ജിഎസ്ടി വെട്ടിപ്പ് ഇനി നടക്കില്ല, ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളുടെ മേൽ പിടിമുറുക്കി ഡിജിജിഐ
![1394308880 Representative Image: istockphotos/Arsenii Palivoda](https://img-mm.manoramaonline.com/content/dam/mm/mo/technology/technology-news/images/2023/1/5/online-gaming-main.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി∙ ജിഎസ്ടി വെട്ടിപ്പ് നടത്തുന്ന ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്കു മേൽ പിടിമുറുക്കാൻ ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറലിന് (ഡിജിജിഐ) ഇനി കൂടുതൽ അധികാരം.
ഇത്തരം പ്ലാറ്റ്ഫോമുകളെ ഐടി നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാൻ ഡിജിജിഐയിലെ അഡീഷനൽ/ജോയിന്റ് ഡയറക്ടർക്ക് ഉത്തരവിടാം. ഇതിനുള്ള അധികാരം ധനമന്ത്രാലയം നൽകി.
ഐജിഎസ്ടി നിയമപ്രകാരം, പണം ഉൾപ്പെട്ട ഓൺലൈൻ ഗെയിമുകൾ നടത്തുന്ന വിദേശകമ്പനികളടക്കം ഇന്ത്യയിൽ റജിസ്ട്രേഷൻ എടുത്ത് നികുതി അടയ്ക്കണം.
![1363726214 Representative image. Photo Credit : :Khaosai Wongnatthakan/iStocks.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഒട്ടേറെ കമ്പനികൾ ഇത് ലംഘിക്കാൻ തുടങ്ങിയതോടെയാണ് ജിഎസ്ടി ഇന്റലിജൻസിന് തന്നെ പ്ലാറ്റ്ഫോമുകൾ നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ അധികാരം നൽകിയത്. ഏറ്റവും കൂടുതൽ നികുതിവെട്ടിപ്പ് നടക്കുന്ന മേഖലയാണിത്.
78 കേസുകളിലായി 81,875 കോടി രൂപയാണ് ഓൺലൈൻ ഗെയിമിങ്ങിലെ നികുതി വെട്ടിപ്പ് എന്നാണ് ഡിജിജിഐയുടെ കണക്ക്. 642 വിദേശ ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രം കഴിഞ്ഞ മാസം ലോക്സഭയിൽ അറിയിച്ചിരുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business