വരുന്നു, മനുഷ്യനെ പോലെ ചിന്തിക്കും അസിസ്റ്റന്റ്: എഐ ‘വേറെ ലെവലി’ലേക്ക്
Mail This Article
കൊച്ചി∙ മനുഷ്യനെപ്പോലെ ചിന്തിക്കുന്ന അസിസ്റ്റന്റുമായി നിർമിത ബുദ്ധി (ജെൻഎഐ) അടുത്ത ലെവലിലേക്ക്. ഓട്ടണമസ് ആയി ഏത് ദൗത്യവും നിർവഹിക്കത്തക്കവിധം അസിസ്റ്റന്റ് അഥവാ ഏജന്റ് കൂടി ചേർത്ത് എഐ സോഫ്റ്റ്‌വെയറുകൾ രംഗത്തെത്തി. സോഫ്റ്റ്‌വെയറിൽ അടങ്ങിയ അസിസ്റ്റന്റ് തന്നെ കാര്യങ്ങൾ ചെയ്യിക്കുന്ന പുതിയ രീതി 5 വർഷത്തിനകം വൻമാറ്റങ്ങളാണ് ലോകമാകെ സൃഷ്ടിക്കുകയെന്ന് ഐബിഎം ആഗോള സോഫ്റ്റ്‌വെയർ മേധാവി ദിനേഷ് നിർമൽ പറഞ്ഞു.
സോഫ്റ്റ്‌വെയർ കോഡ് എഴുത്ത് പോലെ ടെക്കികൾ ചെയ്യുന്ന കാര്യങ്ങൾ കംപ്യൂട്ടർവൽക്കരിക്കാൻ (ഓട്ടണമസ്) ജെൻഎഐ വന്നെങ്കിലും അടുത്ത ഘട്ടമായിട്ടാണ് അസിസ്റ്റന്റിന്റെ വരവ്. പഴ്സനൽ, ഫിനാൻഷ്യൽ, ടാക്സ്, എച്ച്ആർ എന്നിങ്ങനെ വിവിധ ഡൊമെയ്നുകൾക്ക് വിവിധ തരം അസിസ്റ്റന്റുകളാണ് സോഫ്റ്റ്‌വെയറിൽ തന്നെ ഉൾച്ചേർന്നിരിക്കുക. ആവശ്യം എന്തെന്നറിഞ്ഞാൽ മനുഷ്യനെ പോലെ ചിന്തിച്ച് പ്രവർത്തിക്കാൻ അതിനു കഴിയും.
എന്നാൽ അതുമൂലം തൊഴിലവസരങ്ങളിൽ കുറവു വരണമെന്നില്ലെന്ന് ദിനേഷ് നിർമൽ ചൂണ്ടിക്കാട്ടി. ഓരോ കമ്പനിയിലും ഇത്തരം അസിസ്റ്റന്റുള്ള ജെൻഎഐ മൂലം കൂടുതൽ ഓർഡറുകൾ ലഭിക്കും.
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ജോലികൾ ചെയ്തു തീർക്കാനാകും. കമ്പനി തന്നെ വളരുന്നതിനാൽ തൊഴിലുകളും വർധിക്കും. സോഫ്റ്റ്‌വെയർ ഉൽപാദനം 25%–30% വർധിക്കുന്നതായാണു കണ്ടിട്ടുള്ളത്.
കൊച്ചി ഇൻഫോപാർക്കിലെ എഐ ലാബിൽ നിലവിലുള്ള ടെക്കികളുടെ എണ്ണം ഇരട്ടിയാവുമെന്നും ദിനേഷ് നിർമൽ അറിയിച്ചു. കൊച്ചി ഐബിഎം ലാബിന്റെ വിപുലീകരണത്തിനെത്തിയതായിരുന്നു ദിനേഷ് നിർമൽ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business