സീറോ ക്യാപിറ്റല്‍, സീറോ ഇൻവസ്റ്റ്മെന്റ്; കാർപ്പറ്റ് ബിസിനസിലെ വിജയം പങ്കുവച്ച് ശാലിനി ജോസ്‌ലിൻ

Mail This Article
തെറ്റുകൾ പറ്റാം, പരാജയപ്പെടാം, ആരാ ചോദിക്കാൻ വരുക, വേദനകളും ത്യാഗങ്ങളും വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് കാര്‍പ്പറ്റ് ബാൻ സ്ഥാപക ശാലിനി ജോസ്‌ലിൻ. പരാജയത്തില്‍ നിന്നുതുടങ്ങി വിജയത്തിലേക്ക് നടന്നുകയറിയ കഥ ശാലിനി പങ്കുവച്ചത് മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ ആണ്. യാതൊരു മൂലധനവും ഇല്ലാതെ ആണ് താൻ ബിസിനസിലേക്ക് കടന്നുവന്നത്. പാഷൻ ആയിരുന്നില്ല, അതിജീവനം ആയിരുന്നു ലക്ഷ്യമെന്നും ശാലിനി പറഞ്ഞു.

ഇന്റീരിയർ ബിസിനസ് എന്ന ആശയത്തിൽ നിന്നാണ് കാർപ്പറ്റ് രംഗത്തേക്ക് എത്തുന്നത്. നാളുകള്‍ പരിശ്രമിച്ചാണ് ആദ്യ ഓർഡർ നേടിയത്. എന്നാൽ ഉത്തരേന്ത്യയിൽ നിന്ന് ആദ്യം കൊണ്ടുവന്ന കാര്‍പ്പറ്റിന് ക്വാളിറ്റി ഇല്ലായിരുന്നു. അതോടെ ആദ്യ ശ്രമം പാളി. ശേഷമായിരുന്നു ശക്തമായ തിരിച്ചുവരവ്. ഇപ്പോൾ കേരളത്തില്‍ കാര്‍പ്പറ്റിനു വേണ്ടി മാത്രമുള്ള ഏക ഡിസൈനർ സ്ഥാപനമാണ് കാര്‍പ്പറ്റ് ബാൻ. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് മുതൽ സ്റ്റാർ ഹോട്ടലുകളും കേരളത്തിലെ വമ്പൻ ബിസിനസ് ഗ്രൂപ്പുകളും ഇന്ന് ശാലിനിയുടെ ഉപഭോക്താക്കളാണ്. നിലവിൽ വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഹാൻഡ് മെയ്ഡ് കാർപ്പറ്റുകള്‍ ബ്രാൻഡ് ചെയ്തു ലോക മാർക്കറ്റിൽ എത്തിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അതിനായുള്ള തയാറെപ്പിലാണെന്നും ശാലിനി പറഞ്ഞു.