കേരളത്തിൽ ടൂറിസത്തിന് പുത്തൻസാധ്യതകൾ; വിദേശ വിദ്യാഭ്യാസം ഒരിക്കലും മങ്ങില്ല, ഇനി വലിയ അവസരം യുഎസിൽ

Mail This Article
ടൂറിസം രംഗത്ത് കേരളത്തിന് മുന്നിലുള്ളത‌് വൈവിധ്യമാർന്ന സാധ്യതകളാണെന്ന് സാന്റാമോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ. മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിലെ ‘ട്രെൻഡിങ് ബിസിനസസ് ഇൻ ട്രാവൽ സെക്ടർ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ ടൂറിസമോ സാഹസിക ടൂറിസമോ മാത്രമല്ല, കേരളത്തിന് മുന്നിൽ തീർഥാടന ടൂറിസം മുതൽ ഫോക്‍ലോർ ടൂറിസം, ഭക്ഷണ ടൂറിസം, ഭാഷാ ടൂറിസം എന്നിങ്ങനെ സാധ്യതകളുണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ തനതായ നിരവധി കലകൾ, ഭക്ഷണങ്ങൾ, ഭാഷാവൈവിദ്യങ്ങൾ നമുക്കുണ്ട്. കേരളത്തിന്റെ സ്വന്തം കള്ളുപോലും ഗോവൻ ഫെനി പോലെ മാർക്കറ്റ് ചെയ്യാം. ലക്ഷക്കണക്കിന് കശുമാങ്ങയാണ് കേരളത്തിൽ വർഷാവർഷം നശിച്ചുപോകുന്നതെന്ന് ഓർക്കണം.
തീർഥാടന ടൂറിസത്തിലേക്ക് ലോകമാകെ നിന്ന് ആളുകളെ ആകർഷിക്കാവുന്ന കേന്ദ്രങ്ങളുണ്ട്. യൂറോപ്പിലും മറ്റും വർഷത്തിൽ 6-7 മാസം മാത്രമാണ് ടൂറിസമുള്ളത്. അവിടെ കാലാവസ്ഥ അങ്ങനെയാണ്. എന്നാൽ, വർഷം മുഴുവൻ ടൂറിസത്തിന് അനുയോജ്യമായ കാലാവസ്ഥയും കേരളത്തിന് നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ട്രാവൽ ആൻഡ് ടൂറിസത്തിലേക്കും സാന്റാമോണിക്ക
ഈ വർഷം 193 രാജ്യങ്ങളിലേക്ക് ടൂറിസം യാത്രകൾ ഒരുക്കുകയാണ് സാന്റാമോണിക്കയെന്ന് ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു. ഇതുവരെ മലയാളികൾക്ക് അത്ര പരിചിതമല്ലാത്തതും കുറഞ്ഞ ചെലവിൽ എത്താവുന്നതുമായ പ്രദേശങ്ങളാണവ. കോവിഡിന് ശേഷം മലയാളികൾ വിദേശയാത്രയ്ക്ക് വലിയ പരിഗണന കൊടുക്കുന്നുണ്ട്. മലയാളികൾ ലോകയാത്ര നടത്തുന്നത് നല്ലകാര്യമാണ്. ടൂറിസത്തിൽ കേരളത്തിന്റെ വളർച്ചാസാധ്യതകൾ തിരിച്ചറിയാൻ അതുപകരിക്കും.
സാന്റാമോണിക്ക ഫ്ലൈ എന്ന പേരിലാണ് കമ്പനി ട്രാവൽ ആൻഡ് ടൂറിസം രംഗത്തേക്കും കടന്നത്. വർഷം 20,000ലേറെ പേർ വിദേശത്തേക്ക് പഠനത്തിന് പോകുന്നുണ്ട്. അവർക്ക് വിമാനടിക്കറ്റ് കിട്ടുകയെന്നത് വലിയ പ്രയാസമാണ്. ഇതൊരു വലിയ സാധ്യതയായി കണ്ടാണ് സാന്റാമോണിക്ക ഈ രംഗത്തേക്ക് കടന്നുവന്നത്. വിദ്യാർഥികൾക്ക് പുറമേ രക്ഷിതാക്കളും ബന്ധുക്കളും ഇപ്പോൾ വിദേശയാത്ര ചെയ്യുന്നു. വലിയൊരു ഉപഭോക്തൃനിര അവിടെയുണ്ട്.

രൂപയുടെ മൂല്യത്തകർച്ചയും വിദേശയാത്രയും
രൂപയുടെ മൂല്യം കഴിഞ്ഞ ഏതാനും നാളുകൾക്കിടെ മാത്രം വലിയ തകർച്ചയാണ് നേരിട്ടത്. ഇത് ട്രാവൽ ആൻഡ് ടൂറിസം ഏജൻസികളുടെ കണക്കുകളെ ബാധിച്ചു; നഷ്ടത്തിനും വഴിവച്ചു. അതേസമയം, വിദേശ വിദ്യാഭ്യാസം ഒരിക്കലും താഴേക്കുപോകില്ലെന്നും ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു. കാനഡയിലെ സർക്കാർ മാറ്റവും ബാധിക്കില്ല. വൈദഗ്ധ്യമുള്ളവരെ കാനഡയ്ക്കാണ് ആവശ്യം. ഇനി കൂടുതൽ അവസരം യുഎസിൽ ആയിരിക്കും. കഴിവുള്ള ഇന്ത്യക്കാരെ യുഎസിന് വേണമെന്നും അദ്ദേഹം പറഞ്ഞു.