ഭാവിയുടെ താക്കോൽ നവീകരണം:രാജീവ് ചന്ദ്രശേഖർ

Mail This Article
കൊച്ചി∙ നവീകരണമാകും ഭാവിയെ രൂപപ്പെടുത്തുകയെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സർക്കാരുകളുടെയും വിജയവും പരാജയവും നിർണയിക്കാൻ പോകുന്നത് നവീകരണത്തെ എത്രത്തോളം ഉൾക്കൊള്ളുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണെന്ന് കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച ദ്വിദിന മാനേജ്മെന്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
ദുബായ് പോർട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ ഇബ്രാഹിം അൽബ്ലൂഷി, ബിസ്‌ലേരി ഇന്റർനാഷനൽ സിഇഒ ആഞ്ചലോ ജോർജ്, അബീർ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.അഹ്‌മദ് ആലുങ്കൽ, എംപിആർഎസ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് ഇന്റർനാഷനൽ ബിസിനസ് സിഇഒ യഷ് റാഡിയ എന്നിവർ പങ്കെടുത്തു.കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാൻ അധ്യക്ഷത വഹിച്ചു. കൺവൻഷൻ ചെയർ കെ.ഹരികുമാർ, ഓണററി സെക്രട്ടറി ഡോ. അനിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.

രത്തൻ ടാറ്റ എന്ന ദൈവം
ദൈവമുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ രത്തൻ ടാറ്റയിൽ ദൈവത്തെ കാണാമെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ‘രത്തൻ ടാറ്റ എ ലൈഫ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ തോമസ് മാത്യു പറഞ്ഞു. ഇന്നലെ നടന്ന സമാപന സെഷനിൽ ‘രത്തൻ ടാറ്റയുടെ ജീവിതവും കാലവും’ എന്ന വിഷയത്തിൽ കെ.എസ്.ശബരീനാഥനുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി അഫോഡബിൾ ഫാഷൻ കാലം
ഇനി ഫാഷൻ മേഖലയെ നിയന്ത്രിക്കുന്നത് അഫോഡബിൾ ഫാഷൻ ആയിരിക്കുമെന്നു ഇന്നവേറ്റിങ് ഫാഷൻ സെഷനിൽ പങ്കെടുത്ത ഡിസൈനർ റൗക്ക സ്‌ഥാപകൻ ശ്രീജിത്ത് ജീവൻ, ഗ്ലോബൽ ഫാഷൻ കൺസൽറ്റന്റ് വിനോദ് നായർ, ക്രാഫ്റ്റ് വില്ലേജ് സഹ സ്‌ഥാപക ഉമാ പ്രജാപതി, പ്രഫ. സോമേഷ് സിങ് എന്നിവർ. ഫാഷൻ മേഖലയിലെ നവീകരണം സാധ്യമാക്കാൻ ഫ്ലെക്സിബിൾ ആകണമെന്നും സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും പാനൽ അഭിപ്രായപ്പെട്ടു.
മാറ്റങ്ങളെ നിരീക്ഷിച്ച് നയാര
പുനരുപയോഗ ഊർജ മേഖലയിലേക്കും സൗരോർജം, ഹൈഡ്രജൻ ജനറേഷൻ, എഥനോൾ ഉൽപാദനം തുടങ്ങി വ്യത്യസ്ത മേഖലകളിലേക്കും നയാര എനർജി കടക്കുകയാണെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ പ്രസാദ് കെ. പണിക്കർ.
വരുന്നു, ക്വിക് കൊമേഴ്സ്
വരാൻ പോകുന്നത് ക്വിക് കൊമേഴ്‌സിന്റെ കാലമാണെന്നും ഭാവിയിൽ വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും ഇതിന്റെ ഭാഗമായി മാറുമെന്നും ബിഗ്‌ബാസ്‌കറ്റ് ഡോട്ട് കോം സഹസ്ഥാപകൻ ഹരി മേനോൻ.