സംരംഭം ആരംഭിക്കുന്നതിന് ഒരു ലക്ഷ്യമുണ്ടാകണം, ലാഭവും ഉണ്ടാകണം: അനൂപ് മൂപ്പൻ

Mail This Article
കൊച്ചി ∙ ഒരു ക്ലിനിക്കിൽ നിന്ന് 26,000 കോടി രൂപ വിറ്റുവരവുള്ള രാജ്യത്തെ മുൻനിര ആശുപത്രി സംരംഭമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനെ വളർത്തിയ കഥ പറഞ്ഞ് ഗ്രൂപ്പിന്റെ ഡയറക്ടർ അനൂപ് മൂപ്പൻ. കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ്-2025’ൽ സംസാരിക്കുമ്പോഴാണ് അനൂപ് മൂപ്പൻ ആസ്റ്റർ ഗ്രൂപ്പിന്റെ വിജയകഥയ്ക്ക് പിന്നിലെ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
1987ൽ ഡോ. ആസാദ് മൂപ്പൻ യുഎയിൽ തുടങ്ങിയ ആദ്യ ക്ലിനിക്കിൽ നിന്ന് ഇന്ന് 10,000 കിടക്കകളാണ് വിവിധ നാടുകളിലായുള്ള ആസ്റ്റർ ആശുപത്രികളിലുള്ളത്. ഇന്ന് 34 ആശുപത്രികൾ, 133 ക്ലിനിക്കുകൾ, 519 ഫാർമസികൾ, 230 ലാബുകൾ എന്നിവ ഗ്രൂപ്പിന്റെ ഭാഗമാണ്. 5,000 ഡോക്ടർമാർ ഉൾപ്പെടെ 35,000 ജീവനക്കാരാണ് ഗ്രൂപ്പിലുള്ളത്.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഡോ. മൂപ്പന്‍ സംരംഭക സ്വഭാവം പ്രകടിപ്പിച്ചിരുന്ന ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അനൂപ് മൂപ്പൻ ആസ്റ്റർ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിലെ കഥകൾ പറഞ്ഞത്. സംരംഭം ആരംഭിക്കുന്നതിന് ഒരു ലക്ഷ്യമുണ്ടായിരിക്കണം. ലാഭവും ഉണ്ടാകണം. എന്നാൽ ഒരു സംരംഭത്തിന്റെ പ്രധാന ലക്ഷ്യം ലാഭമാകരുത്, മറിച്ച് ഉപോൽപ്പന്നമായിരിക്കണം.
കോഴിക്കോട് ആസ്റ്റർ ആശുപത്രി തുടങ്ങാൻ വലിയ നിക്ഷേപം ആവശ്യമായിരുന്നു. അതിനായി മികച്ച പങ്കാളികളെ ലഭിച്ചതോടെ അത് സാധ്യമായതായി അനൂപ് മൂപ്പൻ പറഞ്ഞു. ശരിയായ പങ്കാളികളെ ലഭിക്കുകയാണ് സംരംഭകത്വത്തിലെ പ്രധാന കാര്യങ്ങളിലൊന്ന്. കൊച്ചിയിൽ തുടങ്ങുന്ന സമയത്തും ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അതിനെെയാക്ക അതിജീവിച്ചു. കേരളത്തിനു പുറത്തേക്ക് പോയിരുന്ന മികച്ച ഡോക്ടർമാര്‍ ഉൾപ്പെടെയുള്ളവർ തിരികെ കൊണ്ടുവരിക എന്ന വെല്ലുവിളിയും ഉണ്ടായിരുന്നു.
എങ്ങനെയാണ് കൂടുതൽ ആളുകള്‍ക്ക് സേവനം നൽകുക എന്ന ആലോചനയിൽ നിന്നാണ് കേരളത്തിന് പുറത്തേക്ക് വ്യാപിക്കുക എന്ന ആലോചന വരുന്നത്. വമ്പൻ ഗ്രൂപ്പുകളുള്ള ബെംഗളുരുവിൽ തുടങ്ങുമ്പോൾ സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് ബെംഗളരുവിൽ മാത്രം 3 ആശുപത്രികളുണ്ട്. അടുത്തതായുള്ള വഴി മറ്റ് ആശുപത്രികളെ ഏറ്റെടുക്കുക എന്നതായിരുന്നു. ഹൈദരാബാദിൽ ഇത്തരത്തിൽ ഏറ്റെടുക്കലുകൾ നടത്തിയതോടെ 5000 കിടക്കകളുള്ള ആശുപത്രി ഗ്രൂപ്പായി ആസ്റ്റർ ഉയർന്നു. കൂടുതൽ മേഖലകളിലേക്ക് വികസിക്കാനുള്ള അടുത്ത വഴി ലയനമായിരുന്നു. ഒട്ടേറെ ആശുപത്രികളുള്ള ബ്ലാക് സ്റ്റോണുമായി ലയിച്ചതോടെ കിടക്കകളുടെ എണ്ണം 10,000 ആയി ഉയർന്നു. അതായത് 5,000 കിടക്കകൾ സൃഷ്ടിക്കാൻ 38 വർഷം വേണ്ടി വന്നു എങ്കിൽ 1 വർഷം കൊണ്ട് ഇത് 10,000 ആയി ഉയർന്നതും അനൂപ് മൂപ്പൻ ചൂണ്ടിക്കാട്ടി.

സംരംഭകത്വം വലിയ തോതിൽ വളർത്തുന്നത് മുന്നിൽ കണ്ടുവേണം പ്രവർത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് വളരെ കുറച്ചു കമ്പനികളേ ഐപിഒ ലിസ്റ്റ് ചെയ്തിട്ടുള്ളൂ. എന്നാല്‍ കമ്പനികൾ ലിസ്റ്റ് ചെയ്താൽ ഒട്ടേറെ മെച്ചമുണ്ടെന്നും അനൂപ് മൂപ്പൻ ചൂണ്ടിക്കാട്ടി.