സ്വപ്നസംരംഭത്തിലേക്ക് നിക്ഷേപം; മനോരമ ഓൺലൈൻ എലവേറ്റ് ഗ്രൂമിങിന് തുടക്കം
Mail This Article
‘മനോരമ ഓൺലൈൻ എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി’ ബിസിനസ് പിച്ചിങ് പ്രോഗ്രാമിന്റെ ഗ്രൂമിങ് സെഷനുകൾക്ക് തുടക്കമായി. ബിസിനസ് സംരംഭത്തെ/സ്റ്റാർട്ടപ്പിനെ പ്രായോഗികതലത്തിലേക്ക് ഉയർത്താനുള്ള മികവുറ്റ പ്ലാറ്റ്ഫോമായ എലവേറ്റിലേക്കു പ്രാഥമിക ഘട്ടത്തിൽ അപേക്ഷിച്ചത് അഞ്ഞൂറോളം സംരംഭകരാണ്.
മലയാള മനോരമയുടെ കൊച്ചി ഓഫീസിലാണ് നിക്ഷേപകർക്കുള്ള സെഷനുകൾ 2 ദിവസത്തോളമായി നടക്കുന്നത്. പരിപാടിയുടെ പ്രായോജകർ ജെയിന്‍ യൂണിവേഴ്സിറ്റി, കൊച്ചിയാണ്.
വിവിധ ഘട്ടങ്ങളിലെ വിലയിരുത്തലുകൾക്കുശേഷം ഇരുപത്തിയഞ്ചുപേരെയാണ് നിക്ഷേപ സമിതിക്കു മുൻപിൽ ആശയങ്ങൾ പങ്കുവയ്ക്കാൻ തിരഞ്ഞെടുത്തത്. ഇതിൽനിന്നും തിരഞ്ഞെടുക്കുന്ന മികച്ചതും വളർച്ചാസാധ്യതയുമുള്ള 20 ആശയസംരംഭങ്ങൾക്ക് നിക്ഷേപം ഉറപ്പ്.
മികച്ച ആശയത്തോടൊപ്പം അവതരണത്തിന്റെയും വിവിധ സാധ്യതകളെക്കുറിച്ച് സംരംഭകർക്ക് ഉള്‍ക്കാഴ്ച നൽകുന്ന സെഷനുകളും അരങ്ങേറി. ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സിഇഒ എ. ആർ രജ്ഞിത്താണ് ഗ്രൂമിങ് .സെഷനു നേതൃത്വം നൽകിയത്. സംരംഭകരുമായി ഒത്തുചേർന്ന അനുഭവങ്ങളും എങ്ങനെ ആശയത്തെ മികച്ച ബിസിനസ് സംരംഭമാക്കി മാറ്റം എന്നതിനെക്കുറിച്ചും സ്റ്റാർടപ് മിഷൻ സിഇഒ അനൂപ് അംബിക ക്ലാസുകൾ നയിച്ചു. വിവിധ ബിസിനസ് സംരംഭങ്ങളുടെ സാധ്യതകളെയും ഭാവിയെയും കുറിച്ച് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫും സംസാരിച്ചു.
നിക്ഷേപകർ ആരൊക്കെ?
ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, HAEAL സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ തുടങ്ങിയവരാണ് നിക്ഷേപക പാനലിലുള്ളത്. ഡോ. സജീവ് നായരാണ്( ബ്രഹ്മ ലേണിങ് സൊല്യൂഷൻസ്) മനോരമ ഓൺലൈൻ എലവേറ്റിന്റെ മെന്ററായി എത്തുന്നത്.