ഇന്ത്യയെ ആഗോള ഉൽപ്പാദന കേന്ദ്രമാക്കിയാൽ മാത്രമേ വികസിത രാഷ്ട്രമെന്ന സ്വപ്നം യാഥാർഥ്യമാകൂ : ഡോ. ശശി തരൂർ

Mail This Article
കൊച്ചി: ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമാക്കിയാൽ മാത്രമേ വികസിത രാഷ്ട്രമെന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുകയുള്ളുവെന്ന് ഡോ. ശശി തരൂർ എം പി അഭിപ്രായപ്പെട്ടു. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഇന്ത്യ ഫോർവേഡ് ടോക്ക് സീരീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉൽപ്പാദനത്തിലും നവീകരണത്തിലും ലോകത്തെ നയിക്കാൻ കഴിയുന്ന അപാരമായ സാധ്യതകൾ ഇന്ത്യക്ക് ഉണ്ട്. എന്നാൽ, ഇതിനൊക്കെ തടയിടുന്ന തരത്തിലുള്ള വ്യവസ്ഥാപരമായ വെല്ലുവിളികളാണ് രാജ്യത്തുള്ളത്. അതിനെ മറികടന്നാൽ മാത്രമേ വികസിത രാജ്യമെന്ന സ്വപ്നത്തിലേക്ക് നമുക്ക് എത്താൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വിതരണ ശൃംഖലകൾ ചൈനയ്ക്ക് പകരമായി ഉല്പാദന കേന്ദ്രങ്ങൾ തിരയുന്ന സാഹചര്യത്തിൽ ഇത് അവസരമാണ്. കർശനമായ തൊഴിൽ നിയമങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, നൈപുണ്യ അഭാവം എന്നിവ ഈ മേഖലയുടെ വളർച്ചയെ തടസ്സപ്പെടുത്തിയിട്ടുണ്ട്. വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പുരോഗതി കൈവരിക്കാൻ ഇത് അവസരമായിട്ടുണ്ട്.

കേരളം മാതൃക
പല വെല്ലുവിളികൾക്കിടയിലും, സാമ്പത്തിക നവീകരണത്തിനും സുസ്ഥിര വികസനത്തിനും കേരളം രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തിയ സംസ്ഥാനത്തിന്റെ സംരംഭകത്വ മനോഭാവത്തെയും തന്ത്രപരമായ സംരംഭങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ശക്തമായ അടിത്തറയും ദീർഘവീക്ഷണമുള്ള സാമ്പത്തിക നയങ്ങളുമുള്ള കേരളം, സ്റ്റാർട്ടപ്പുകളുടെ ചലനാത്മക കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ട്. ഈ ആവാസവ്യവസ്ഥ കേരളത്തെ ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിൽ ഒരു പ്രധാന പങ്കാളിയായി സ്ഥാനപ്പെടുത്തിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ജോലി സമയം വർദ്ധിപ്പിക്കലല്ല വേണ്ടത് മറിച്ച്
ഡെന്മാർക്കിലേതു പോലെ തൊഴിലിടങ്ങളിലെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇക്കാലമത്രയും നേടിയ സാമ്പത്തിക വളർച്ചയിൽ മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തത് ഒരു വിരോധാഭാസമാണ്.
ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ ഏകദേശം 40% ഇപ്പോഴും കാർഷിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും പരുക്കൻ ഭാവത്തിൽ മോശമാക്കികൊണ്ടിരിക്കുന്ന ഒരു തൊഴിൽമേഖലയാണ് കാർഷികവൃത്തി. ഇന്ത്യയിൽ 20% മാത്രമേ നിർമ്മാണ മേഖലയിലോ ഐടി പോലുള്ള ബിസിനസ് സേവനങ്ങളിലോ നിലവിൽ ജോലി ചെയ്യുന്നുള്ളൂ.