ് കമ്പനി വഹിക്കണം. എന്നാൽ റിയാക്ടറുകളുടെ ഉടമസ്ഥാവകാശവും ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പൂർണമായ അവകാശവും കമ്പനിക്കായിരിക്കും. വൈദ്യുതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനു പുറമേ വേണമെങ്കിൽ വിൽക്കുകയും ചെയ്യാം.
എൻപിസിഐഎലിന്റെ സഹായത്തോടെ വേണം സ്ഥലം കണ്ടെത്താൻ. കമ്പനി തന്നെ സംസ്ഥാന സർക്കാർ, പരിസ്ഥിതി മന്ത്രാലയം എന്നിവയിൽ നിന്നുള്ള അനുമതിയും വാങ്ങിയെടുക്കണം.
നടത്തിപ്പിനുള്ള ചെലവിനു പുറമേ കമ്പനി 2030ൽ യൂണിറ്റിന് 60 പൈസ വീതം എൻപിസിഐഎലിനു നൽകണം. പിന്നീടുള്ള ഓരോ വർഷവും യൂണിറ്റിന് ഒരു പൈസ വീതം കൂടും (ഉദാ: 2031–61 പൈസ, 2032-62 പൈസ).
220 മെഗാവാട്ടിന്റെ ട്വിൻ യൂണിറ്റ് റിയാക്ടർ സ്ഥാപിക്കുന്നതിന് ഏകദേശം 331 ഹെക്ടർ സ്ഥലം വേണ്ടി വരും. ഇതിൽ 87 ഹെക്ടർ കരുതൽസുരക്ഷാ മേഖലയാണ് (എക്സ്ക്ലൂഷൻ സോൺ). ജീവനക്കാർക്കും സിഐഎസ്എഫിന്റെ ഉദ്യോഗസ്ഥർക്കും താമസിക്കാനുള്ള ടൗൺഷിപ് ഇതിനു പുറമേയാണ്.
റിയാക്ടറിലേക്കുള്ള ഹെവി വാട്ടർ, ഇന്ധനം എന്നിവ എൻപിസിഐഎൽ ലഭ്യമാക്കും. നിശ്ചിത കാലാവധിക്കു ശേഷം എൻപിസിഐഎൽ തന്നെ പ്ലാന്റ് ഡീകമ്മിഷൻ ചെയ്യും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business