മിന്നിത്തിളങ്ങി ഇവികൾ, ഭാരത് മൊബിലിറ്റി ഗ്ലോബൽ ഓട്ടോ എക്സ്പോയ്ക്കു തുടക്കം

Mail This Article
ന്യൂഡൽഹി∙ ഭാരത് മൊബിലിറ്റി ഗ്ലോബൽ ഓട്ടോ എക്സ്പോയുടെ ആദ്യ ദിനത്തിൽ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ–വിറ്റാര മുതൽ എംജി മോട്ടറിന്റെ സൈബർസ്റ്റർ സ്പോർട്സ് കാർ വരെ താരങ്ങളായി. വാഹന ലോഞ്ചുകളിൽ ഭൂരിഭാഗവും ഇലക്ട്രിക് മോഡലുകളായിരുന്നു. ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ടാറ്റ ഹാരിയർ ഇവി

ടാറ്റയുടെ ഏറ്റവും വലിയ ഇലക്ട്രിക് എസ്‍യുവി. മുൻ വർഷങ്ങളിൽ ഇതിന്റെ കോൺസപ്റ്റ് അവതരിപ്പിച്ചിരുന്നു. ഡ്രൈവറില്ലാതെ തന്നെ കാർ പാർക്ക് ചെയ്യാൻ കഴിയുന്ന റിമോട്ട് പാർക്കിങ് ഫീച്ചറുണ്ട്. ആദ്യമായാണ് ടാറ്റ അവരുടെ വാഹനത്തിൽ ഓൾ വീൽ ഡ്രൈവ് സംവിധാനം കൊണ്ടുവരുന്നത്. പ്രീമിയം ഇവി വിഭാഗത്തിൽപ്പെടുന്ന ‘അവിന്യ എക്സ്’ എസ്‍യുവിയുടെ കോൺസപ്റ്റും ടാറ്റ അവതരിപ്പിച്ചു.

ബെൻസ് മെയ്ബ,ബിഎംഡബ്യു ഐഎക്സ്1
മെഴ്സിഡീസ് ബെൻസ് മെയ്ബ ഇക്യുഎസ് 680 ‘നൈറ്റ് സീരീസ്’ എസ്‍യുവി ഇന്ത്യയിൽ പുറത്തിറക്കി. 2.63 കോടി രൂപയാണ് വില. സിഎൽഎ ക്ലാസ് കോൺസ്പ്റ്റും മെഴ്സിഡീസ് അവതരിപ്പിച്ചു. ബിഎംഡബ്ല്യു ഐഎക്സ്1 (iX1) ലോങ് വീൽബേസ് (എൽഡബ്ല്യുബി) ഇലക്ട്രിക് എസ്‍യുവി അവതരിപ്പിച്ചു. 49 ലക്ഷം രൂപയാണ് വില. ബിഎംഡബ്ല്യു ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനമാണിത്.

ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്
ഹ്യുണ്ടായ് ക്രെറ്റയുടെ പരിഷ്കരിച്ച ഇലക്ട്രിക് പതിപ്പ്. 42 kWh ബാറ്ററി പാക്ക് മോഡലിന്റെ വില തുടങ്ങുന്നത് 17.99 ലക്ഷം രൂപയിലാണ് (എക്സിക്യൂട്ടിവ്). സ്മാർട്: 18.99 ലക്ഷം, പ്രീമിയം: 19.99 ലക്ഷം എന്നിങ്ങനെയാണ് മോഡലുകളുടെ നിലവിലെ വില. 51.4 kWh ബാറ്ററി പാക്ക് മോഡലിന്റെ വില 21.49 ലക്ഷം മുതൽ 23.49 ലക്ഷം രൂപ വരെയാണ്.
ഒറ്റചാർജിങ്ങിൽ 473 കിലോമീറ്റർ ഓടും. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെത്താൻ 7.9 സെക്കൻഡ്. വെഹിക്കിൾ ടു ലോഡ് സംവിധാനമുള്ളതിനാൽ കാറിലെ ചാർജ് ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം.ഫാസ്റ്റ് ചാർജിങ്ങിൽ 58 മിനിറ്റിൽ 80% ചാർജ് ആകും.

പുതിയ കിയ ഇവി6
നിലവിലുള്ള ഇവി6 ഇലക്ട്രിക് എസ്‍യുവിയുടെ ആദ്യത്തെ പരിഷ്കരിച്ച പതിപ്പാണ് ഇന്നലെ കിയ അവതരിപ്പിച്ചത്. ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു. സിംഗിൾ, ഡ്യുവൽ മോട്ടർ കോൺഫിഗറേഷനുകളിൽ ലഭ്യം.27 തരം സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 84 kWh ബാറ്ററി പാക്ക് മോഡലിന് ഒറ്റ ചാർജിങ്ങിൽ 650 കിലോമീറ്റർ ലഭിക്കും.

മാരുതി സുസുക്കി ഇ–വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം. 49 kWh, 61 kWh എന്നിങ്ങനെ 2 ബാറ്ററി പാക്ക് ഓപ്ഷനുകൾ. വില പ്രഖ്യാപിച്ചിട്ടില്ല. മിക്ക വാഹനങ്ങളിലും 6 എയർബാഗുകളെങ്കിൽ ഇതിൽ ഏഴെണ്ണമാണുള്ളത്. ഡ്രൈവറുടെ കാലിന്റെ ഭാഗത്താണ് ഏഴാമത്തെ എയർബാഗ്. 10 കളറുകളിൽ ലഭ്യം. 61 kWh മോഡലിന് ഒറ്റ ചാർജിങ്ങിൽ 500 കിലോമീറ്റർ സഞ്ചരിക്കാം. സുരക്ഷ ഉറപ്പാക്കുന്ന അഡാസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ലെവൽ 2 വാഹനമാണ് ഇ–വിറ്റാര.

ടാറ്റ സിയേറ
ടാറ്റയുടെ നൊസ്റ്റാൾജിക് സിയേറയുടെ റീലോഡഡ് വേർഷൻ. 1991ലാണ് ആദ്യ സിയേറ ടാറ്റ പുറത്തിറക്കിയത്. 2024ലെ എക്സ്പോയിൽ സിയേറെയുടെ ഇലക്ട്രിക് പതിപ്പാണ് കോൺസ്പ്റ്റ് ആയി അവതരിപ്പിച്ചതെങ്കിൽ ഇന്നലെ അവതരിപ്പിച്ചത് ഐസി എൻജിൻ പതിപ്പാണ്. രണ്ടു പതിപ്പുകളിലും സിയേറ ലഭ്യമാകും.
എംജി സൈബർസ്റ്റർ, എം9
എംജി മോട്ടറിന്റെ സ്റ്റൈലിഷ് കൺവർട്ടബിൾ സ്പോർട്സ് കാറാണ് സൈബർസ്റ്റർ. 3.2 സെക്കൻഡിൽ സൈബർസ്റ്റർ 100 കിലോമീറ്റർ വേഗം കൈവരിക്കും. ഉയർത്തിവയ്ക്കാവുന്ന ഇലക്ട്രിക് സിസർ ഡോറുകളാണ് ഇതിനുള്ളത്. എം9 (മിഫ 9) ഒരു ആഡംബര പ്രസിഡൻഷ്യൽ ലിമോസിൻ ആണ്.2 പ്രീമിയം വാഹനങ്ങളുടെയും പ്രീ–റിസർവേഷൻ എംജി സിലക്ട് വെബ്സൈറ്റ് വഴി ആരംഭിച്ചു.