ആലപ്പുഴ സ്വദേശി മാനസ് മധുവിന്റെ ഏത്തയ്ക്ക ഉപ്പേരി ബ്രാൻഡിന് 71 കോടിയുടെ നിക്ഷേപം

Mail This Article
ആലപ്പുഴ ∙ ഏത്തയ്ക്ക ഉപ്പേരി ബ്രാൻഡായ ബിയോണ്ട് സ്നാക്സിലേക്ക് 71 കോടിരൂപയുടെ (8.3 മില്യൻ യുഎസ് ഡോളർ) നിക്ഷേപമെത്തി. ആലപ്പുഴ ചെന്നിത്തല സ്വദേശി മാനസ് മധുവിന്റെ സ്ഥാപനത്തിൽ ഡൽഹി ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ 12 ഫ്ലാഗ്സ് ഗ്രൂപ്പാണു വൻതുക നിക്ഷേപിച്ചത്.
2020ലാണ് കമ്പനി തുടങ്ങിയത്. കാർഷിക, ഭക്ഷ്യ രംഗത്തെ കമ്പനികളിൽ നിക്ഷേപം നടത്തുന്ന നാബ് വെഞ്ച്വേഴ്സ് 2023ൽ 28 കോടിയുടെ ഫണ്ടിങ് നടത്തി. എംബിഎ ബിരുദധാരിയായ മാനസ് ജോലി ഉപേക്ഷിച്ചാണു ഭക്ഷ്യരംഗത്തെ സംരംഭകനായത്. ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളുമായി വിപണിയിൽ എത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്നു വിവിധ രുചികളിൽ ഏത്തയ്ക്ക ഉപ്പേരിയുമായി രാജ്യാന്തര വിപണി പിടിക്കുകയായിരുന്നു. ജ്യോതി രാജ്ഗുരു, ഗൗതം രഘുരാമൻ എന്നിവരാണു സഹസ്ഥാപകർ.

കഴിഞ്ഞ വർഷമാണു റീട്ടെയ്ൽ മേഖലയിലേക്കു ബിയോണ്ട് സ്നാക്സ് ഇറങ്ങിയതെങ്കിലും ഇപ്പോൾ 50% വിറ്റുവരവ് ഇവയിലൂടെയാണ്. രാജ്യാത്താകെ നിലവിൽ 20,000 റീട്ടെയ്ൽ ഔട്‌ലെറ്റുകളുണ്ട്. ഏകദേശം 200 കർഷകരാണു ബിയോണ്ട് സ്നാക്സിനായി കൃഷി ചെയ്യുന്നത്. 2023–24 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തെക്കാൾ ഇരട്ടി വിറ്റുവരവാണു സ്ഥാപനം നേടിയത്. പുതിയ വിപണികൾ കണ്ടെത്താനും ഗവേഷണങ്ങൾക്കും വിപണന ശൃംഖല വിപുലമാക്കാനും തുക വിനിയോഗിക്കുമെന്നു മാനസ് പറഞ്ഞു.
ദേശി മസാല, സ്വീറ്റ് ചില്ലി, പെറി പെറി, സോൾട്ട് ആൻഡ് ബ്ലാക്ക് പെപ്പർ, ബനാന വേവ്സ് (ലെയ്സ് മോഡൽ) എന്നിങ്ങനെ വിവിധ രുചികളിൽ ബിയോണ്ട് സ്നാക്സിന്റെ ഉപ്പേരി ലഭ്യമാണ്. ആമസോൺ, ഫ്ലിപ്കാർട്, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ വിൽപനസൈറ്റുകളും റീട്ടെയ്ൽ ഔട്‌ലെറ്റുകളും വഴിയാണു വിൽപന. 12 വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business