ADVERTISEMENT

കായികരംഗത്ത് കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും ഭാവിയിൽ ചാംപ്യന്മാരെ വാർത്തെടുക്കാൻ കായികനയം ആവിഷ്കരിക്കാൻ സർക്കാർ തയാറാകണമെന്നും മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ പ്രമുഖർ. ക്രിക്കറ്റിന് പുറമേ മറ്റ് കായിക ഇനങ്ങളെയും കളിക്കാനും കോച്ചിങ്ങിനും ഒരു പ്രൊഫഷൻ ആയി ആളുകൾ കാണാൻ തുടങ്ങി എന്നതാണ് സമീപകാലത്തെ ശ്രദ്ധേയമാറ്റമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു. ട്രെൻഡിഭ് ബിസിനസ് ഇൻ സ്പോർട്സ് സെക്ടർ എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.

കോച്ചിങ് സൗജന്യമാക്കിക്കൂടേ എന്ന് പലരും ചോദിക്കുന്നു. എന്നാൽ, ഈ മേഖല നിലനിൽക്കണമെങ്കിൽ അവിടെ പണവും പ്രോത്സാഹനവും വേണം. കെഎഫ്എ ഫുട്ബോളിൽ കോച്ചിങ്ങിന് ലൈസൻസ് സമ്പ്രദായം കൊണ്ടുവന്നതോടെ നിരവധി കോച്ചുമാർക്ക് നേട്ടമുണ്ടായി. 50-100 കുട്ടികളെ പരിശീലിപ്പിക്കാനും മികച്ച വരുമാനം നേടാനും അവർക്കാകുന്നു. 

business-summit-navas - 1
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയർമാൻ നവാസ് മീരാൻ

ഓരോ പഞ്ചായത്തും തനതുഫണ്ടിന്റെ 5% കായികമേഖലയ്ക്കായി നീക്കിവയ്ക്കണമെന്നാണ് സർക്കാർ നിർദേശം. അതുപക്ഷേ, നടപ്പാകുന്നില്ല. ഈ സാഹചര്യത്തിലാണ് പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ (പിപിപി) പ്രസക്തി. സർക്കാരിന് സ്വന്തം സ്ഥലം വിൽക്കാനാണല്ലോ ബുദ്ധിമുട്ട്. വിൽക്കണ്ട, 25 വർഷത്തേക്ക് പാട്ടത്തിന് കൊടുത്തുകൂടേ? കേരളത്തിൽ ഒരു ഫുട്ബോൾ സ്റ്റേഡിയം ഇന്നില്ല. ചതുരത്തിലുള്ള സ്റ്റേഡിയം ഇല്ല. 

നാം ശ്രമിച്ചാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാം. ശ്രമിക്കാമെന്ന് പറഞ്ഞാൽ പോരാ. ശ്രമിക്കണം, നടപ്പാക്കണം. ഞാൻ 8 സ്റ്റേഡിയങ്ങൾ നിർമിക്കുമെന്ന് പറഞ്ഞു. നിർമിക്കുക തന്നെ ചെയ്യും. സൂപ്പർലീഗ് കേരളയുടെ കഴിഞ്ഞവർഷത്തെ ബജറ്റ് 60 കോടി രൂപയായിരുന്നു. അതുവഴി, നിരവധി കളിക്കാർക്ക് ഉയർന്ന പ്രതിഫലം ലഭിച്ചു. കേരളത്തിന് മുന്നിലുള്ളത് വലിയ സാധ്യതകളാണ്. ഒരു 10 വർഷം മുന്നിൽക്കണ്ടുള്ള കായിക പ്ലാൻ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കായികമേഖലയ്ക്ക് നികുതി ഇളവ് വേണം; നിക്ഷേപകരെ ആകർഷിക്കണം

55 ബില്യൻ ഡോളറാണ് ഇന്ത്യൻ കായിക മേഖലയുടെ മൂല്യം. കേരള സർക്കാർ ശ്രമിക്കുന്നത് സംസ്ഥാന ജിഡിപിയുടെ 4% കായികമേഖലയിൽ നിന്ന് കൈവരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ലക്ഷ്യം കാണാൻ വലിയ നടപടികൾ അനിവാര്യമാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ പറഞ്ഞു.

കായികരംഗത്ത് നയങ്ങളിൽ വലിയമാറ്റം വേണം. യുവാക്കൾ വിദേശത്തേക്ക് പറക്കുന്നതൊരു പ്രശ്നമാണ്. കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയിൽ നിന്ന് കായികമേഖലയെ അകറ്റിനിർത്തരുത്. സ്പോർട്സിനോട് സ്നേഹമില്ലാത്തവരാണ് ഇന്ന് ആ മേഖലയുമായി ബന്ധപ്പെട്ട സർക്കാർ തലങ്ങളിലുള്ളത്. അവരുടെ ലക്ഷ്യം പണം മാത്രമാണ്.

business-summit-sprts - 1
‘ട്രെന്‍ഡിങ് ബിസിനസസ് ഇന്‍ സ്‌പോര്‍ട്‌സ് സെക്റ്റര്‍’ (കായിക രംഗത്ത് ബിസിനസുകള്‍ ട്രെന്‍ഡാകുമ്പോള്‍. ഈ രംഗത്തെ പുതിയ പ്രവണതകൾ) എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയർമാൻ നവാസ് മീരാൻ, എഐഎഫ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരൻ, മുന്‍ രാജ്യാന്തര ക്രിക്കറ്റ് അംപയര്‍ കെ.എന്‍. രാഘവന്‍ എന്നിവർ . മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ മനോജ് മാത്യു മോഡറേറ്റർ.

എന്തിനാണ് കായികമേഖലയ്ക്ക് 18% ജിഎസ്ടി? നികുതി വെട്ടിക്കുറച്ച് നിക്ഷേപകരെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ സർക്കാർ ശ്രമിക്കണം. വായ്പകൾ ലഭ്യമാക്കാൻ ബാങ്കുകളും തയാറാകണം. സഞ്ജു സാംസണിന് വാണിജ്യപരമായി വലിയ വരുമാനം കിട്ടുന്നു. അത് അദ്ദേഹം ക്രിക്കറ്റ് താരമായതിനാലാണ്. മറ്റ് കായികമേഖലകളിലുള്ളവർക്ക് അത് സാധിക്കുന്നില്ല. 

നമുക്ക് കേരളത്തിൽ എത്ര ഒളിംപ്യന്മാരുണ്ട്? ഇനിയൊരു ശ്രീജേഷ് എപ്പോൾ വരും? കേരളത്തിലെ രക്ഷാകർത്താക്കൾ ഇപ്പോൾ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകി, കുടുംബത്തിന്റെ ഭാവി സാമ്പത്തികഭദ്രത ഉറപ്പാക്കാന്‍ ശ്രമിക്കുന്നു. കായികമേഖലയെ സമൂഹം പരിഗണിക്കുന്നില്ല. ആ രീതി മാറണം. കേരളത്തിന് കായികനയം അനിവാര്യമാണ്. ബജറ്റ് വിഹിതം കൂട്ടണം. മികച്ച അടിസ്ഥാനസൗകര്യം വേണം. പല  കാര്യങ്ങളിലും നമ്മൾ കേരളത്തെ വികസിതരാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നു. എന്നാൽ, കായികരംഗത്ത് കേരളത്തിന് ആ മേന്മയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലീഗുകൾ ചെറുപട്ടണങ്ങളിലേക്ക് വരണം, നിക്ഷേപകർക്ക് ക്ഷമ വേണം

55 ബില്യൻ വരുന്ന ഇന്ത്യൻ കായിക സമ്പദ്‍വ്യവസ്ഥയുടെ 85% പങ്കുവഹിക്കുന്നതും ഐപിഎൽ ആണെന്ന് മുൻ രാജ്യാന്തര അംപയർ കെ.എൻ. രാഘവൻ പറഞ്ഞു. ഇപ്പോൾ ഫുട്ബോൾ, കബഡി തുടങ്ങിയ ലീഗുകളും വന്നത് ഈ ഇനങ്ങളുടെ പ്രചാരം വർധിക്കാനും കായികതാരങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കാനും സഹായകമായി. പക്ഷേ, കേരളം എവിടെ നിൽക്കുന്നു എന്നത് ആലോചിക്കേണ്ട കാര്യമാണ്.

ടിവി സംപ്രേഷണത്തെക്കുറിച്ച് ആലോചിക്കാതെ, ലീഗുകൾ ചെറുകിട നഗരങ്ങളിലേക്ക് വരേണ്ടതുണ്ട്. കേരളത്തിൽ ടിവി അവകാശം വഴി വരുമാനം കിട്ടാൻ സാധ്യതയില്ല. ഐപിഎൽ ടിവിയിൽ കണ്ടവർ പ്രാദേശിക മത്സരങ്ങൾ ടിവിയിൽ കാണാൻ താൽപര്യപ്പെടുമെന്ന് കരുതുന്നില്ല. വോളിബോളിന് നാട്ടിൻപുറങ്ങളിൽ വലിയ സ്വീകാര്യതയുണ്ട്. ഉൾനാടുകളിൽ ഗേറ്റിൽ ടിക്കറ്റുവച്ച് പ്രവേശനം നൽകിയാൽ മതി പ്രാദേശിക ലീഗുകൾ വിജയമാകും. സർക്കാരിന്റെ പിന്തുണയും വേണം.

മികച്ച പരിശീലനം താരങ്ങൾക്ക് ലഭ്യമാക്കിയാൽ ലോക ചാംപ്യന്മാരെ സൃഷ്ടിക്കാനാകുമെന്ന് ചെസ്സിലൂടെ തമിഴ്നാട് നമുക്ക് കാണിച്ചുതന്നു. കായികരംഗത്ത് നിക്ഷേപകർ കടന്നുവരണം. പക്ഷേ, ക്ഷമ വേണം. ഈ മേഖലയിൽ നിന്ന് ഉടൻ ലാഭം (റിട്ടേൺ) പ്രതീക്ഷിക്കരുത്. അതിനു കാത്തിരിക്കണം. 

business-summit-sprts - 1
‘ട്രെന്‍ഡിങ് ബിസിനസസ് ഇന്‍ സ്‌പോര്‍ട്‌സ് സെക്റ്റര്‍’ (കായിക രംഗത്ത് ബിസിനസുകള്‍ ട്രെന്‍ഡാകുമ്പോള്‍. ഈ രംഗത്തെ പുതിയ പ്രവണതകൾ) എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയർമാൻ നവാസ് മീരാൻ, എഐഎഫ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരൻ, മുന്‍ രാജ്യാന്തര ക്രിക്കറ്റ് അംപയര്‍ കെ.എന്‍. രാഘവന്‍ എന്നിവർ . മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ മനോജ് മാത്യു മോഡറേറ്റർ.

സർക്കാരിന് ബിസിനസ് നടത്താൻ അറിയില്ല എന്നതുപോലെ, സ്പോർട്സും അറിയില്ല. അതുകൊണ്ടാണല്ലോ ക്രിക്കറ്റ് നിയന്ത്രണം ബിസിസിഐയെ എൽപ്പിച്ചത്. പണ്ട് സർക്കാരും പല സ്ഥാപനങ്ങളും മികച്ച കളിക്കാർക്ക് ജോലി നൽകുമായിരുന്നു. എന്നാൽ, ജോലി കിട്ടുന്നതോടെ കളി നിർത്തുന്നതായിരുന്നു ശീലം.

ഇന്ന് കളിക്കാർജ്ജ് ജോലി കൊടുക്കുന്നുണ്ടെങ്കിലും സ്പോർട്സ് അവസാനിപ്പിക്കാൻ കമ്പനികൾ അനുവദിക്കുന്നില്ല. കൂടുതൽ പ്രോത്സാഹനം നൽകി ടീമുകളെ തന്നെ പല കമ്പനികളും വാർത്തെടുത്തതായി കാണാം. അത് നല്ല പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Kerala needs a comprehensive sports policy to nurture its immense sporting talent. Government investment, public-private partnerships, and improved infrastructure are crucial for building a thriving sports economy.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com