പറയാനുണ്ട്; ഏറെ അനുഭവങ്ങൾ
Mail This Article
ബിസിനസിൽ സ്വന്തമായി വഴിവെട്ടിയവരും വൻകിടക്കാരോട് പൊരുതി ബ്രാൻഡ് സൃഷ്ടിച്ചവരും പുതിയ ആശയങ്ങളുടെ നീലവാനത്തിൽ നക്ഷത്രങ്ങൾ തെളിച്ചവരും യുവജന ദിനത്തോട് അനുബന്ധിച്ച് മനോരമ ഒരുക്കിയ കൂട്ടായ്മയിൽ ഒന്നിച്ചപ്പോൾ.
കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ സേവന വൈവിധ്യം വിസ്മയകരമാണ്.സ്റ്റാർട്ടപ്പ് എന്നാൽ ഐടി മാത്രമാണെന്ന ധാരണ പലർക്കുമുണ്ട്.അതു തിരുത്തപ്പെടുകയാണ്.ഇവിടെ എൻജിനീയറിങ് ജോലി ഉപേക്ഷിച്ച് ഗ്രീൻപലചരക്കുകട തുടങ്ങിയ യുവാവുണ്ട്,മൾട്ടി നാഷണൽ കമ്പനികൾക്ക് സേവനം നൽകുന്ന കമ്പനികളുടെ ഉടമകളുണ്ട്.സ്റ്റാർട്ടപ്പ് ആവേശം കുറഞ്ഞുവെന്ന ചർച്ച ആശങ്കജനിപ്പിക്കുന്നു.എങ്കിലും ഐഡിയകളുടെ ആകാശം പൂത്തുനിൽക്കും
∙രാംമോഹൻ പാലിയത്ത് (മോഡറേറ്റർ)
ബിസിനസ് തുടങ്ങുമ്പോൾ വീട്ടുകാർക്കുണ്ടാകുന്ന ആശങ്കകൾക്കു കാരണം സാഹചര്യങ്ങൾ കൂടിയാണ്. ബിസിനസ് കുടുംബത്തിൽ നിന്നുള്ള ഒരാൾക്ക് സംരംഭം തുടങ്ങാനുള്ള പിന്തുണ കിട്ടുന്നതുപോലെ ആകില്ല അതില്ലാത്തയാൾക്ക്. ഓരോ തലമുറയുടെയും കാഴ്ചപ്പാടുകൾ മാറുകയാണ്. അതിനനുസരിച്ചു സംവിധാനങ്ങളും മാറണം. 4 ട്രില്യൺ ഡോളറിന്റെ മാർക്കറ്റാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വരുന്നത്. വരുന്ന 10 വർഷം മാറ്റങ്ങളുടേതാണ്. പല പരമ്പരാഗത തൊഴിൽ മേഖലയിലും മാറ്റം വരും.
∙ജോഫിൻ ജോസഫ്, (സഹസ്ഥാപകൻ, പിയെൻസ വെൻഞ്ച്വേഴ്സ്)
ബിസിനസ് സാഹചര്യങ്ങളിൽ നിന്നു വരുന്നയാൾക്ക് സംരംഭം എളുപ്പമാണ്. വിജയിച്ചാൽ നമ്മൾ ആഘോഷിക്കപ്പെടും. ഉപഭോക്താവിന് ആവശ്യമുള്ളതു കൃത്യമായി ഒരേ നിലവാരത്തിൽ നൽകുന്നിടത്താണു വിജയം. എയ്റോനോട്ടിക്കൽ എൻജിനീയറുടെ ജോലി ഉപേക്ഷിച്ച് പലചരക്കു കട തുടങ്ങിയതാണ് ഞാൻ. നിങ്ങൾ സാധനങ്ങൾ വാങ്ങാൻ വീട്ടിലെ പാത്രങ്ങളുമായി വരൂ എന്ന് ഞാൻ പറഞ്ഞപ്പോൾ ആദ്യം പലരും മടിച്ചു. ഇന്ന് സിറ്റി കേന്ദ്രമായ ഞങ്ങളുടെ സ്റ്റോറുകളിൽ നല്ല പ്രതികരണമാണ്. 6 വർഷം കൊണ്ട് 44 ലക്ഷം പ്ലാസ്റ്റിക് കഷണങ്ങൾ ഒഴിവാക്കാൻ എനിക്ക് കഴിഞ്ഞു. 5 ഗ്രാം മൈക്രോപ്ലാസ്റ്റിക് ആണ് ഒരാഴ്ചയിൽ മനുഷ്യന്റെ ഉള്ളിലെത്തുന്നത്.
∙ബിട്ടു ജോൺ (സ്ഥാപകൻ 7 ടു 9 ഗ്രീൻ സ്റ്റോർ)
പത്തു വർഷം മുൻപുണ്ടായിരുന്ന സ്റ്റാർട്ടപ് സംസ്കാരം ഇപ്പോഴില്ലെന്നാണു തോന്നുന്നത്. അതിനു സഹായകമായ അന്തരീക്ഷം താഴേക്കു പോയെന്നു സംശയമുണ്ട്. ചിൽ ചെയ്തു ജീവിക്കുക എന്ന രീതിയിലേക്ക് ഇപ്പോഴത്തെ തലമുറ മാറിയിട്ടുണ്ട്. സോഷ്യൽമീഡിയ പ്രമോഷനിൽ തുടങ്ങി ജ്യൂസ് വിൽപനയിലെത്തി നിൽക്കുമ്പോൾ പിൻബലം അനുഭവവും പാഠങ്ങളുമാണ്.
∙അബ്ദുൽ മനാഫ് (എംഡി, ഫ്രൂട്ട്ബെ ഫുഡ് പ്രോഡക്ട്സ്)
ചെറുപ്പക്കാരായ വ്യത്യസ്ത ചിന്തകളുള്ള ധാരാളം സംരംഭകർ ഇപ്പോഴും ഉണ്ട്. ആറു മാസം കൊണ്ട് നല്ലൊരു വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ടെക് കമ്യൂണിറ്റിയാണ് കേരളത്തിലുള്ളത്. 20–25 പ്രായക്കാർക്ക് ടെക് ഉൽപന്നങ്ങൾ ഉണ്ടാക്കാവുന്ന സാഹചര്യം ഇപ്പോഴും കേരളത്തിലുണ്ട്.
∙ജോസഫ് ബാബു (സഹസ്ഥാപകൻ, റിയാഫൈ ടെക്നോളജീസ്)
തുടക്ക കാലത്ത് ആളുകളുടെ തലയിൽ വീഴും എന്നു പറഞ്ഞു കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിക്കുന്നതിനെ പലരും എതിർത്തിരുന്നു. കർഷകരെ ബോധ്യപ്പെടുത്താൻ സ്വന്തമായി കൃഷി ചെയ്യേണ്ടി വന്നു. ഡ്രോൺ ഉപയോഗത്തിലൂടെ കൃഷിയിൽ നിന്നുള്ള വരുമാനം കൂടുന്നു എന്നു മനസ്സിലാക്കിയതോടെ കർഷകർ ഡ്രോൺ ഉപയോഗിക്കാൻ തുടങ്ങി. കർഷകർക്കായി ഇന്ത്യയിൽ ഇതുവരെ കമ്പനി വിറ്റത് 200 ഡ്രോണുകളാണ്. ഇന്നു സിന്തൈറ്റ്, ഹാരിസൺ തുടങ്ങിയ വലിയ കമ്പനികളുടെ പ്ലാന്റേഷനുകളിലും, ഷിപ്‍യാർഡ്, പ്രതിരോധ മന്ത്രാലയം തുടങ്ങിയവ കമ്പനിയുടെ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.
∙ദേവിക ചന്ദ്രശേഖരൻ (സഹസ്ഥാപക, ഫ്യൂസിലേജ് ഇന്നവേഷൻസ്)
സ്വന്തമായി സ്റ്റാർട്ടപ് തുടങ്ങുന്ന സമയത്തു കുടുംബത്തിൽ നിന്നു തന്നെ ധാരാളം എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. വലിയ പരാജയങ്ങളിൽ നിന്നു പലതും പഠിച്ചെടുത്താണ് ഇപ്പോഴത്തെ വിജയത്തിലേക്ക് എത്തിയിട്ടുള്ളത്.
∙അനൂജ ബഷീർ (സിഇഒ, സഹസ്ഥാപക ഫ്ലെക്സിക്ലൗഡ്)
ബിസിനസ് തുടങ്ങുമ്പോൾ അതിനോട് അനുബന്ധമായ സാഹചര്യങ്ങളും വളരെ പ്രധാനമാണ്. ബിസിനസ് എവിടെ തുടങ്ങുന്നു എങ്ങനെ തുടങ്ങുന്നു എന്നതും ബിസിനസിനെ സ്വാധീനിക്കും. കേരളത്തിന് അനുയോജ്യമായ ബിസിനസ് ഏതാണെന്നു തിരിച്ചറിഞ്ഞ് അതു വികസിപ്പിക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടാക്കണം. നിയമവ്യവസ്ഥകൾ പലപ്പോഴും ജനത്തെ ബുദ്ധിമുട്ടിക്കുന്നതായി മാറുന്നു.
∙സുഭാഷ് ജോർജ് മാനുവൽ (ഡയറക്ടർ, സിംഗിൾ ഐഡി, ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം സഹഉടമ)
കേരളത്തിൽ ബിസിനസ് നടത്തണമെങ്കിൽ കേരളത്തെ അറിയണം. ഏതു ബിസിനസ് എവിടെ തുടങ്ങണം എന്നു കൃത്യമായി മനസ്സിലാക്കണം. ആളുകളോടും ഉദ്യോഗസ്ഥരോടും പെരുമാറാൻ പഠിക്കണം. വെറുപ്പിക്കാതെ ബിസിനസ് നടത്തുക എന്നതാണു പ്രധാനം. മറ്റു പല സംസ്ഥാനങ്ങളിലെയും അവസ്ഥ നോക്കുമ്പോൾ കേരളം എത്രയോ ഭേദമമാണെന്നു തോന്നാറുണ്ട്.
∙അരുൺ ജോസഫ് (സിഎംഡി, നോർമൻഡി ബ്രൂവറീസ് ആൻഡ് ഡിസ്റ്റിലറീസ്)
മാറുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ചും സാഹചര്യങ്ങൾക്ക് അനുസരിച്ചും നമ്മളും മാറാൻ ശ്രമിക്കണം. കേരളത്തിലാണ് ബിസിനസ് ചെയ്യുന്നതെങ്കിൽ ഇവിടത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തേണ്ടി വരും. സംരംഭത്തിന്റെ തുടക്കത്തിൽ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും അത് ആ സമയത്ത് കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ അത് കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
∙വി. ഗോപീകൃഷ്ണൻ (സ്ഥാപകൻ, ബിൽഡ് നെക്സ്റ്റ്)
ഞാൻ സിനിമയിൽ വരുന്ന സമയത്ത് കോസ്റ്റ്യൂം ഡിസൈനിങ് രംഗത്ത് മൂന്നോ നാലോ വനിതകളാണ് ഉണ്ടായിരുന്നത്. ഇന്നു ഫെഫ്കയിൽ ഏറ്റവും കൂടുതൽ വനിതകളുള്ളത് കോസ്റ്റ്യൂം ഡിസൈനിങ് രംഗത്താണ്. ഈയടുത്ത് ഹിറ്റായ പല സിനിമകളുടെയും കോസ്റ്റ്യൂം ചെയ്തിട്ടുള്ളതും സ്ത്രീകളാണ്. ഇതുമായി ബന്ധപ്പെട്ട തൊഴിൽമേഖലയിലും വനിതകളാണ് കൂടുതൽ.
∙സ്റ്റെഫി സേവ്യർ (കോസ്റ്റ്യൂം ഡിസൈനർ)
ഉൽപന്ന നിർമാണ മേഖലയിൽ ബ്രാൻഡിങ് വളരെ പ്രധാനമാണ്. സൈക്കിളിൽ വിറ്റു നടന്ന ഐസ് വിൽപനയിൽ നിന്നാണ് പെനി എന്ന ബ്രാൻഡ് പിറന്നത്. ഐസ്ക്രീം പോലൊരു ബിസിനസിൽ ഇന്നും നാളെയും അതിനു തൊട്ടടുത്ത ദിവസവും എത്തുന്നയാൾക്ക് അയാൾ ഇഷടപ്പെടുന്ന അതേ രുചിയിലും ഗുണത്തിലും ഉൽപന്നം നൽകാൻ കഴിയണം.
∙പുന്നൂസ്കുട്ടി പി.ചെറിയാൻ (എംഡി, പെനി ഐസ്)