സ്റ്റാർട്ടപ് സംരംഭങ്ങൾ തുടങ്ങുന്നതിന് എതിര് വീട്ടുകാരോ നാട്ടുകാരോ...?
Mail This Article
കൊച്ചി∙ യുവതീയുവാക്കൾ സ്റ്റാർട്ടപ് സംരംഭങ്ങൾ തുടങ്ങുന്നതിന് എതിര് വീട്ടുകാരോ നാട്ടുകാരോ...? ദേശീയ യുവജന ദിനാഘോഷത്തിനു മുന്നോടിയായി മലയാള മനോരമ സംഘടിപ്പിച്ച യുവ സംരംഭകരുടെ കൂട്ടായ്മയിൽ മിക്ക സംരംഭകരുടേയും പരാതി അതെക്കുറിച്ചായിരുന്നു. മികച്ച ജോലികൾ വിട്ടു സംരംഭകത്വത്തിലേക്ക് എടുത്തു ചാടിയവരാണു മിക്കവരും.
നല്ലൊരു ജോലി വിട്ട് താൻ ബിസിനസിലേക്ക് ഇറങ്ങിയപ്പോൾ മകനു ‘നല്ല ബുദ്ധി’ തോന്നിക്കാൻ അമ്മ തുലാഭാരം നടത്തിയ കഥ ബിൽഡ് നെക്സ്റ്റിന്റെ വി. ഗോപീകൃഷ്ണനാണു പറഞ്ഞത്. ‘ജോലി കളഞ്ഞിട്ടു കണ്ടില്ലേ നടക്കുന്നത്’ എന്ന രീതിയിൽ പലരും പ്രതികരിച്ചതിനെക്കുറിച്ചു ഫ്ലെക്സി ക്ലൗഡ് സിഇഒ അനൂജ ബഷീറിന് പറയാനുണ്ടായിരുന്നു. പക്ഷേ ഇരുവരും ഇന്നു ബിസിനസിൽ വിജയികളാണ്.
പത്രങ്ങളിലും ചാനലുകളിലും വിജയകഥ വരുന്ന സെലിബ്രിറ്റികളാണ് പങ്കെടുത്തവരെല്ലാം. ഫ്രൂട്ട്ബേ ഫുഡ് പ്രോഡക്ട്സ് സ്ഥാപകൻ അബ്ദുൽ മനാഫിന്റെ സംരംഭക യാത്ര സിനിമയുടെ മാർക്കറ്റിങ്ങും സെലിബ്രിറ്റി മാനേജ്മെന്റും ക്രിപ്റ്റോ മൈനിങ്ങുമെല്ലാം കഴിഞ്ഞ് വിജയ സോപാനത്തിലേറിയത് ജ്യൂസ് വിൽപനയിലൂടെ. ‘‘വിചാരിക്കുന്നതല്ല വർക്ക് ആവുന്നത്. ഞാൻ തുടങ്ങിയതെവിടെ വന്നു നിൽക്കുന്നതെവിടെ! ഐടിയിൽ വിജയം ആഗ്രഹിച്ചു, ജ്യൂസ് കടയിൽ വിജയിച്ചു. 50 ഔട്‌ലെറ്റുകളും വർഷം 50 കോടി വിറ്റുവരവുമുണ്ട്.’’– മനാഫ് പറഞ്ഞു:
എച്ച്എഎല്ലിലെ ജോലി കളഞ്ഞിട്ട് കുടുംബ പാരമ്പര്യമായ പലവ്യഞ്ജന കടയിലേക്ക് ഇറങ്ങിയതാണു 7 ടു 9 ഗ്രീൻ സ്റ്റോറിന്റെ സ്ഥാപകനും എയ്റോനോട്ടിക്കൽ എൻജിനീയറുമായ ബിട്ടു ജോൺ. ‘‘ഉപഭോക്താക്കൾ പാത്രം കൊണ്ടു വന്നു സാധനം വാങ്ങണമെന്ന രീതി വിജയിക്കില്ലെന്ന് എല്ലാവരും പറഞ്ഞു. 8 മാസമെടുത്തു പാത്രവുമായി ആദ്യ ഉപഭോക്താവ് എത്താൻ. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യവുമായി കോലഞ്ചേരിയിൽ സീറോ വേസ്റ്റ് സ്റ്റോർ തുടങ്ങിയ വ്യാപാരിയുടെ കഥ ഇന്ത്യയാകെ പ്രചരിച്ചു. വിഐപികളും സെലിബ്രിറ്റികളും കാണാനെത്തി. ഇന്നു കൊച്ചിയിലും തൃപ്പുണിത്തുറയിലുമുള്ള കടകളിൽ ജനം സാധനങ്ങൾ വാങ്ങാൻ പാത്രവുമായി തന്നെയാണു വരുന്നത്’’– ബിട്ടു ചിരിക്കുന്നു.
ടെക്നോളജി ഉപയോഗിച്ച് ഡിജിറ്റൽ ഉൽപന്നം ഉണ്ടാക്കി വിദേശത്താണു വിൽക്കുന്നതെങ്കിൽ പ്രശ്നങ്ങളൊന്നുമില്ലെന്നു പറഞ്ഞതു റിയാഫൈ സഹ സ്ഥാപകൻ ജോസഫ് ബാബു. വിദേശ ബിസിനസ് സ്റ്റാർട്ടപ്പുകൾക്കു വളരാനും വലുതാകാനും സാധ്യത തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം മികച്ച സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകാൻ വെഞ്ച്വർ ഫണ്ടുകൾ തമ്മിൽ മത്സരമാണെന്നു പിയെൻസ വെഞ്ച്വേഴ്സ് പാർട്നർ ജോഫിൻ ജോസഫ് ചൂണ്ടിക്കാട്ടി. അകാലത്തിൽ വിടവാങ്ങിയ പിതാവിന്റെ പേരിൽ മദ്യം ബ്രാൻഡ് ചെയ്ത് കേരള വിപണിയിൽ വിൽപനയിൽ ജവാനു പിന്നിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞ കഥയാണ് നോർമാൻഡി ബ്രൂവറീസ് മാനേജിങ് ഡയറക്ടർ അരുൺ ജോസഫ് ചൂണ്ടിക്കാട്ടിയത്. മദ്യം കഴിക്കാതെ മികച്ച മദ്യ ബ്രാൻഡുണ്ടാക്കിയ അരുണിന് കേരളത്തിൽ മദ്യവിൽപന കൂടുതലാണെന്ന പ്രചാരണത്തിൽ പരിഭവമുണ്ട്.
നിർമാതാവ് പണം മുടക്കുന്ന സിനിമകളിൽ വസ്ത്രാലങ്കാരം നടത്തുക മാത്രമാണു തന്റെ രംഗമെന്നു പറഞ്ഞതു പ്രമുഖ സിനിമ കോസ്റ്റ്യൂമർ സ്റ്റെഫി സേവ്യർ. സ്വന്തമായി വസ്ത്ര ബ്രാൻഡ് ഉണ്ടാക്കാനില്ലെന്നു മികച്ച കോസ്റ്റ്യൂമർക്കുള്ള അവാർഡുകൾ നേടിയ സ്റ്റെഫി പറഞ്ഞു. സംരംഭക ആയില്ലെങ്കിലും സംവിധായിക ആകാൻ കഴിഞ്ഞതിന്റെ സന്തോഷവും അവർ പങ്കിട്ടു.
ഏതാനും വർഷം മുൻപു കേരളത്തിൽ ആവേശമായി മാറിയ സ്റ്റാർട്ടപ് തരംഗം തണുത്തു പോയെന്നു മിക്കവർക്കും അഭിപ്രായമുണ്ട്. എങ്ങനെയും വിദേശത്തു പോകാനും അവിടെ സ്ഥിര താമസമാക്കാനുമാണ് ഇന്നത്തെ യുവതലമുറ ശ്രമിക്കുന്നത്.