മലയാളി സംരംഭകർ കൊച്ചിയിൽ ഒത്തുചേരുന്നു മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ് നാളെ

Mail This Article
കൊച്ചി ∙ രാജ്യത്തിനകത്തും പുറത്തും വിജയക്കൊടി പാറിച്ച മുൻനിര ബിസിനസ് നായകർ, സ്വന്തം സ്ഥാപനത്തെ കൂടുതൽ ഉയരങ്ങളിലേക്കു കൈപിടിച്ചു നടത്താൻ ആഗ്രഹിക്കുന്ന ചെറുകിട സംരംഭകർ, ഒപ്പം ലോകം കീഴടക്കുന്ന സ്റ്റാർട്ടപ്പുകൾ സ്വപ്നം കാണുന്ന ന്യൂ ജെൻ തലമുറയും.
ഇവരെല്ലാം നാളെ കൊച്ചിയിൽ മനോരമ സമ്പാദ്യം സംഘടിപ്പിക്കുന്ന കേരള ബിസിനസ് സമ്മിറ്റ് 2025 ൽ ഒത്തു കൂടും. നവസാങ്കേതിക വിദ്യയുടെ കാലത്ത് ബിസിനസിൽ വിജയിക്കാനുള്ള പുത്തൻ ആശയങ്ങളും ടെക്നോളജികളും പങ്കുവയ്ക്കും.
കൊച്ചി ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലെ ഗ്രാൻഡ് ബാൾ റൂമിൽ രാവിലെ 9.30 ന് മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സംരംഭകനുമായ രാജീവ് ചന്ദ്രശേഖർ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. ബിഗ് ബാസ്കറ്റ് ഉടമ ഹരി മേനോൻ ഇ കോമേഴ്സിലെ പുത്തൻ പ്രവണതകളെ കുറിച്ച് സംസാരിക്കും
പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ് ആണ് സമ്മിറ്റിന്റെ പവേഡ് ബൈ സ്പോൺസർ. ബാങ്ക് ഓഫ് ബറോഡ, ഡിബിഎഫ്എസ് എന്നിവർ അസോഷ്യേറ്റ് സ്പോൺസർമാരും.
ഇ കോമേഴ്സ് കാലത്ത് റീടെയ്ൽ രംഗത്ത് വിജയിക്കാനുള്ള വഴികൾ, പുതുമകളിലൂടെ ലോകവിപണി കീഴടക്കാനുള്ള തന്ത്രങ്ങൾ, ഓഹരി വിപണിയിലൂടെ സമ്പത്തുണ്ടാക്കാനുള്ള തന്ത്രങ്ങൾ, ട്രാവൽ രംഗത്തെ പുതിയ പ്രവണതകളും അവസരങ്ങളും, ബിസിനസ് വായ്പകളും ഫണ്ടുകളും തുടങ്ങിയവയെപ്പറ്റി വിദഗ്ധർ സംസാരിക്കും.
എഐ യുഗത്തിലെ സ്മാർട് ബിസിനസുകൾ, സ്പോർട്ട് കേരളത്തിനു മുന്നിൽ തുറക്കുന്ന ബിസിനസ് അവസരങ്ങൾ, ഹെൽത്ത് കെയർ സംരംഭങ്ങളുടെ മാറുന്ന മുഖം എന്നീ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ ഉണ്ടാകും.
സമ്മിറ്റിൽ പങ്കെടുക്കുന്ന പ്രമുഖർ: അനൂപ് മൂപ്പൻ (ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ), അജു ജേക്കബ് (സിന്തെറ്റ് ഗ്രൂപ്പ്), അലക്സ് സി നൈനാൻ (ബേബി മറൈൻ ഗ്രൂപ്പ്), വിനോദ് മഞ്ഞില (ഡബിൾ ഹോഴ്സ്), ശ്രീജിത് കൊട്ടാരത്തിൽ (ബാങ്ക് ഓഫ് ബറോഡ), അരുൺ ചിറ്റിലപ്പിള്ളി (വണ്ടർലാ), ടീന മുത്തൂറ്റ് (മുത്തൂറ്റ് ഫിൻകോർപ്), അശോക് മാണി (കിച്ചൻ ട്രഷേഴേസ്), നസീൻ ജഹാംഗീർ (നെസ്റ്റ് ഗ്രൂപ്പ്), റോഷൻ സജു ജോർജ് (ബിഒബി), വിമൽ ഗോവിന്ദ് (ജെൻറോബട്ടിക്സ്), രാമനുണ്ണി (ചാർഡ് മോഡ്), ഡെന്നി കുര്യൻ (കെയ്റേറ്റ്സുഫോറം– എയ്ഞ്ചൽ ഇൻവെസ്റ്റർ), ഡെന്നി തോമസ് വട്ടക്കുന്നേൽ (സാന്റാ മോണിക്ക), ഷാജി വർഗീസ് (മുത്തൂറ്റ് ഫിൻകോർപ്) നവാസ് മീരാൻ (കേരള ഫുട്ബോൾ അസോസിയേഷൻ), ഷാജി പ്രഭാകരൻ (ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ), കെ.എൻ. രാഘവൻ (മുൻ ക്രിക്കറ്റ് അംപയർ), ഡോ. സബീൻ ശിവദാസൻ (സബീൻ ഹോസ്പിറ്റൽ), ഹരികുമാർ (കോട്ടയ്ക്കൽ ആര്യവൈദ്യശാല), ഡോ. സണ്ണി പി. ഓറത്തേൽ (രാജഗിരി ഹോസ്പിറ്റൽ,) ഡോ. അരുൺ ഉമ്മൻ (ലേക‍്‍ഷോർ ഹോസ്പിറ്റൽ), പ്രിൻസ് ജോർജ് (ഡിബിഎഫ്എസ്), ശാലിനി ജോസ്‌ലിൻ (കാർപറ്റ് ബാൻ)
പ്രവേശനം മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്ക് മാത്രം. റജിസ്റ്റർ ചെയ്യാൻ: 73566 06923