"കേരളത്തെ മനസ്സിലാക്കി ബിസിനസ് ചെയ്യണം" യുവസംരംഭകർക്ക് ഒരേ സ്വരം, ഉറച്ചു നിന്നാൽ വിജയമുറപ്പ്
Mail This Article
കൊച്ചി∙ തുടക്കത്തിൽ പരാജയങ്ങൾ നേരിട്ടേക്കാമെങ്കിലും സംരംഭകത്വത്തിൽ ഉറച്ചു നിന്നാൽ വിജയിക്കാമെന്നുറപ്പ് – ദേശീയ യുവജന ദിനാഘോഷത്തിനു മുന്നോടിയായി മലയാള മനോരമ സംഘടിപ്പിച്ച യുവ സംരംഭക കൂട്ടായ്മ ഒരേ സ്വരത്തിൽ പറഞ്ഞത് ഈ വാചകം.
പല പല പരാജയങ്ങൾക്കു ശേഷം വിജയത്തിന്റെ മധുരം നുണഞ്ഞ അവർ സംരംഭക വഴിയിലൂടെ പറന്നുയരാൻ സ്വപ്നം കാണുന്നവരോടു മറ്റു ചിലതു കൂടി പറഞ്ഞു: കേരളത്തെ മനസ്സിലാക്കി ബിസിനസ് ചെയ്യണം. ഉപയോക്താവിനോടും ഉദ്യോഗസ്ഥ സംവിധാനങ്ങളോടും എങ്ങനെ സംസാരിക്കണം എന്നറിയണം. ഉൽപന്നം കേരളത്തിനു ചേർന്നതായിരിക്കണം. ബെംഗളൂരുവിലോ ചെന്നൈയിലോ രാജ്യത്തെ മറ്റു വൻ നഗരങ്ങളിലോ കാണാവുന്ന ബിസിനസ് ‘ഇക്കോ സിസ്റ്റം’ കേരളത്തിൽ കാണാൻ കഴിയില്ലെങ്കിലും സാധ്യതകൾക്കു തെല്ലും കുറവില്ല. അതിനു പക്ഷേ, റിസ്ക് എടുക്കാനും മികച്ച ആശയം കണ്ടെത്താനും അതിനെ ‘ബ്രാൻഡ്’ ചെയ്തു വളർത്താനും കഴിയണം.
കേരളത്തിൽ ടെക്നോളജി സ്റ്റാർട്ടപ്പുകൾക്കു വളരാൻ അനുകൂല നയങ്ങളും ഫണ്ടിങ് ലഭ്യതയും വർധിച്ചുവെന്നും സംരംഭകരുടെ സാക്ഷ്യം. സ്റ്റാർട്ടപ് അനുകൂല നയങ്ങൾ പ്രഖ്യാപിച്ച അപൂർവം സംസ്ഥാനങ്ങളിലൊന്നാണു കേരളം. അതേസമയം, മാനുഫാക്ചറിങ് സെക്ടറിലും മറ്റും സംരംഭകർക്കു സാങ്കേതിക അനുമതികൾ വൈകുന്നതു മൂലമുള്ള പ്രയാസങ്ങളും പൂർണമായും നീങ്ങിയിട്ടില്ല. ബെംഗളൂരു പോലുള്ള വൻനഗരങ്ങളിൽ സർക്കാർ ഇടപെടൽ തീർത്തും കുറവാണ്. അതിനു ഗുണവും ദോഷവുമുണ്ട്. ബെംഗളൂരുവിലെ സ്റ്റാർട്ടപ് സംസ്കാരം വളർത്തിയതു സ്വകാര്യ നിക്ഷേപക കൂട്ടായ്മകളാണ്. സർക്കാർ ബിസിനസ് അനുകൂല ഇക്കോസിസ്റ്റം സൃഷ്ടിക്കുക മാത്രമാണു ചെയ്യേണ്ടത്. അതോടെ, സ്വാഭാവികമായും സംരംഭങ്ങൾ വർധിക്കുമെന്നും അവർ വിലയിരുത്തി. കോളമിസ്റ്റും എഴുത്തുകാരനുമായ രാംമോഹൻ പാലിയത്ത് മോഡറേറ്ററായിരുന്നു.