വിപണി വളരുന്നു, ഫൂഡ് പ്രൊസസിങ് മേഖലയിൽ വലിയ സാധ്യത: ആനീ വിനോദ് മഞ്ഞില

Mail This Article
മലയാളികൾ ലോകത്തിന്റെ പല കോണുകളിൽ ചേക്കേറുന്നത് വിപണി സാധ്യതകൾ ഉയർത്തുകയാണെന്ന് ഡബിൾ ഹോഴ്സ് അസോസിയേറ്റ് ഡയറക്ടർ ആനീ വിനോദ് മഞ്ഞില. അരിയിൽ തുടങ്ങി ഇപ്പോൾ ഇൻസ്റ്ററ്റ് ഇടിയപ്പം വരെ വിപണിയിലെത്തിക്കുന്നത്, ഉപഭോക്താക്കളുടെ മാറിയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ്.
മനോരമ സമ്പാദ്യം സംഘടിപ്പിച്ച കേരള ബിസിനസ് സമ്മിറ്റിന്റെ ഭാഗമായി നടന്ന ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു ആനി. സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ അജു ജേക്കബ്, ബേബി മറൈൻ മാനേജിങ് പാർട്ട്ണർ അലക്സ് നൈനാൻ എന്നിവരും ചർച്ചയുടെ ഭാഗമായി

പുതിയ ടെക്നോളജികളിലൂടെ ആഗോളതലത്തിലുള്ള വിപണി മേധാവിത്വം നിലനിർത്തുകയാണെന്ന് സിന്തൈറ്റ് ഇൻഡസ്ട്രീസെന്ന് അജു ജേക്കബ് പറഞ്ഞു. കേരളത്തിൽ സിന്തൈറ്റിന്റേതായി ഇപ്പോൾ ഹൈ എൻഡ് ഉൽപ്പന്നങ്ങളുടെ പ്രൊസസിങ് മാത്രമാണ് നടക്കുന്നതെന്നും മറ്റു ഉൽപ്പാദനങ്ങൾ അസംസ്ത വസ്തുക്കളുടെ ലഭ്യത അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങിളിലും ആണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഒലിയോറെസിൻ (സുഗന്ധവ്യഞ്ജനങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സത്ത്) കമ്പനിയാണ് കേരളത്തിൽ നിന്നുള്ള സിന്തൈറ്റ്. സുഗന്ധവ്യഞ്ജനങ്ങളുടെ ലഭ്യത അനുസരിച്ച് ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നിങ്ങനെയുള്ള സംസ്ഥാനങ്ങൾക്ക് പുറമെ ചൈന, ശ്രീലങ്ക, വിയറ്റ്നാം, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലും സിന്തൈറ്റിന്റെ യൂണീറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അജു ജേക്കബ് കൂട്ടിച്ചേർത്തു.

ഇന്ത്യ, സീ ഫൂഡ് ബിസിനസിനെ സംബന്ധിച്ച് വളരുന്ന മാർക്കറ്റാണെന്നും പുതുതലമുറ മാംസാഹരാം കഴിക്കാൻ താൽപ്പര്യപ്പെടുന്നത് നേട്ടമാണെന്നും അലക്സ് നൈനാൻ ചൂണ്ടിക്കാട്ടി. ഉപഭോഗ രീതി മാറുകയാണ്, ജോലിക്ക് പോവുന്ന സ്ത്രീകളുടെ എണ്ണം കൂടിയപ്പോൾ റെഡി–ടു–കുക്ക് , റെഡി–ടു–ഈറ്റ് ഉൽപ്പന്നങ്ങളുടെ ഡിമാൻഡും കൂടി.
മീൻ ക്ലീൻ ചെയ്തെടുക്കാനൊന്നും ആർക്കും സമയം ഇല്ല. കയറ്റുമതിക്കൊപ്പം ആഭ്യന്തര വിപണിയിലെ സീ ഫൂഡ് പ്രൊസസിങ്ങന്റെ സാധ്യതകളും ഉയരുകയാണെന്നും അലക്സ് നൈനാൻ ചൂണ്ടിക്കാട്ടി.കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും വിപണി സാന്നിധ്യം ഉയർത്താനും പുതിയ ടെക്നോജിയെ ആശ്രയിച്ചുകൊണ്ട് കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും മൂവരും കൂട്ടിച്ചേർത്തു.