മിച്ചം വരുന്ന ഭക്ഷണം, വിശപ്പകറ്റാൻ സ്വിഗിയുടെ വിതരണ സംരംഭം തുടങ്ങി
Mail This Article
ഭക്ഷണ വിതരണ പ്ലാറ്റ് ഫോമായ സ്വിഗ്ഗി ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനും പട്ടിണിയെ ചെറുക്കുന്നതിനുമായി 'സ്വിഗി സെർവ്സ്' സംരംഭം ആരംഭിച്ചു.
റസ്റ്ററന്റ് പങ്കാളികളിൽ നിന്നുള്ള മിച്ച ഭക്ഷണം പാവപ്പെട്ടവർക്ക് പുനർവിതരണം ചെയ്യുന്നതിനാണ് സ്വിഗിയുടെ ഈ സംരംഭം.
സന്നദ്ധസേവനം നടത്തുന്ന സംഘടനയായ റോബിൻ ഹുഡ് ആർമിയുമായി (ആർഎച്ച്എ) സ്വിഗി സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് തീരുമാനം.
ആയിരക്കണക്കിന് യുവ പ്രൊഫഷണലുകൾ, വിരമിച്ച ആളുകൾ, വീട്ടുജോലിക്കാർ, കോളേജ് വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന സന്നദ്ധസേവനം നടത്തുന്ന സീറോ ഫണ്ട് ഓർഗനൈസേഷനാണ് റോബിൻ ഹുഡ് ആർമി (RHA).
"നിലവിൽ ഈ പദ്ധതി 33 നഗരങ്ങളിലാണ് തുടങ്ങിയിരിക്കുന്നത്. കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു. ഒരു ഭക്ഷണവും പാഴാകില്ലെന്ന് ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്. ഈ സഹകരണത്തിലൂടെ 2030ഓടെ 50 ദശലക്ഷം പായ്ക്ക്റ്റ് ഭക്ഷണം നൽകുകയെന്ന ലക്ഷ്യമാണ് ഇരു സംഘടനകളും ലക്ഷ്യമിടുന്നത്," സ്വിഗി പ്രസ്താവനയിൽ പറഞ്ഞു.
കണ്ണ് തുറപ്പിക്കേണ്ട കണക്കുകൾ
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ പോഷകാഹാരക്കുറവുള്ള 195 ദശലക്ഷം ആളുകളുണ്ട്. ഇത് ലോകത്തിലെ പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ നാലിലൊന്ന് വരും.
2024-ൽ ഇന്ത്യയുടെ ആഗോള വിശപ്പ് സൂചിക (GHI) സ്‌കോർ 27.3 ആയിരുന്നു. സൂചികയിൽ ഇന്ത്യ 127 രാജ്യങ്ങളിൽ 105-ാം സ്ഥാനത്താണ്. എന്നാൽ ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരാൾ പ്രതിവർഷം പാഴാക്കുന്ന ഭക്ഷണത്തിൻ്റെ ശരാശരി അളവ് 55 കിലോഗ്രാം ആണ്. വിശപ്പ് ഗുരുതരമായ പ്രശ്‌നമായി തുടരുന്ന ഒരു രാജ്യത്ത് തന്നെയാണ് ഇത്രയും ഭക്ഷണം പാഴാക്കലും നടത്തുന്നത് എന്ന കണക്കുകൾ ഇന്ത്യക്കാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ആ പ്രശ്നത്തെ സാങ്കേതിക വിദ്യയുടെ സഹായത്താൽ കുറച്ചെങ്കിലും പരിഹരിക്കാനായാൽ നല്ലൊരു മാറ്റത്തിനായിരിക്കും സ്വിഗി തുടക്കമിടുന്നത്.
ബിക്ക്ഗാനെ ബിരിയാണി, ബിരിയാണി ബൈ ദ കിലോ, ദാന ചോഗ, വർധസ്, ചാർക്കോൾ ഈറ്റ്സ് - ബിരിയാണി ആൻഡ് ബിയോണ്ട്, ഡബ്ബാ ഗരം, ഹൗസ് ഓഫ് ബിരിയാണി, ബി.ടെക് മോമോസ് വാല, സമോസ സിങ്, ബാബായ് ടിഫിൻസ്, ദോസ അന്ന, അർബൻ തന്തൂർ തുടങ്ങിയ ബ്രാൻഡുകൾ സ്വിഗിയുടെ ഈ സംരംഭത്തിൽ ഇപ്പോൾ ചേർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ബ്രാൻഡുകൾ സ്വിഗിയുടെ ഈ സംരംഭത്തിൽ പങ്കാളികളാകുമെന്ന സൂചനകളുണ്ട്. സമൂഹത്തിൽ നല്ലൊരു മാറ്റത്തിന് ഇതൊരു തുടക്കം കുറിക്കുകയാണെന്ന് ഈ പദ്ധതിയെക്കുറിച്ചു സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്.