അദാനി വരുന്നു നിക്ഷേപവുമായി കൊച്ചിയിലേക്ക്; വൻ തൊഴിലവസരങ്ങൾ, വിഴിഞ്ഞത്തിന് 10,000 കോടിയും
Mail This Article
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് വൻ നിക്ഷേപവുമായി കൊച്ചിയിലേക്കും. എറണാകുളം കളമശേരിയിൽ 500 കോടി രൂപ നിക്ഷേപത്തോടെ അത്യാധുനിക ലോജിസ്റ്റിക്സ് പാർക്കാണ് ഗ്രൂപ്പ് സജ്ജമാക്കുന്നത്. ഇതിനായി 70 ഏക്കർ സ്ഥലം കമ്പനി ഏറ്റെടുത്തു കഴിഞ്ഞു.
നേരിട്ടും പരോക്ഷമായും നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങൾ പദ്ധതിയിലൂടെ തുറക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് മനോരമ ഓൺലൈനിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലവുമാണ് കളമശേരി. യുഎസ് റീട്ടെയ്ൽ വമ്പന്മാരായ വോൾമാർട്ടിന് കീഴിലെ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഉൾപ്പെടെ ലോകത്തെ ലോജിസ്റ്റിക്സ് മേഖലയിലെ മുൻനിര കമ്പനികളുടെ സാന്നിധ്യവും പാർക്കിലുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വെയർഹൗസുകളാണ് പാർക്കിലുണ്ടാവുക. ഫ്ലിപ്കാർട്ടിന്റെ പ്രവർത്തനം ഡിസംബറോടെ ആരംഭിച്ചേക്കും.
വിഴിഞ്ഞം തുറമുഖത്തിന് 10,000 കോടി
കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയുടെ കുതിച്ചുചാട്ടത്തിന് കരുത്താകുമെന്ന് പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി അദാനി ഗ്രൂപ്പ് അടുത്ത മൂന്നുവർഷത്തിനകം10,000 കോടി രൂപ നിക്ഷേപിക്കും. ഇതിനകം സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും ചേർന്ന് തുറമുഖത്ത് 7,900 കോടി രൂപ നിക്ഷേപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) നിർമിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ, മേൽനോട്ട ചുമതലകൾ നിർവഹിക്കുന്നത് അദാനി ഗ്രൂപ്പാണ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നിയന്ത്രണച്ചുമതലയുള്ള അദാനി ഗ്രൂപ്പ്, അടുത്ത 5 വർഷത്തിനകം വിമാനത്താവള വികസനത്തിനായി 2,000 കോടി രൂപ ചെലവഴിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business