കേരളത്തിൽ മരുന്ന് വിൽപന കുറയുന്നു; മെഡിക്കൽ സ്റ്റോറുകൾ ‘ഗുരുതരാവസ്ഥയിൽ’
Mail This Article
മലയാളികൾ മരുന്നു വാങ്ങി കഴിക്കുന്നത് കുറച്ചതോടെ സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾ മിക്കവയും അടച്ചുപൂട്ടലിന്റെ വക്കിൽ. കച്ചവടം ഇടിഞ്ഞതോടെ ഓരോ ജില്ലയിലും 50ലേറെ മെഡിക്കൽ സ്റ്റോറുകളാണ് ഓരോ വർഷവും അടച്ചുപൂട്ടുന്നതെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ (എകെസിഡിഎ) പ്രസിഡന്റ് എ.എൻ. മോഹനൻ ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു.
പ്രതിവർഷം 10-15 ശതമാനം വിൽപന വളർച്ചയുമായി (സിഎജിആർ) ഇന്ത്യയിലെ തന്നെ ടോപ് 5 മരുന്നു വിപണികളിലൊന്നായിരുന്ന കേരളം നിലവിൽ നേരിടുന്നത് വിൽപനയിടിവാണെന്നും അദ്ദേഹം പറഞ്ഞു.
2021ൽ 11,100 കോടി രൂപയായിരുന്നു കേരളത്തിലെ മരുന്നു വിപണിയുടെ വിറ്റുവരവ്. 2022ൽ ഇത് 12,500 കോടി രൂപയിലെത്തി. 2023ൽ 14,850 കോടി രൂപയും. അതായത് ഓരോ വർഷവും 10 ശതമാനത്തിലധികം വളർച്ചനിരക്ക്. എന്നാൽ, 2024ൽ വിറ്റുവരവ് 15,000 കോടി രൂപയ്ക്കടുത്തേയുള്ളൂ. വളർച്ചനിരക്ക് കുത്തനെ ഇടിഞ്ഞു.
29,000 അംഗീകൃത മെഡിക്കൽ സ്റ്റോറുകളാണ് കേരളത്തിലുള്ളത്. ഇതിൽ 18,000 എണ്ണമാണ് സ്വകാര്യമേഖലയിൽ. ബാക്കി ജൻഔഷധി, സേവന, നീതി തുടങ്ങിയവയും വൻകിട ശൃംഖലകളുമാണ്.
മരുന്ന് വേണ്ടാത്ത മലയാളി
ഓപ്പറേഷൻ അമൃതിന്റെ ഭാഗമായി, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകളുടെ വിൽപന സർക്കാർ വിലക്കിയത് മെഡിക്കൽ ഷോപ്പുകളുടെ വരുമാനത്തെ സാരമായി ബാധിച്ചുവെന്ന് എ.എൻ. മോഹനൻ പറഞ്ഞു. കുറിപ്പടിയില്ലാതെ മരുന്ന് വിൽക്കരുതെന്ന് നിർദേശിക്കുന്നതാണ് ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് ഇന്റർവെൻഷൻ ഫോർ ടോട്ടൽ ഹെൽത്ത് അഥവാ ഓപ്പറേഷൻ അമൃത് ക്യാമ്പയ്ൻ. ഇതു നടപ്പായതോടെ വിറ്റുവരവിൽ 500-700 കോടി രൂപയുടെ ഇടിവുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
വൻകിട മെഡിക്കൽ സ്റ്റോർ ശൃംഖലകൾ ആദായനിരക്കിൽ വിൽപന ആരംഭിച്ചതും കുറിപ്പടിയില്ലാതെ തന്നെയുള്ള ഓൺലൈൻ മരുന്ന് വിപണിയുടെ പ്രവർത്തനവും മെഡിക്കൽ സ്റ്റോറുകളെ പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറിപ്പടിയില്ലാതെ മരുന്നുകൾ ഓൺലൈനിൽ കിട്ടുമെന്നത് സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
98 ശതമാനവും പുറത്തുനിന്ന്
പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളാണ് കേരളീയർ കൂടുതലും കഴിക്കുന്നത്. ഡയബറ്റോളജി, കാർഡിയോളജി, ന്യൂറോസൈക്യാട്രി, വിറ്റമിൻ മരുന്നുകളാണ് കൂടുതലും. കേരളത്തിന് ആവശ്യമുള്ള മരുന്നുകളിൽ 98 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കുന്നവയാണ്.
സംസ്ഥാനത്തെ ഔഷധ വ്യാാപരികളും ഈ മേഖലയിലെ പ്രമുഖരും ചേർന്ന് എറണാകുളം പുത്തൻകുരിശിൽ 5 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെ കൈനോഫാം ലിമിറ്റഡ് എന്ന മരുന്നു നിർമാണ സ്റ്റാർട്ടപ്പ് സംരംഭം ആരംഭിച്ചിരുന്നു.
ആന്റിബയോട്ടിക്സ്, കൈനോപാർ എന്ന പേരിൽ പാരസെറ്റാമോൾ, പനി, ജലദോഷം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ തുടങ്ങിയവ കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. കുറഞ്ഞ വിലയ്ക്കാണ് വിൽപന. ഇന്ത്യയിലെ മൊത്തം മരുന്ന് ഉപഭോഗത്തിൽ 7 ശതമാനത്തോളം വിഹിതവുമായി 5-ാം സ്ഥാനത്താണ് കേരളം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business