‘ലോകം അതിവേഗം മാറുന്നു, ടെക്നോളജിയിലെ പുത്തൻ ട്രെൻഡ് സ്വീകരിച്ചില്ലെങ്കിൽ പിന്നാക്കം പോകും’

Mail This Article
ലോകം അതിവേഗം മാറുകയാണെന്നും ടെക്നോളജിയിലെ പുത്തൻട്രെൻഡിനോട് മുഖംതിരിച്ചുനിന്നാൽ നാം പിന്നാക്കം പോകുമെന്നും മുൻ കേന്ദ്രമന്ത്രിയും സംരംഭകനും ടെക്നോക്രാറ്റുമായ രാജീവ് ചന്ദ്രശേഖർ. കൊച്ചി ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ്-2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനുവരി 20ന് യുഎസിൽ പുതിയ പ്രസിഡന്റ് ചുമതലയേൽക്കുകയാണ്. അതിനുശേഷം എന്തുസംഭവിക്കുമെന്ന ആശങ്കയിലാണ് ലോകം. അടുത്തിടെ ബ്രസീൽ സർക്കാർ എന്നെ ക്ഷണിച്ചിരുന്നു. അവരുടെ ഡിജിറ്റൽ സമ്പദ്‍വ്യവസ്ഥയ്ക്ക് എന്റെ പിന്തുണ തേടിയായിരുന്നു അത്. ചൈനയുമായി 60 ബില്യൻ ഡോളറിന്റെ വ്യാപാര സർപ്ലസ് ഉള്ള രാജ്യമാണ് ബ്രസീൽ. അവരും യുഎസിലെ ഭരണമാറ്റത്തിൽ ആശങ്കയിലാണ്. ഇന്ത്യയ്ക്കും കേരളത്തിനും ഇനി വെല്ലുവിളികളുടെയും അതേസമയം അവസരങ്ങളുടെയും സമയമാണ്.

ഇന്ത്യ നേരത്തെ എവിടെയായിരുന്നു, ഇപ്പോൾ എവിടെ എത്തി നിൽക്കുന്നുവെന്ന് എല്ലാവരും ചിന്തിക്കണം. 1990-2004 കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ നിയന്ത്രിച്ചിരുന്നത് 5-10 വ്യവസായികൾ മാത്രമായിരുന്നു. ബാങ്കിങ് മേഖലയുടെ 95 ശതമാനവും ഏതാനും പേരെ മാത്രം ആശ്രയിച്ചായിരുന്നു നിലനിന്നത്. 2014ൽ ഡിജിറ്റൽ ഇക്കണോമിയുടെ പങ്കാളിത്തം ജിഡിപിയുടെ 4.5% മാത്രമായിരുന്നു. 2026-27ൽ അത് 20% ആകും. ഇതിന് കരുത്തുപകരുന്നത് യുവ സംരംഭകരും സ്റ്റാർട്ടപ്പുകളുമാണ്. പണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു സമ്പദ്‍വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നതെങ്കിൽ ഇന്നത് യുവ സംരംഭകർ ഏറ്റെടുത്തിരിക്കുന്നു.
ജനുവരി 20ന് ശേഷമെന്ത്? ലോകം ആശങ്കയിൽ, മുന്നിൽ അവസരങ്ങൾ
കോവിഡിന് മുൻപത്തെ കാര്യം നമുക്കൊന്ന് നോക്കാം. ലോക വ്യാപാരമേഖല, വിതരണശൃംഖല, ഇലക്ട്രോണിക്സ് എന്നിവ ചൈനയുടെ കുത്തകയായിരുന്നു. എന്നാൽ, കോവിഡാനന്തരം ചൈനയുടെ അപ്രമാദിത്തത്തിന് തടയിടാൻ ലോകരാജ്യങ്ങൾ ശ്രമിക്കുന്നു. ‘ചൈന+1’ ആശയം അതിന്റെ ഭാഗമാണ്. 2020ന് മുമ്പ് 1.5 ട്രില്യൺ ഡോളർ വരുന്ന ലോക ഇലക്ട്രോണിക്സ് വ്യാപാരത്തിന്റെ 75% ചൈനയുടെ കൈയിലായിരുന്നു. ഇന്നത് കുറഞ്ഞു. ചൈനയുടെ കുത്തക അവസാനിക്കുന്നു. ഇത് ഇന്ത്യയ്ക്ക് മുന്നിലെ വലിയ അവസരമാണ്.

ഇന്ന് ബാങ്കിങ്, മാനുഫാക്ചറിങ്, സേവനം എന്നിങ്ങനെ ഏത് മേഖലയായാലും ഡിജിറ്റലൈസേഷൻ പ്രധാനമാണ്. ടെക്നോളജിയെ കൂട്ടുചേർത്തില്ലെങ്കിൽ മുന്നോട്ട് പോകാനാകില്ല. ഉൽപാദനം മുതൽ മാർക്കറ്റിങ്ങും വിതരണവും വരെ ടെക്നോളജി വേണം. ഞാനൊരു കഥ പറയാം. വാരാണസിയിൽ ലോകപ്രശസ്ത ബനാറസി സാരി വിൽക്കുന്നൊരു കുടുംബമുണ്ടായിരുന്നു. 3-4 കോടി രൂപയായിരുന്നു വർഷിക വിറ്റുവരവ്. അവരുടെ കൊച്ചുമകൾ ആ സംരംഭം ഏറ്റെടുക്കുകയും ടെക്നോളജി ഉപയോഗിച്ച് വിപുലപ്പെടുത്തുകയും ചെയ്തപ്പോൾ വിപണി ആഗോളതലത്തിൽ വളർന്നു. വിറ്റുവരവ് 45 കോടി രൂപയായി ഉയർന്നു. നോക്കൂ, ഉൽപന്നത്തിൽ മാറ്റമുണ്ടായില്ല. എന്നാൽ, ടെക്നോളജിയെ ഒപ്പംചേർത്തപ്പോൾ ബിസിനസ് വളർന്നു. ടെക്നോളജി വന്നപ്പോൾ ഉൽപന്ന നിലവാരം കൂടി, വിപണി മെച്ചപ്പെട്ടു, ഉപഭോക്തൃനിരയും ശക്തമായി.
കേരളം മുഖംതിരിച്ചു, തമിഴ്നാട് മുന്നേറി
ടെക്നോളജിയോട് മുഖംതിരിച്ചുനിൽക്കുന്ന സമീപനമാണ് ഇപ്പോഴും ദൗർഭാഗ്യവശാൽ നമ്മുടെ കേരളത്തിനുള്ളത്. തമിഴ്നാട് ഇലക്ട്രോണിക്സിലും ടെക്നോളജിയിലും ബഹുദൂരം മുന്നോട്ടുപോയി. സംസ്ഥാനങ്ങൾക്കിടയിൽ മത്സരം ശക്തമായാലേ വളരാനും കഴിയൂ. എന്നോട് അടുത്തിടെ ഒരാൾ ചോദിച്ചു, ‘ലോകത്ത് നിക്ഷേപം സ്വീകരിക്കുന്നതിൽ ചില രാജ്യങ്ങൾ മുന്നിലാണ്, ചിലത് പിന്നിലും. എന്തായിരിക്കും കാരണം?’. ഞാൻ പറഞ്ഞു, അവസരങ്ങളും വൈദഗ്ധ്യവും എവിടെയുണ്ടോ, അങ്ങോട്ടേ നിക്ഷേപകർ വരൂ.
നമ്മുടെ കേരളത്തിലാണ് വൈദഗ്ധ്യമുള്ള യുവാക്കളുടെ വലിയ സമ്പത്തുള്ളത്. അവരുടെ കഴിവുകൾ നമ്മൾ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ, അവർക്ക് മികച്ച അവസരങ്ങൾ ഇവിടെത്തന്നെ ഒരുക്കിയില്ലെങ്കിൽ അവർ ഇവിടം വിട്ട്, അവസരങ്ങളുള്ള സ്ഥലങ്ങളിലേക്ക് പോകും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇത് ഗൗരവമായി ചർച്ച ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.