ഇ കൊമേഴ്സ് ‘ക്വിക് കൊമേഴ്സ്’ ആയി: എല്ലാ സാധനങ്ങളും 10 മിനിറ്റിൽ ഡെലിവറി ചെയ്യണമെന്ന അവസ്ഥ

Mail This Article
കൊച്ചി ∙ രാജ്യത്തെ ഇ കൊമേഴ്സ് മേഖല അതിവേഗം ‘ക്വിക് കൊമേഴ്സ്’ ആയി മാറിക്കഴിഞ്ഞെന്ന് ബിഗ്ബാസ്കറ്റ് ഡോട്ട് കോം സഹസ്ഥാപകനും സിഇഒയുമായ ഹരി മേനോൻ. ഇന്ന് എല്ലാവർക്കും എല്ലാ സാധനങ്ങളും 10 മിനിറ്റിൽ വേണമെന്ന അവസ്ഥയായിക്കഴിഞ്ഞു. അതുപോലെ നേരത്തെ 70 ശതമാനത്തിലധികവും പലചരക്ക്– ഭക്ഷ്യവസ്തുക്കളായിരുന്നു എങ്കിൽ ഇപ്പോൾ അതല്ലാത്ത വസ്തുക്കളും ക്വിക് കൊമേഴ്സ് മേഖലയിലൂടെ വിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റി’ലെ കേരള ആസ് എ റീട്ടെയ്ൽ ഡെസ്റ്റിനേഷൻ – അപ്രോച്ചസ് ഇൻ ദി ഏജ് ഓഫ് ഇ–കൊമേഴ്സ് ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എന്ന വിഭാഗത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്.
നേരത്തെ വെയർഹൗസുകളുടെ വലിപ്പം എല്ലാവരും കൂട്ടി വരികയാണ്. നേരത്തെ 3000 ഉത്പന്നങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോഴത് 30,000 ആയി കൂടിക്കഴിഞ്ഞു. ഇപ്പോഴും നാലോ അഞ്ചോ സ്ഥാപനങ്ങളാണ് ഈ മേഖലയിൽ പ്രധാനപ്പെട്ടത്. നേരത്തെ മാസം 1500 കോടി രൂപയുടേത് ആയിരുന്നു ക്വിക് കൊമേഴ്സ് എങ്കിൽ അത് ഇപ്പോൾ 5000–6000 കോടി രൂപയുടേതാണ്. ഇതു വൈകാതെ മൂന്നു മടങ്ങെങ്കിലും വർധിച്ച് 15,000 കോടി രൂപയാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.

10 മിനിറ്റിൽ സാധനങ്ങൾ എത്തിച്ചു നൽകുക എന്നത് ഒരു വെല്ലുവിളി തന്നെയാണെന്ന് ഹരി മേനോൻ പറയുന്നു. പക്ഷേ ഇന്ന് ഉപഭോക്താക്കൾക്ക് 10 മിനിറ്റിൽ പച്ചക്കറി ഉൾപ്പടെ എല്ലാ സാധനങ്ങളും വേണം. എന്നാൽ ഇപ്പോഴുള്ളതിലധികം ഉൽപന്നങ്ങൾ വർധിപ്പിക്കാൻ സാധിക്കില്ല. വർധിപ്പിച്ചാൽ 10 മിനിറ്റിൽ കൊടുക്കാൻ പറ്റില്ല. അതുപോലെ ആമസോണും ഫ്ലിപ്കാർട്ടുമൊക്കെ നേരത്തെയുള്ള ഇ കൊമേഴ്സ് സേവനങ്ങൾ നൽകുന്നതു പോലെ ക്വിക് കൊമേഴ്സിലേക്കും കടന്നിരിക്കുന്നു. അതേ സമയം, ക്വിക് കൊമേഴ്സ് കൊണ്ട് പലചരക്കു കടകൾ പോലുള്ള പൂട്ടിപ്പോവില്ലെന്നും അദ്ദേഹം പറയുന്നു. ഇന്നും 95 ശതമാനം സാധനങ്ങളുടേയും കച്ചവടങ്ങളും നടക്കുന്നത് ചെറിയ കടകളിലാണ്. ബാക്കി 5 ശതമാനം മാത്രമാണ് വലിയ കടകളിലും ഒാൺലൈനിലും നടക്കുന്നത്. ഉത്സവ സമയങ്ങളിൽ ഒാൺലൈൻ വിൽപന വർധിക്കും. കാരണം ആ സമയത്ത് കടകളിൽ വലിയ തിരക്കായിരിക്കും. ഇത്തരം കടകളും ഉപഭോക്താക്കളും തമ്മിലുള്ള മികച്ച ബന്ധം ഒരിക്കലും ഓണ്‍ലൈനിൽ ഇല്ലല്ലോ എന്നതും ഹരി മേനോൻ ചൂണ്ടിക്കാട്ടുന്നു.