ചൈനയുടെ അപ്രമാദിത്തം തീരുന്നു; ഇനി ഇന്ത്യയുടെ അവസരം, നയിക്കാൻ ചെറു സംരംഭങ്ങൾ

Mail This Article
സംരംഭകലോകത്തെ പുത്തൻ ട്രെൻഡുകളിലേക്ക് വഴിതുറന്ന് മലയാള മനോരമ സമ്പാദ്യം സംഘടിപ്പിച്ച ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ്-2025’ൽ കേരളത്തിന്റെ വികസനത്തിനുതകുന്ന പുത്തൻ ആശയങ്ങൾ പങ്കുവച്ച് പ്രമുഖർ. ആഗോള വ്യാപാരരംഗത്ത് ചൈനയുടെ കുത്തക അവസാനിക്കുകയാണെന്നും ഇനി ഇന്ത്യയുടെ അവസരമാണെന്നും മുൻ കേന്ദ്രമന്ത്രിയും സംരംഭകനും ടെക്നോക്രാറ്റുമായ രാജീവ് ചന്ദ്രശേഖർ സമ്മിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പറഞ്ഞു.
പുത്തൻ ടെക്നോളജിയെ ചേർത്തുപിടിക്കാൻ ശ്രമിച്ചില്ലെങ്കിലും കേരളം പിന്നാക്കം പോകും. വൈദഗ്ധ്യമുള്ള യുവാക്കളുടെ സമ്പത്ത് കേരളത്തിനുണ്ട്. അത് പ്രയോജനപ്പെടുത്തിയില്ലെങ്കിൽ മികച്ച അവസരമുള്ള സ്ഥലങ്ങളിലേക്ക് അവർ പോകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിൽ മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു സ്വാഗതം പറഞ്ഞു. ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജരും സോണൽ ഹെഡ്ഡുമായ ശ്രീജിത് കൊട്ടാരത്തിൽ സംസാരിച്ചു. മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി നന്ദി പറഞ്ഞു.
കേരളത്തിൽ നിന്ന് വളരെക്കുറച്ച് കമ്പനികളേ ഇപ്പോഴും ഓഹരി വിപണിയിലുള്ളൂ എന്നും കൂടുതൽ കമ്പനികൾ പ്രാരംഭ ഓഹരി വിൽപനയിലൂടെ (ഐപിഒ) ലിസ്റ്റ് ചെയ്താൽ ഏറെ നേട്ടം കൈവരിക്കാനാകുമെന്നും ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡയറക്ടർ അനൂപ് മൂപ്പൻ പറഞ്ഞു.

ഒരു ചെറിയ ക്ലിനിക്കിൽ നിന്ന് 26,000 കോടി രൂപ വരുമാനമുള്ള പ്രസ്ഥാനമായി ആസ്റ്റർ വളർന്ന കഥയും അദ്ദേഹം പങ്കുവച്ചു. ഇന്ന് 34 ആശുപത്രികൾ, 133 ക്ലിനിക്കുകൾ, 519 ഫാർമസികൾ, 230 ലാബുകൾ എന്നിവ ആസ്റ്റർ ഗ്രൂപ്പിന്റെ ഭാഗമാണ്. 5,000 ഡോക്ടർമാർ ഉൾപ്പെടെ 35,000 ജീവനക്കാരുമുണ്ട്.
ഭക്ഷ്യസംസ്കരണ രംഗത്ത് വലിയ സാധ്യത
ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് ആഭ്യന്തര വിപണിയിലും കയറ്റുമതി രംഗത്തും വലിയ സാധ്യതകളുണ്ടെന്ന് ‘അൺലോക്കിങ് ഗ്ലോബൽ മാർക്കറ്റിങ് ഓപ്പർച്യൂണിറ്റീസ്’ എന്ന വിഷയത്തിലെ ചർച്ചയിൽ പ്രമുഖർ. മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നത് വിപണിയുടെ സാധ്യതകൾ ഉയർത്തുകയാമെന്ന് ഡബിൾ ഹോഴ്സ് അസോസിയേറ്റ് ഡയറക്ടർ ആനി വിനോദ് മഞ്ഞില പറഞ്ഞു. പുതിയ ടെക്നോളജികളിലൂടെ ആഗോളതലത്തിലുള്ള വിപണി മേധാവിത്വം നിലനിർത്തുകയാണെന്ന് സിന്തൈറ്റ് ഇൻഡസ്ട്രീസെന്ന് മാനേജിങ് ഡയറക്ടർ അജു ജേക്കബ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഒലിയോറെസിൻ (സുഗന്ധവ്യഞ്ജനങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സത്ത്) കമ്പനിയാണ് കേരളത്തിൽ നിന്നുള്ള സിന്തൈറ്റ്. സുഗന്ധവ്യഞ്ജനങ്ങളുടെ ലഭ്യത അനുസരിച്ച് ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നിങ്ങനെയുള്ള സംസ്ഥാനങ്ങൾക്ക് പുറമെ ചൈന, ശ്രീലങ്ക, വിയറ്റ്നാം, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലും സിന്തൈറ്റിന്റെ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, സമുദ്രോൽപന്ന ബിസിനസിലെ വളരുന്ന ശക്തിയാണെന്ന് ബൈബി മറീൻ ഇന്റർനാഷണൽ മാനേജിങ് പാർട്ണർ അലക്സ് കെ. നൈനാൻ പറഞ്ഞു. കയറ്റുമതിക്കൊപ്പം ആഭ്യന്തര വിപണിയിലെ സീ ഫുഡ് പ്രൊസസിങ്ങന്റെ സാധ്യതകളും ഉയരുകയാണ്.

ഇന്ത്യയുടെ നയിക്കുക എംഎസ്എംഇകൾ
ക്രെഡിറ്റ് സ്കോർ എന്നത് വായ്പാവിതരണത്തിലെ ഒരു മാനദണ്ഡം മാത്രമാണെന്നും ആറുമാസത്തെ സ്വർണപ്പണയ വായ്പ എടുത്ത് കൃത്യമായി തിരിച്ചടയ്ക്കുന്നതിലൂടെ സ്കോർ മെച്ചപ്പെടുത്താമെന്നും മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു. ‘ബിസിനസ് ഫണ്ടിങ് സൊല്യൂഷൻസ്’ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047ഓടെ വികസിത രാജ്യമാവുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് മുന്നിൽനിന്ന് നയിക്കുക എംഎസ്എംഇകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസിത രാജ്യമാകാൻ ഇന്ത്യ
വികസിത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയത്തിലെത്തുമെന്നും അതിനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടെന്നും സാമ്പത്തിക വിദഗ്ധനും ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് എം.ഡിയുമായ പ്രിൻസ് ജോർജ് അഭിപ്രായപ്പെട്ടു. സമ്പദ്‍വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര ബജറ്റ് പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്. സ്ഥിരതയുള്ള ഭരണസംവിധാനവും ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായവും നേട്ടമാണ്. മെയ്ക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികളും ഇന്ത്യക്ക് മികച്ച ഭാവി ഉറപ്പുനൽകുന്നു. കാപ്പിറ്റൽ മാർക്കറ്റ് വളരുന്നു എന്നതും മികവാണ്. ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികളുടെ എണ്ണം അതാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടത് 268 കമ്പനികളാണ്. ഇതിൽ 178 എണ്ണവും എസ്എംഇകളാണ്. ചൈനയിൽ പോലും 101 എണ്ണമേ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇന്ത്യയുടെ ആഭ്യന്തര ധനസ്ഥിതി അത്ര ശക്തമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യബുദ്ധി പാരമ്യത്തിൽ; ഇനി പോംവഴി എഐ
ലോകമാകെ മനുഷ്യബുദ്ധി അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇനി പോംവഴി നിർമിതബുദ്ധിയാണെന്നും കെയ്റെറ്റ്സു ഫോറം പ്രസിഡന്റും സിഇഒയുമായ ഡെന്നി കുര്യൻ പറഞ്ഞു. ‘എഐയുടെ ഈ കാലഘട്ടത്തിലെ സ്മാർട്ട് ബിസിനസ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദഗ്ധ്യമുള്ള ജീവനക്കാരെ ലഭിക്കുന്നതിലെ കുറവ് പരിഹരിക്കുകയാണ് കമ്പനികൾ എഐയുടെ ഉപയോഗത്തിലൂടെ. എഐ തന്റെ ജീവിതത്തിന്റെ ഭാഗമാകണമെന്ന് ചെറുപ്പത്തിലേ ആഗ്രഹിച്ചിരുന്നു എന്ന് ജൻറോബോട്ടിക്സ് എംഡി വിമൽ ഗോവിന്ദ് അഭിപ്രായപ്പെട്ടു. പഠനത്തിന് വേണ്ടിയാണ് എഐ ആദ്യം ഉപയോഗിച്ചത്. ‘ലേണിങ്’ ഏറെ എളുപ്പമാക്കാൻ അതുവഴി കഴിഞ്ഞു. എഐ ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്ന് ചാർജ്മോഡ് സഹസ്ഥാപകനും സിഇഒയുമായ രാമനുണ്ണി പറഞ്ഞു. പ്രാദേശികഭാഷകളിൽ കൂടി എഐ വ്യാപകമായാൽ അത് കൂടുതൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിസിനസ് തുടങ്ങിയാൽ വിജയിക്കുമോ?
പാരമ്പര്യമായി കിട്ടിയ ബിസിനസ് എങ്ങനെ സുസ്ഥിരമായി കൊണ്ടുപോകാമെന്നതിന്റെ രഹസ്യം കേരളത്തില്‍ ബിസിനസ് തുടങ്ങി വെന്നിക്കൊടി പാറിച്ച ബിസിനസ് കുടുംബങ്ങളിലെ നാലുപേർ പങ്കുവച്ചു. മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ടിന മുത്തൂറ്റ്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്സ് ആൻഡ് റിസോർട്സ് എംഡി അരുൺ ചിറ്റിലപ്പിള്ളി, നെസ്റ്റ് സോഫ്റ്റ്‍വെയർ ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഇഒ നസ്‍നീൻ ജഹാംഗീർ, ഇന്റെഗ്രോ ഫുഡ്സ് ആന്‍ഡ് ബിവറേജസ് (കിച്ചൻ ട്രഷേഴ്സ്) എംഡി ആൻഡ് സിഇഒ അശോക് മാണി എന്നിവരായിരുന്നു ചർച്ചയിൽ. ‘ന്യൂ ഫെയ്സ് ഇൻ ലെഗസി ബിസിനസ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. പല മേഖലകളിലുള്ള വളർച്ച നെസ്റ്റിന് തുടക്കം കുറിച്ചവരുടെ ദീർഘവീക്ഷണം മൂലമാണെന്ന് നസ്‍നീൻ ജഹാംഗീർ പറഞ്ഞു.

130 വർഷത്തെ കുടുംബ ബിസിനസിനെക്കുറിച്ചാണ് മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ടിന മുത്തൂറ്റ് സംസാരിച്ചത്. മുത്തൂറ്റിന്റെ നാലാം തലമുറയാണ് ഇപ്പോൾ സംരംഭങ്ങളുടെ തലപ്പത്തുള്ളത്. അതിൽ പുതുതലമുറയിലെ 7 പേരിൽ ആറു പേരും സ്ത്രീകളാണെന്ന അഭിമാനവുമുണ്ടെന്ന് ടിന പറഞ്ഞു. ഇന്ന് 50 ലക്ഷം ഉപഭോക്താക്കളുള്ള 50,000 കോടി ആസ്തിയുള്ള സ്ഥാപനമാണ് മുത്തൂറ്റ്.
കേരളത്തിൽ അധികമാരും കൈവയ്ക്കാത്ത മേഖലയിൽ വിജയം കണ്ടതിനെക്കുറിച്ചാണ് വണ്ടർല അമ്യൂസ്മെന്റ് പാർക്സ് ആൻഡ് റിസോർട്സിന്റെ എംഡി അരുൺ ചിറ്റിലപ്പിള്ളി മനസ് തുറന്നത്. ഒപ്പം ഒട്ടേറെ വെല്ലുവിളികളെ മറികടന്ന് പിതാവ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി തങ്ങളുടെ ബിസിനസ് സംരംഭങ്ങൾ വളർത്തിയെടുത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ വർഷം അവസാനം ചെന്നൈയിൽ പുതിയ പാർക്ക് തുറക്കും. ഇതോടെ 5 സ്ഥലത്താകും വണ്ടർലാ.
കുടുംബ ബിസിനസിലിറങ്ങുമ്പോൾ പാരമ്പര്യം ഒരു വെല്ലുവിളിയാണെന്ന് ഇന്റെഗ്രോ ഫുഡ്സ് ആന്‍ഡ് ബിവറേജസ് (കിച്ചൻ ട്രഷേഴ്സ്) എംഡി ആൻഡ് സിഇഒ അശോക് മാണി പറഞ്ഞു. ബിടുബി ബിസിനസ് കുടുംബത്തിൽനിന്ന് ബിടുസിയിലേക്ക് സിന്തൈറ്റ് ഇറങ്ങിയത് കിച്ചൻ ട്രഷേഴ്സിലൂടെയാണ്. ഞങ്ങളുടെ തലമുറ കുറച്ചുകൂടി വേഗത്തിൽ തീരുമാനമെടുത്ത് കാര്യങ്ങൾ നീക്കുന്നവരാണ്. മുൻതലമുറയുടേത് മോശമാണെന്നല്ല. ഇതു രണ്ടും സമന്വയിപ്പിച്ച് കൊണ്ടുപോകാൻ കഴിയുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
സംരംഭങ്ങളെ ശാക്തീകരിക്കാൻ ബാങ്ക് ഓഫ് ബറോഡ
സംരംഭങ്ങളെ ശാക്തീകരിക്കാനും അതുവഴി രാജ്യവികസനം ത്വരിതപ്പെടുത്താനും ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചത് നിരവധി പദ്ധതികൾ. കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂൺ എംഎസ്എംഇകളാണെന്ന് മനസ്സിലാകുമെന്ന് ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് അനലിസ്റ്റ് രോഹൻ സജു ജോർജ് പറഞ്ഞു. ബിസിനസ് ഫണ്ടിങ് സൊല്യൂഷൻസ് എന്ന വിഷയത്തിൽ നടച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കയറ്റുമതിയിൽ ഉൾപ്പെടെ ഊന്നലുള്ള എംഎസ്എംഇകളെ ഉൾപ്പെടെ സഹായിക്കാനായി ബിഒബി ഇൻസ്റ്റ സ്മാർട്ട് ട്രേഡ്, സ്മാർട്ട് ഒ.ഡി., ബറോഡ ഹെൽത്ത്കെയർ സ്കീം, ബറോഡ സോളർ സ്കീം, വനിതാ സംരംഭകർക്കായി മഹിളാ സ്വാവലംബൻ തുടങ്ങിയ പദ്ധതികളുണ്ട്.

കേരളത്തിന് കായികനയം വേണം; ചാംപ്യന്മാരെ സൃഷ്ടിക്കണം
കായികരംഗത്ത് കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും ഭാവിയിൽ ചാംപ്യന്മാരെ വാർത്തെടുക്കാൻ കായികനയം ആവിഷ്കരിക്കാൻ സർക്കാർ തയാറാകണമെന്നും മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ പ്രമുഖർ. ക്രിക്കറ്റിന് പുറമേ മറ്റ് കായിക ഇനങ്ങളെയും കളിക്കാനും കോച്ചിങ്ങിനും ഒരു പ്രഫഷൻ ആയി ആളുകൾ കാണാൻ തുടങ്ങി എന്നതാണ് സമീപകാലത്തെ ശ്രദ്ധേയമാറ്റമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു. ട്രെൻഡിങ് ബിസിനസ് ഇൻ സ്പോർട്സ് സെക്ടർ എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് മുന്നിലുള്ളത് വലിയ സാധ്യതകളാണ്. ഒരു 10 വർഷം മുന്നിൽക്കണ്ടുള്ള കായിക പ്ലാൻ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കായികരംഗത്ത് നയങ്ങളിൽ വലിയമാറ്റം വേണമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ പറഞ്ഞു. എന്തിനാണ് കായികമേഖലയ്ക്ക് 18% ജിഎസ്ടി നികുതി വെട്ടിക്കുറച്ച് നിക്ഷേപകരെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ സർക്കാർ ശ്രമിക്കണം. വായ്പകൾ ലഭ്യമാക്കാൻ ബാങ്കുകളും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ടിവി സംപ്രേഷണത്തെക്കുറിച്ച് ആലോചിക്കാതെ, ലീഗുകൾ ചെറുകിട നഗരങ്ങളിലേക്ക് വരേണ്ടതുണ്ടെന്ന് മുൻ രാജ്യാന്തര അംപയർ കെ.എൻ. രാഘവൻ പറഞ്ഞു. മികച്ച പരിശീലനം താരങ്ങൾക്ക് ലഭ്യമാക്കിയാൽ ലോക ചാംപ്യന്മാരെ സൃഷ്ടിക്കാനാകുമെന്ന് ചെസ്സിലൂടെ തമിഴ്നാട് നമുക്ക് കാണിച്ചുതന്നു. കായികരംഗത്ത് നിക്ഷേപകർ കടന്നുവരണം. പക്ഷേ, ക്ഷമ വേണം. ഈ മേഖലയിൽ നിന്ന് ഉടൻ ലാഭം (റിട്ടേൺ) പ്രതീക്ഷിക്കരുത്. അതിനു കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ടൂറിസത്തിന് പുത്തൻ സാധ്യതകൾ
ടൂറിസം രംഗത്ത് കേരളത്തിന് മുന്നിലുള്ളത‌് വൈവിധ്യമാർന്ന സാധ്യതകളാണെന്ന് സാന്റാമോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ. ‘ട്രെൻഡിങ് ബിസിനസസ് ഇൻ ട്രാവൽ സെക്ടർ’ എന്ന സെഷനിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. തീർഥാടന ടൂറിസം മുതൽ ഫോക്‍ലോർ ടൂറിസം, ഭക്ഷണ ടൂറിസം, ഭാഷാ ടൂറിസം എന്നിങ്ങനെ സാധ്യതകളുണ്ട്.

ഈ വർഷം 193 രാജ്യങ്ങളിലേക്ക് ടൂറിസം യാത്രകൾ ഒരുക്കുകയാണ് സാന്റാമോണിക്ക. മലയാളികൾ ലോകയാത്ര നടത്തുന്നത് നല്ലകാര്യമാണ്. ടൂറിസത്തിൽ കേരളത്തിന്റെ വളർച്ചാസാധ്യതകൾ തിരിച്ചറിയാൻ അതുപകരിക്കും. സാന്റാമോണിക്ക ഫ്ലൈ എന്ന പേരിലാണ് കമ്പനി ട്രാവൽ ആൻഡ് ടൂറിസം രംഗത്തേക്കും കടന്നത്. വിദേശ വിദ്യാഭ്യാസം ഒരിക്കലും താഴേക്കുപോകില്ലെന്നും ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു. കാനഡയിലെ സർക്കാർ മാറ്റവും ബാധിക്കില്ല. ഇനി കൂടുതൽ അവസരം യുഎസിൽ ആയിരിക്കും. കഴിവുള്ള ഇന്ത്യക്കാരെ യുഎസിന് വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇനി ക്വിക്ക് കൊമേഴ്സിന്റെ കാലം
ഇ-കോമേഴ്സിൽ നടക്കുന്നത് ക്വിക്ക് കൊമേഴ്സ് ആണെന്നും അത് വലിയ മാറ്റമാണെന്നും ബിഗ്ബാസ്കറ്റ് സഹസ്ഥാപകനും സിഇഒയുമായ ഹരി മേനോൻ പറഞ്ഞു. ആമസോൺ ഫ്ലിപ്കാർട്ട് ഉൾപ്പടെ പ്രമുഖർ ക്വിക്ക് കോമേഴ്സിലേക്ക് മാറി. ഇന്ന് ഉപഭോക്താക്കൾക്ക് 10 മിനിറ്റിൽ പച്ചക്കറി ഉൾപ്പടെ എല്ലാ സാധനങ്ങളും വേണം. ക്വിക്ക് കൊമേഴ്സ് കൊണ്ട് പലചരക്കു കടകൾ പോലുള്ളവ പൂട്ടിപ്പോവില്ല. ഇന്നും 95 ശതമാനം സാധനങ്ങളുടേയും കച്ചവടങ്ങളും നടക്കുന്നത് ചെറിയ കടകളിലാണ്. ഉത്സവ സമയങ്ങളിൽ ഒാൺലൈൻ വിൽപന വർധിക്കും. കാരണം ആ സമയത്ത് കടകളിൽ വലിയ തിരക്കായിരിക്കും. ഇത്തരം കടകളും ഉപഭോക്താക്കളും തമ്മിലുള്ള മികച്ച ബന്ധം ഒരിക്കലും ഓണ്‍ലൈനിൽ ഇല്ലല്ലോ എന്നതും ഹരി മേനോൻ ചൂണ്ടിക്കാട്ടുന്നു. നേരത്തെ മാസം 1500 കോടി രൂപയുടേത് ആയിരുന്നു ക്വിക് കൊമേഴ്സ് എങ്കിൽ അത് ഇപ്പോൾ 5000–6000 കോടി രൂപയുടേതാണ്. ഇതു വൈകാതെ മൂന്നു മടങ്ങെങ്കിലും വർധിച്ച് 15,000 കോടി രൂപയാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു

കേരളത്തിന്റെ ‘ആരോഗ്യം’ എങ്ങോട്ട്
ആരോഗ്യമേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ ഉപയോഗപ്പെടുത്താൻ കേരളത്തിന് കഴിയുന്നുണ്ടോ? എന്തൊക്കെ മാറ്റങ്ങളാണ് ആരോഗ്യമേഖലയിൽ വന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യമേഖലയിൽ നിക്ഷേപം നടത്തുന്നത് നല്ലതാണോ? ഹെൽത്ത് ടൂറിസം മേഖലയിൽ കേരളത്തിന്റെ ഭാവി എന്താണ്? ഒട്ടേറെ സംശയങ്ങളാണ് ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റി’ലെ ‘ചേഞ്ചിങ് ഫെയ്സസ് ഇൻ ഹെൽത്ത്കെയർ െവഞ്ച്വേഴ്സ്’ എന്ന വിഭാഗത്തിൽ ഉയർന്നത്. കൺസൾട്ടന്റ് ന്യൂറോസർജൻ ഡോ. അരുൺ ഉമ്മൻ രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഒരത്തേൽ, സബൈൻ ആശുപത്രി സ്ഥാപകനും എംഡിയുമായ ഡോ. സബൈൻ ശിവദാസൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല സിഇഒ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ ഒട്ടേറെ വിഷയങ്ങൾക്കുള്ള മറുപടികൾ ഉയർന്നു.

കേരളത്തിന് ആരോഗ്യമേഖലയിലെ ഹബ് ആയി മാറാനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്ന് ഡോ. അരുൺ ഉമ്മൻ ചൂണ്ടിക്കാട്ടി. ആശുപത്രി രംഗത്ത് നിക്ഷേപം വരുന്നത് കുറവാണെന്നും മൾട്ടി-സ്പെഷാലിറ്റി ആശുപത്രികൾ ഉയർന്നുവരണമെന്നും ഡോ. സണ്ണി പി.ഒരത്തേൽ പറഞ്ഞു. കേരളത്തിൽ ഹെൽത്ത് ടൂറിസം വികസിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് അടിസ്ഥാനസൗകര്യ മേഖല മെച്ചപ്പെടുത്തുകയും മികച്ച ചികിത്സാരീതികൾ പിന്തുടരുകയുമാണെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല സിഇഒ ഹരികുമാർ പറഞ്ഞു. 14 വർഷം മുമ്പ് സബൈൻ ആശുപത്രി തുടങ്ങി അത് വിജയിപ്പിച്ചതിന്റെ അനുഭവങ്ങളാണ് ഡോ. സബൈൻ ശിവദാസൻ പങ്കുവച്ചത്. കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള ചികിത്സ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കാർപ്പറ്റ് ബിസിനസിലെ വിജയം പങ്കുവച്ച് ശാലിനി ജോസ്‌ലിൻ
തെറ്റുകൾ പറ്റാം, പരാജയപ്പെടാം, ആരാ ചോദിക്കാൻ വരുക, വേദനകളും ത്യാഗങ്ങളും വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് കാര്‍പ്പറ്റ് ബാൻ സ്ഥാപക ശാലിനി ജോസ്‌ലിൻ. മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ ആണ് പരാജയത്തില്‍ നിന്നുതുടങ്ങി വിജയത്തിലേക്ക് നടന്നുകയറിയ കഥ ശാലിനി പങ്കുവെച്ചത്. ഇന്ത്യൻ ഹാൻഡ് മെയ്ഡ് കാർപ്പറ്റുകള്‍ ബ്രാൻഡ് ചെയ്തു ലോക മാർക്കറ്റിൽ എത്തിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അതിനായുള്ള തയ്യാറെപ്പിലാണെന്നും ശാലിനി പറഞ്ഞു.

കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ്-2025’ നടന്നത്.

പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ് ആണ് സമ്മിറ്റിന്റെ പവേഡ് ബൈ സ്പോൺസർ. ബാങ്ക് ഓഫ് ബറോഡ, ഡിബിഎഫ്എസ് എന്നിവർ അസോഷ്യേറ്റ് സ്പോൺസർമാരും