മൈജി ‘5,000 കോടി’ കമ്പനിയാകും; വളരും കേരളത്തിന് പുറത്തേക്കും, ഇനി എഐയുടെ ‘സൂപ്പർ’ കാലഘട്ടമെന്ന് ചെയർമാൻ എ.കെ. ഷാജി

Mail This Article
19 വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് മാവൂർ റോഡിൽ വെറും 250 ചതുരശ്ര അടിയിൽ 6 ജീവനക്കാരുമായി ഒരു ‘കുഞ്ഞൻ’ മൊബൈൽ ഷോറൂം തുടങ്ങുമ്പോഴേ, എ.കെ. ഷാജിയുടെ മനസ്സിലൊരു സ്വപ്നമുണ്ടായിരുന്നു. വളരുക, 100ൽ അധികം ഷോറൂമുകളുമായി കേരളമെമ്പാടും. ആ സ്വപ്നവും മറികടന്ന് മൈജിയുടെ വിജയയാത്ര തുടരുകയാണ്; ഷാജിയുടെയും. ഷോറൂമുകൾ 150ലേക്ക് എത്തുന്നു. ജീവനക്കാർ 3,000ലേറെ. വിറ്റുവരവ് 4,000 കോടി രൂപയ്ക്കടുത്ത്. മൈജിയുടെ ഉപഭോക്തൃ അടിത്തറ ഒരു കോടിപ്പേർ എന്ന നാഴികക്കല്ലും പിന്നിട്ടു.
എന്താണ് വിജയരഹസ്യമെന്ന് ചോദിച്ചാൽ എ.കെ. ഷാജി പറയും ‘‘ഉപഭോക്താക്കളെയും സമൂഹത്തെയും റീചാർജ് ചെയ്യുകയാണ് മൈജി ചെയ്യുന്നത്. അവരുടെ വിശ്വാസമാണ് മൈജിയുടെ കരുത്ത്’’. 2006 നവംബർ ഒന്നിന് കേരളപ്പിറവിക്ക് പിറവിയെടുത്ത മൈജിക്ക് ഇന്ന് കേരളത്തിലുടനീളമുണ്ട് ഷോറൂം സാന്നിധ്യം. മൊത്തം ഷോറൂമുകൾ 123 ആയി. അതിൽ, ഹോം അപ്ലയൻസസ് ഉൾപ്പെടെ വിശാലമായ ഉൽപന്നനിരയുള്ള മൈജി ഫ്യൂച്ചർ ഷോറൂമുകൾ 40ഓളം.
വൈകാതെ കർണാടക, തമിഴ്നാട്, ഗൾഫ് എന്നിവടങ്ങളിലേക്കും മൈജി ചുവടുവയ്ക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് റീട്ടെയ്ൽ ശൃംഖലകളിലൊന്നായ മൈജി ‘സ്വന്തം ബ്രാൻഡ്’ ഉൽപന്നങ്ങളും വിപണിയിലെത്തിച്ചിട്ടുണ്ട്. മൈജിയുടെ വിജയയാത്രയെ കുറിച്ച് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി ‘മനോരമ ഓൺലൈനിനോട്’ സംസാരിക്കുന്നു.
∙ മൈജിയുടെ പ്രധാന സവിശേഷത മികച്ച ഉൽപന്നനിരയും ഓഫറുകളുമാണ്. എങ്ങനെയാണ് എക്കാലത്തും ഇങ്ങനെ ഓഫറുകൾ നൽകാൻ സാധിക്കുന്നത്?
- പണ്ടൊക്കെ ഓണക്കാലത്ത് മാത്രമാണ് ഉപഭോക്താക്കൾക്ക് ഓഫറുകൾ കിട്ടിയിരുന്നത്. മൈജി വന്നതോടെ ഇപ്പോൾ വർഷം മുഴുവൻ ഓഫറുകളായി. കേരളത്തിൽ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് മേഖലയിൽ ഏറ്റവുമധികം ബയിങ് കപ്പാസിറ്റിയുള്ള കമ്പനിയാണ് മൈജി. ഏകദേശം 4,000 കോടി രൂപയാണ് ഈ വർഷം. മുൻനിര ബ്രാൻഡുകളിൽ നിന്നെല്ലാം നേരിട്ടാണ് ഞങ്ങൾ ഉൽപന്നങ്ങൾ വാങ്ങുന്നത്. അതുവഴി ഞങ്ങൾക്ക് കിട്ടുന്ന നേട്ടം ഞങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് ഓഫറുകളായി കൈമാറുന്നു. അതുകൊണ്ടാണ്, എക്കാലത്തും ഓഫറുകൾ ഒരുക്കാൻ മൈജിക്കാകുന്നത്.
കമ്പനികളുടെ ഓഫറുകൾക്ക് പുറമേ മൈജി സ്വന്തം ഓഫറുകളും നൽകുന്നു. കമ്പനി വാറന്റിക്ക് പുറമേ, മൈജി എക്സ്റ്റൻഡഡ് വാറന്റിയും നൽകുന്നു. പ്രീമിയം ഉൽപന്നങ്ങൾ സാധാരണക്കാർക്കും വാങ്ങിക്കാവുന്ന മികച്ച ഫിനാൻസ് സൗകര്യങ്ങളുമുണ്ട്. ഉപഭോക്താക്കളെ ‘റീചാർജ്’ ചെയ്യുകയാണ് ഇതുവഴി മൈജി. സാംസങ്, ആപ്പിൾ തുടങ്ങിയവയുടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിതരണക്കാരായി മാറാൻ മൈജിക്കായതും അതുകൊണ്ടാണെന്ന് ഞങ്ങൾ കരുതുന്നു.
∙ മൈജിക്ക് ഇപ്പോൾ സ്വന്തം ബ്രാൻഡ് ഉൽപന്നങ്ങളുമുണ്ട്. കേരളത്തിൽ സ്വന്തം ഫാക്ടറി ആലോചിക്കുന്നുണ്ടോ?
- ജി-ഡോട്ട്, ഗാഡ്മി ബ്രാൻഡുകളിലാണ് ടിവി, ചെറു ഹോം അപ്ലയൻസസ്, മൊബൈൽ ആക്സസറികൾ എന്നിവ വിപണിയിലെത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് പ്രീമിയം ഫീച്ചറുകളുള്ള ഉൽപന്നങ്ങൾ മിതമായ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. വൈകാതെ വലിയ അപ്ലയൻസസിലേക്കും കടക്കും. നിലവിൽ ഇറക്കുമതി ചെയ്താണ് സ്വന്തം ബ്രാൻഡ് ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നത്. കേരളത്തിൽ ഫാക്ടറി ആലോചിക്കുന്നുണ്ട്. ചർച്ചകൾ നടക്കുന്നു. കേരളത്തിൽ ഉൽപന്നങ്ങൾ നിർമിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും എത്തിക്കണം.
∙ മൈജിയുടെ വളർച്ചാ പദ്ധതികളെ കുറിച്ച് വിശദമാക്കാമോ?
26-ാം വയസ്സിലാണ് ഞാൻ മൈജിക്ക് തുടക്കമിടുന്നത്. അതിനുമുമ്പ് ഞാൻ ദുബായിലായിരുന്നു. അവിടെവച്ചുതന്നെ മൊബൈൽ, ഗാഡ്ജറ്റ്സ് എന്നിവയുടെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. കേരളത്തിൽ വരാനായിരുന്നു എനിക്കിഷ്ടം. ഇവിടെ കുറച്ചുപേർക്ക് ജോലി കൊടുക്കുന്ന സംരംഭം ആഗ്രഹിച്ചു. അങ്ങനെ 2006ൽ മാവൂർ റോഡിൽ തുടക്കം. മൾട്ടി-ബ്രാൻഡ് മൊബൈൽഷോറൂം, സർവീസ് സെന്റർ കൂടിച്ചേർന്ന മൊബൈൽഷോറൂം എന്നീ ആശയങ്ങൾ കേരളത്തിൽ തന്നെ പുതുമയായിരുന്നു.
ഉപഭോക്താക്കളിൽ നിന്ന് വലിയ പ്രതികരണം ലഭിച്ചതോടെ, മാവൂർ റോഡ് ഭാഗത്തുതന്നെ ആദ്യവർഷം 7 ഷോറൂമുകളായി. തൊട്ടടുത്തവർഷം സമീപത്തെ ജില്ലകളിലും. തുടക്കംമുതൽ മികച്ച ഉപഭോക്തൃവിശ്വാസം മികവുറ്റ സേവനങ്ങളിലൂടെ കാത്തുസൂക്ഷിക്കാൻ മൈജിക്ക് കഴിയുന്നു. ഇപ്പോൾ ഉപഭോക്താക്കൾ ഒരു കോടി കടന്നു. ഒരുമാസം ഒന്നരലക്ഷത്തിലേറെ പേരാണ് പുതുതായി മൈജി ഷോറൂമുകളിലേക്ക് എത്തുന്നത്.
കേരളത്തിൽ ഓരോ 20-50 കിലോമീറ്ററിലും ഈ വർഷം മൈജിയുടെ ഷോറൂമുകൾ ആരംഭിക്കും. പിന്നാലെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കും. എല്ലാ സംസ്ഥാനത്തും ഷോറൂമുകൾ ആരംഭിച്ച്, ഈ രംഗത്ത് ഇന്ത്യയിലെ ടോപ്പ് ആകാനാണ് ശ്രമം. ഗൾഫ് രാജ്യങ്ങളും മനസ്സിലുണ്ട്.
∙ മൈജി ജീവനക്കാർക്ക് നൽകുന്ന പ്രോത്സാഹനവും ശ്രദ്ധേയമാണ്. സ്ത്രീ ജീവനക്കാർക്കും കരുതൽ നൽകുന്നു. ജീവനക്കാരെ കുറിച്ച്?
ആറിൽ തുടങ്ങിയ ജീവനക്കാരുടെ എണ്ണം ഇപ്പോൾ 6,000 ആയി. 4,000 പേർക്ക് നേരിട്ടും 2,000 പേർക്ക് പരോക്ഷമായും മൈജി തൊഴിൽ നൽകുന്നു. ഒരുവർഷത്തിനകം 2,000 പേർക്കുകൂടി തൊഴിൽ നൽകാനാകുമെന്ന് കരുതുന്നു. ഇന്ത്യയിൽ സ്ത്രീകൾ മാത്രമുള്ള ആദ്യ സർവീസ് സെന്റർ ആരംഭിച്ചത് മൈജിയാണ്. 2022ൽ കോഴിക്കോട് തൊണ്ടയാട്. സ്ത്രീ ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും കൂടി പരിഗണിച്ചായിരുന്നു അത്.
മൈജിയുടെ സ്വന്തം ‘മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി’യിൽ ഞങ്ങൾ പരിശീലനക്കോഴ്സും നൽകുന്നുണ്ട്. സ്ത്രീകൾക്ക് താരതമ്യേന മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കാൻ അതുവഴി കഴിയുന്നു. മൈജിയുടെ ആദ്യ ഷോറൂമിൽ തന്നെ സുതാര്യമായ സർവീസ് സെന്റർ ഉണ്ടായിരുന്നു. ആ മികവ് ഞങ്ങൾ എല്ലാ ഷോറൂമിലും കാത്തുസൂക്ഷിക്കുന്നു. സർവീസ് വിഭാഗത്തിൽ മാത്രം 700ലേറെ ജീവനക്കാരുണ്ട്.
∙ കേരളത്തിൽ നിന്ന് പുതുതലമുറ വിദേശത്തേക്ക് പറക്കുന്നത് ഭാവിയിലെ ഉപഭോക്താക്കളെ നഷ്ടപ്പെടുത്തില്ലേ? ഓൺലൈൻ വിപണിയും വെല്ലുവിളിയല്ലേ?
ചെറുപ്പക്കാർ വലിയതോതിൽ വിദേശത്തേക്ക് പോകുന്നു എന്നത് സത്യമാണ്. എന്നാൽ, അവർക്ക് ഇവിടെ തന്നെ അവസരങ്ങൾ സൃഷ്ടിക്കാനാണ് മൈജിയുടെ ശ്രമം. വെറുതേ ഒരു റീട്ടെയ്ൽ പ്രോഡക്റ്റ് വിൽക്കുന്ന കമ്പനിയില്ല മൈജി. സമൂഹത്തെ ‘റീചാർജ്’ ചെയ്യുകയാണ്. വിദേശത്തെ സാധ്യതകൾ ഇവിടെ നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു. നമ്മുടെ ചെറുപ്പക്കാർക്ക് അവരാഗ്രഹിക്കുന്ന തൊഴിൽ ഇവിടെ തന്നെ ലഭ്യമാക്കണം. അവർ കൊതിക്കുന്ന പ്രീമിയം ഉൽപന്നങ്ങൾ ലോകത്തെവിടെയുമെന്നപോലെ ഇവിടെയും ലഭ്യമാക്കണം. അതിനാണ് മൈജി ശ്രമിക്കുന്നത്.
ഓൺലൈൻ മത്സരത്തെയും ഞങ്ങൾ ഭയക്കുന്നില്ല. വാങ്ങാനാഗ്രഹിക്കുന്ന ഉൽപന്നം നേരിട്ടുകണ്ട്, തൊട്ടറിഞ്ഞ് ബോധ്യപ്പെടാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. നല്ല സർവീസും വേണം. അതിന് ഓഫ്‍ലൈൻ സ്റ്റോറുകളാണ് നല്ലതെന്ന് അവർക്കറിയാം. മൈജിക്ക് കേരളത്തിലെവിടെയും മണിക്കൂറുകൾക്കകം ഉൽപന്ന വിതരണത്തിനുള്ള ഓൺലൈൻ വിപണിയുണ്ട്. കേരളത്തിൽ എവിടെയും വിതരണം ചെയ്യും.
∙ എഐയുടെ സാധ്യതകളെ മൈജി എങ്ങനെ കാണുന്നു?
ഇനി വരുന്നത് എഐയുടെ സൂപ്പർ കാലഘട്ടമാണെന്ന് ഞാൻ പറയും. 2025ൽ ഓരോ ദിവസവും മാറ്റങ്ങളുണ്ടാകും. വലിയ കമ്പനികളെല്ലാം അതിനുള്ള തയാറെടുപ്പികളിലാണ്. ഉൽപന്നങ്ങൾ, സാങ്കേതികവിദ്യ, സർവീസ് എന്നിവയിലെല്ലാം വലിയ മാറ്റം വരും. എഐ ശത്രുവാകില്ല. നമുക്ക് സഹായിയാണ്. മൈജിയുടെ പ്രോഡക്റ്റിലെല്ലാം ഗവേഷണ-വികസനങ്ങൾ നടക്കുകയാണ്. വലിയ സാധ്യതകളാണ് മുന്നിലുള്ളത്.
∙ മൈജിയുടെ വിറ്റുവരവിനെ കുറിച്ച്?
കഴിഞ്ഞ സാമ്പത്തികവർഷം ഞങ്ങൾ 2,500 കോടി രൂപ വിറ്റുവരവ് പ്രതീക്ഷിച്ചിരുന്നത് മറികടന്ന് 2,850 കോടി രൂപയിലെത്തി. ഈ വർഷം പ്രതീക്ഷിക്കുന്നത് 3,800 കോടി. അടുത്തവർഷം 5,000 കോടി രൂപയും. ഷോറൂമുകളുടെ എണ്ണം 150 കവിയും.
∙ കേരളത്തിലെ വ്യാവസായിക അന്തരീക്ഷം എങ്ങനെയുണ്ട്?
കേരളം വളരെ പോസിറ്റിവാണ്. അതുകൊണ്ടാണല്ലോ 19 വർഷമായി ഞങ്ങൾ വളർന്നുകൊണ്ടേയിരിക്കുന്നത്. സർക്കാരിൽ നിന്നെല്ലാം മൈജിക്ക് കിട്ടിയത് നല്ല പിന്തുണയാണ്. പുതുവർഷത്തിലും ഞങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ട്. മൈജി ഒരുപാട് കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യും.
മുതിർന്ന പൗരന്മാർക്കായി ‘സ്മാർട്ട് സ്റ്റാർട്ട്’ എന്ന പദ്ധതി മൈജി ആരംഭിച്ചിരുന്നു. പുതിയ ടെക്നോളജിയെക്കുറിച്ചും മൊബൈൽഫോണിലെ സൗകര്യങ്ങളെക്കുറിച്ചുമൊക്കെ അവരെ പഠിപ്പിക്കുന്ന ആശയമാണത്. അവരെ സ്വയംപര്യാപ്തരാക്കുകയാണ് അതുവഴി. ‘കുട്ടികൾക്ക് മൊബൈൽ വേണ്ടാ’ എന്ന ക്യാമ്പയ്ൻ ധൈര്യപൂർവം ചെയ്യാനും മൈജിക്ക് കഴിഞ്ഞു.
∙ മോഹൻലാലും മഞ്ജുവാര്യരുമാണ് മൈജിയുടെ ബ്രാൻഡ് അംബാസഡർമാർ. അവരുടെ സാന്നിധ്യത്തെ എങ്ങനെ കാണുന്നു?
വളരെ പോസിറ്റിവ്. ലാലേട്ടൻ ബ്രാൻഡ് അംബാസഡറാകും മുമ്പ് ഞങ്ങളുടെ വിറ്റുവരവ് 450 കോടി രൂപയായിരുന്നു. ഇപ്പോൾ 4,000 കോടി രൂപയ്ക്കടുത്തായി. മഞ്ജു വാര്യരുടെ സാന്നിധ്യവും വലിയ കരുത്താണ്. മൈജിയുടെ ആശയം കൃത്യമായി ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഉപഭോക്താക്കളുമായുള്ള അടുപ്പം ശക്തമാക്കാനും ലാലേട്ടന്റെയും മഞ്ജുവിന്റെയും പിന്തുണയിലൂടെ കഴിയുന്നു.
∙ ഓഹരി വിപണിയിലേക്ക് കടക്കാൻ ആലോചിക്കുന്നുണ്ടോ?
തൽകാലമില്ല. മൈജി ഒരു ടീമാണ്. ഒരു ടീം, ഒരു ഡ്രീം, ഒരു ഫാമിലി. തൽകാലം അങ്ങനെ തന്നെ മുന്നോട്ടുപോകും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business