ആശുപത്രി മേഖലയിൽ നിക്ഷേപം കുറവ്; ചികിത്സയ്ക്ക് വരുന്നവരിൽ നിന്ന് ഈടാക്കുന്ന തുകയ്ക്ക് പരിധിയുണ്ട്

Mail This Article
കൊച്ചി ∙ ആരോഗ്യമേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ ഉപയോഗപ്പെടുത്താൻ കേരളത്തിന് കഴിയുന്നുണ്ടോ? എന്തൊക്കെ മാറ്റങ്ങളാണ് ആരോഗ്യമേഖലയിൽ വന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യമേഖലയിൽ നിക്ഷേപം നടത്തുന്നത് നല്ലതാണോ? ഹെൽത്ത് ടൂറിസം മേഖലയിൽ കേരളത്തിന്റെ ഭാവി എന്താണ്? ഒട്ടേറെ സംശയങ്ങളാണ് ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റി’ലെ ‘ചേഞ്ചിങ് ഫെയ്സസ് ഇൻ ഹെൽത്ത്കെയർ െവഞ്ച്വേഴ്സ്’ എന്ന വിഭാഗത്തിൽ ഉയർന്നത്.
കൺസൾട്ടന്റ് ന്യൂറോസർജൻ ഡോ. അരുൺ ഉമ്മൻ രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രമണ്ട് ഡോ. സണ്ണി പി. ഒരത്തേൽ, സബൈൻ ആശുപത്രി സ്ഥാപകനും എംഡിയുമായ ഡോ. സബൈൻ ശിവദാസൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല സിഇഒ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ ഒട്ടേറെ വിഷയങ്ങൾക്കുള്ള മറുപടികൾ ഉയർന്നു.

ആശുപത്രി മേഖലയിൽ നിക്ഷേപം വരുന്നത് കുറവാണെന്നാണ് ഡോ. സണ്ണി പി.ഒരത്തേൽ പ്രതികരിച്ചത്. സാങ്കേതികവിദ്യ വളരുന്നതിന് അനുസരിച്ച് ആശുപത്രി ഉപകരണങ്ങളിലും മാറ്റങ്ങള്‍ വരുന്നു. എല്ലായ്‌പ്പോഴും ഉപകരണങ്ങൾ പുതുക്കിക്കൊണ്ടിരിക്കണം. അപ്പോൾ കോടികൾ കൊടുത്തു വാങ്ങുന്ന പഴയ ഉപകരണങ്ങൾ ഉപയോഗശൂന്യമാവും. ചികിത്സയ്ക്ക് വരുന്നവരിൽ നിന്ന് ഈടാക്കുന്ന തുകയ്ക്ക് പരിധിയുണ്ട്. ഗുണനിലവാരം കൂടുമ്പോൾ ചിലവും കൂടുന്നത് ഒരു വെല്ലുവിളിയാണ്. ഇതിന്റെ പ്രതിസന്ധി നേരിടുന്നത് രോഗികളാണ്. അതുപോലെ മൾട്ടി സ്പെഷൽറ്റി ആശുപത്രിയെന്നത് കാഘട്ടത്തിന്റെ ആവശ്യമാണ്. ഇതു സ്വകാര്യമേഖലയിൽ മാത്രമേയുള്ളൂവെന്നാണ് ജനങ്ങളുടെ ധാരണ. സർക്കാരിനുകീഴിലും അത്തരം ആശുപത്രികളുണ്ട്. എന്നാലത് ജനം അറിയുന്നില്ല. ബൈപ്പാസ് ഗ്രാഫ്റ്റ് വരെ ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ഉണ്ട്. മെഡിക്കൽ കോളജുകളിലുള്ള പല സേവനങ്ങളും ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ലഭ്യമാണ്. സാമ്പത്തിക ചെലവു വളറെ കുറഞ്ഞരീതിയിൽ ഇതു നടപ്പാക്കാം. ലോകത്തെമ്പാടും നടക്കുന്ന കാര്യങ്ങൾ വിരൽത്തുമ്പിലൂടെ കേരളത്തിലെ ജനങ്ങൾ അറിയുന്നുണ്ട്. പല രീതിയിലുള്ള ചികിത്സയില്ലേയെന്ന് പല രോഗികളും ഡോക്ടർമാരോട് ചോദിക്കാറുണ്ട്. അതുകൊണ്ടുതന്നെ മൾട്ടി സ്പെഷൽറ്റി ആശുപത്രികൾ അത്യാവശ്യമാണ് എന്ന് അദ്ദേഹം പറയുന്നു.

കേരളത്തിന് ആരോഗ്യമേഖലയിലെ ഒരു ഹബ് ആയി മാറാനുള്ള സാധ്യതയാണ് ഡോ. അരുൺ ഉമ്മൻ ചൂണ്ടിക്കാട്ടിയത്. ടൂറിസം മേഖലയിൽ വലിയ സാധ്യതകൾ ഇനിയും കേരളത്തിനുണ്ട്. അതുപോലെ കേരളത്തിലെ ഡോക്ടേഴ്സും നഴ്സുമാരാണ് ലോകത്തെമ്പാടുമുള്ള പ്രമുഖ ആശുപത്രികളിൽ ജോലി ചെയ്യുന്നത്. കേരളത്തിലെ ഡോക്ടർമാർക്ക് വിദേശത്തെ പല ആശുപത്രികളിൽ നിന്നും വലിയ ഒാഫറുകൾ വരുന്നുണ്ട്. കാരണം അത്രമാത്രം കോംപറ്റീറ്റീവായ പരിതസ്ഥിതിയിലൂടെ കടന്നാണ് അവർ ഇൗ ഡിഗ്രി സ്വന്തമാക്കുന്നതും ജോലിയിൽ ശോഭിക്കുന്നതും. കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് ഇത് ഒരു വഴിത്തിരിവിന്റെ സമയമാണെന്നും ഡോ. ഉമ്മൻ പറയുന്നു. ചികിത്സകൾക്കായി ലോകത്തിന്റെ പലയിടത്തു നിന്നും കേരളത്തിലേക്ക് ആളുകൾ എത്തുന്നു. മികവുള്ള സൗകര്യങ്ങൾ നമുക്ക് ലഭ്യമാണ്. പക്ഷേ അത് താങ്ങാനുള്ള ശേഷി സാധാരണക്കാരന് ഉണ്ടോ എന്നുള്ളതാണ് പ്രധാന ചോദ്യം. സർക്കാർ ഒരുപാട് നമ്മെ സഹായിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എല്ലാവർക്കും സമഗ്രമായ ആരോഗ്യ ഇൻഷ്വറൻസ് ഉണ്ടായിരിക്കണം. ഇക്കാര്യങ്ങൾ കേരളത്തെ ഒരു ആരോഗ്യ ഹബ് ആക്കുമെന്ന് അദ്ദേഹം പറയുന്നു.

കേരളത്തിൽ ഹെൽത്ത് ടൂറിസം വികസിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് അടിസ്ഥാനസൗകര്യ മേഖല മെച്ചപ്പെടുത്തുകയും മികച്ച ചികിത്സാരീതികൾ പിന്തുടരുകയുമാണ് വേണ്ടതെന്നാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാല സിഇഒ ഹരികുമാർ പറയുന്നത്. ആയുർവേദം മറ്റു മെഡിക്കൽ പ്രഫഷനെപ്പോലെയുള്ള സംവിധാനമാണ്. ടൂറിസത്തിനല്ല പ്രാധാന്യം ചികിത്സയ്ക്കാണ്. മറ്റു പല രാജ്യങ്ങളും ഈ മേഖലയിലേക്ക് വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത് നിര്‍ണായക സന്ദർഭമാണ്. ചികിത്സ നന്നാകുമ്പോൾ ടൂറിസവും വരുന്നു. ഇന്ത്യയിൽ ഏഴു ബില്യന് ഡോളർ മൂല്യമുള്ള മേഖലയാണ് മെഡിക്കൽ ടൂറിസമെന്നും ഹരികുമാർ ചൂണ്ടിക്കാട്ടി. കോട്ടയ്ക്കൽ കഴിഞ്ഞവർഷം മാത്രം 1.80 ലക്ഷം ആളുകൾക്ക് സൗജന്യ കൺസൾട്ടേഷൻ നൽകി. 600 മരുന്നുകൾ സ്വന്തമായി ഉത്പാദിപ്പിക്കുന്നു. ജനങ്ങൾക്കിടെയിലുള്ള വിശ്വാസ്യതയാണ് തങ്ങളുടെ വളർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറയുന്നു.

14 വർഷം മുമ്പ് സബൈൻ ആശുപത്രി തുടങ്ങി അത് വിജയിപ്പിച്ചതിന്റെ അനുഭവങ്ങളാണ് ഡോ. സബൈൻ ശിവദാസൻ പങ്കുവച്ചത്. കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള ചികിത്സ നൽകുകയാണ് തങ്ങളുെട ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. ഡോക്ടര്‍മാർ അടക്കമുള്ള ജീവനക്കാരെ തിരഞ്ഞെടുക്കുന്നതു മുതൽ അവർക്കുള്ള പരിശീലനം നൽകുന്നതുമെല്ലാം പ്രധാനമാണ്. ജീവനക്കാർക്ക് പ്രാധാന്യം നൽകുമ്പോൾ ചികിത്സയ്ക്ക് എത്തുന്നവരുടെ കാര്യങ്ങൾ അവർ നോക്കിക്കൊള്ളും. പുതിയ ഡോക്ടർമാരെ നിയമിച്ച് അവരെ വലിയവരാക്കുകയാണ് ചെയ്യുന്നത്. അതുപോലെ വിലയേറിയ ചികിത്സാ ഉപകരണങ്ങളിൽ നിക്ഷേപം നടത്തുന്നതും തങ്ങളുടെ പ്രത്യേകതയാണെന്ന് ഡോ. സബൈൻ ശിവദാസ് പറഞ്ഞു. മനോരമ ഓൺലൈൻ കണ്ടന്റ് എഡിറ്റർ ആർ.കൃഷ്ണരാജ് മോഡറേറ്ററായിരുന്നു.