സംരംഭങ്ങളെ ശാക്തീകരിക്കാൻ ബാങ്ക് ഓഫ് ബറോഡയുടെ പദ്ധതികൾ

Mail This Article
സംരംഭങ്ങളെ ശാക്തീകരിക്കാനും അതുവഴി രാജ്യവികസനം ത്വരിതപ്പെടുത്താനും ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചത് നിരവധി പദ്ധതികൾ. കേരളത്തിൽ സമീപകാലത്ത് ആരംഭിച്ചത് പതിനായിരക്കണക്കിന് പുതിയ സംരംഭങ്ങളാണ്. അവയിൽ മൂന്നിലൊന്നും നയിക്കുന്നത് സ്ത്രീകൾ. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്കരണം, ഐടി, വസ്ത്രനിർമാണം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ പുതിയ സംരംഭങ്ങളും.
കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂൺ എംഎസ്എംഇകളാണെന്ന് മനസ്സിലാകുമെന്ന് ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് അനലിസ്റ്റ് രോഹൻ സജു ജോർജ് പറഞ്ഞു. ബിസിനസ് ഫണ്ടിങ് സൊല്യൂഷൻസ് എന്ന വിഷയത്തിൽ നടച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ജിഡിപിയുടെ 29 ശതമാനവും കയറ്റുമതിയുടെ 43 ശതമാനവും പങ്കുവഹിക്കുന്നത് എംഎസ്എംഇകളാണ്. അവയ്ക്ക് മൂലധന പിന്തുണ ഉറപ്പാക്കി ശക്തീകരിക്കാനാണ് പദ്ധതികളാണ് ബാങ്ക് ഓഫ് ബറോഡയുടേത്. കയറ്റുമതിയിൽ ഉൾപ്പെടെ ഊന്നലുള്ള എംഎസ്എംഇകളെ ഉൾപ്പെടെ സഹായിക്കാനായി ബിഒബി ഇൻസ്റ്റ സ്മാർട്ട് ട്രേഡ്, സ്മാർട്ട് ഒ.ഡി., ബറോഡ ഹെൽത്ത്കെയർ സ്കീം, ബറോഡ സോളർ സ്കീം, വനിതാ സംരംഭകർക്കായി മഹിളാ സ്വാവലംബൻ തുടങ്ങിയ പദ്ധതികളുണ്ട്. ഈടില്ലാതെ 25 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് സ്മാർട്ട് ഒ,ഡി.

ഈടില്ലാതെ 5 മുതൽ 10 കോടി രൂപവരെ നേടാവുന്നതാണ് ബറോഡ ഹെൽത്ത്കെയർ സ്കീം. ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ പിന്തുണ നൽകുന്ന സ്കീമാണിത്. കുറഞ്ഞ പലിശനിരക്കിൽ, മൂലധന വായ്പ ഉറപ്പാക്കി, ബിസിനസ് കൂടുതൽ സൗഹൃദപരമാക്കാനുള്ള പിന്തുണയാണ് ഈ പദ്ധതികളിലൂടെ ബാങ്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.